Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദ്യുതി നിരക്ക് വർധന അംഗീകരിക്കാനാകില്ല; അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കെ എസ് ഇ ബിക്ക് ഉണ്ടായ ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് പുതിയ കിയാ കാർ എന്തിന്? ധവള പത്രം വേണമെന്ന് വിഡി സതീശൻ

വൈദ്യുതി നിരക്ക് വർധന അംഗീകരിക്കാനാകില്ല; അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കെ എസ് ഇ ബിക്ക് ഉണ്ടായ ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് പുതിയ കിയാ കാർ എന്തിന്? ധവള പത്രം വേണമെന്ന് വിഡി സതീശൻ

സ്വന്തം ലേഖകൻ

കൊച്ചി: വൈദ്യുത ചാർജ് വർധനവിലൂടെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കെ.എസ്.ഇ.ബിയിൽ ഉണ്ടായ സമ്പത്തിക പ്രതിസന്ധിയുടെ ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത് പ്രതിഷേധാർഹമാണ്. ജനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ കൂടുതൽ ഭാരം അടിച്ചേൽപ്പിച്ചത് നീതീകരിക്കാനാകില്ല. നിരക്ക് വർധനകൾ അടിച്ചേൽപ്പിക്കുന്ന സർക്കാർ ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കരുത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നികുത പിരിവിൽ ദയനീയമായി പരാജയപ്പെട്ടതും സർക്കാരിന്റെ ദുർചെലവുകളുമാണ് സംസ്ഥാനത്തെ ഈ അവസ്ഥയിൽ എത്തിച്ചത്. ആവശ്യമില്ലാത്ത കാര്യങ്ങൾക്കെല്ലാം പണം ചെലവഴിക്കുകയാണ്. റിസർവ് ബാങ്കിന്റെ ലേഖനത്തിൽ, ഇന്ത്യയിൽ ഏറ്റവും അപകടകരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായേക്കാവുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി കേരളം ഉണ്ടാക്കിയെടുത്തതാണ്. കമ്മി ബജറ്റിന് നൽകുന്ന കേന്ദ്ര വിഹിതവും ജി.എസ്.ടി കോപൻസേഷനും നിലയ്ക്കുന്നതോടെ ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്കെത്തും. അതിനിടയിലാണ് ധൂർത്ത്. സർക്കാരിന്റെ കട ബാധ്യത സംബന്ധിച്ചും കിട്ടാനുള്ള തുക സംബന്ധിച്ചും ധവള പത്രം ഇറക്കണം. ബാധ്യതകൾ മറിച്ച് വച്ചുകൊണ്ടാണ് ഒരു കുഴപ്പവുമില്ലെന്ന് സർക്കാർ പറയുന്നത്.

മുഖ്യമന്ത്രി കാർ വാങ്ങുന്നതിനെ കുറിച്ചല്ല പ്രതിപക്ഷം പറയുന്നത്. ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും എന്തിനാണ് എല്ലാ കാര്യങ്ങളിലും ഇത്രയും ധൂർത്ത് കാട്ടുന്നത്? തോമസ് ഐസക്കിന്റെ കാലം മുതൽക്കെ ധനകാര്യ വകുപ്പിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഒന്നും ചെയ്യാൻ പറ്റാതെ ധനകാര്യ വകുപ്പ് നിഷ്‌ക്രിയമായി നിൽക്കുകയാണ്.

രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഒന്നും ചെയ്യത്താതുകൊണ്ടാണോ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാർ ചികിത്സാ സഹായത്തിന്റെ വിവരങ്ങൾ അടങ്ങിയ ഫയലുകളെല്ലാം മോഷ്ടിച്ച് കൊണ്ട് പോയത്? വയനാട് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ രാഹുൽ ഗാന്ധി കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനം നടപ്പാക്കാനുള്ള ശേഷി ബിജെപിക്കില്ല. അതുകൊണ്ട് ആ ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തിരിക്കയാണ്. എന്നാൽ അതിനുള്ള ശേഷി സിപിഎമ്മിനും ഇല്ലെന്ന് അവരെ ഓർമ്മപ്പെടുത്തുന്നു.

വയനാട്ടിൽ മാർച്ച് നടത്തുമെന്ന് പറയുന്ന സിപിഎം ആരോടാണ് പ്രതിഷേധിക്കുന്നത്? കറൻസി കടത്തിയെന്നും ബിരിയാണി ചെമ്പ് കൊണ്ട് വന്നെന്നും പ്രതിപക്ഷ നേതാവിനെതിരെ ആരോപണമില്ല. എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാർച്ച് നടത്തി. അതുപോലെയാണ് വയനാട്ടിലെ പ്രതിഷേധവും. മൊത്തത്തിൽ നോക്കുമ്പോൾ സിപിഎമ്മിന് കിളി പറന്നു പോയോയെന്ന് സംശയമുണ്ട്. ഭീതിയുടെയും വെപ്രളത്തിന്റെയും അന്തിമഘട്ടമായ കിളി പറക്കുന്ന അവസ്ഥയിൽ സിപിഎം എത്തിച്ചേർന്നിരിക്കുകയാണ്.

2019 ഒക്ടോബർ 23-ന് പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ബഫർ സോൺ നടപ്പാക്കാൻ തീരുമാനമെടുത്തു. ഇതേ തീരുമാനം സുപ്രീം കോടതി വിധിയായി വന്നപ്പോൾ ഇടുക്കിയിലും വയനാട്ടിലും ഹർത്താലിന് ആഹ്വാനം നൽകി ജനങ്ങളെ കബളിപ്പിച്ചു. ജനങ്ങളെ ഇങ്ങനെ പറ്റിക്കാൻ സാധിക്കുമോ?-വിഡി സതീശൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP