Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കനകക്കുന്നിലെ പൂക്കളുടെ മഹാമേള കൊടിയിറങ്ങി; വസന്തോത്സവം 2019 സമാപിച്ചു; പുഷ്പസൗന്ദര്യം ആസ്വദിക്കാനെത്തിയത് ഒന്നേകാൽ ലക്ഷം പേർ; മാധ്യമപുരസ്‌കാരങ്ങളും വിതരണം ചെയ്തു

കനകക്കുന്നിലെ പൂക്കളുടെ മഹാമേള കൊടിയിറങ്ങി; വസന്തോത്സവം 2019 സമാപിച്ചു; പുഷ്പസൗന്ദര്യം ആസ്വദിക്കാനെത്തിയത് ഒന്നേകാൽ ലക്ഷം പേർ; മാധ്യമപുരസ്‌കാരങ്ങളും വിതരണം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തുനാൾ കനകക്കുന്നിനെ വർണവിസ്മയത്തിലാറാടിച്ച വസന്തോത്സവം പുഷ്പമേള കൊടിയിറങ്ങി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുഷ്പമേളയെ പതിവുപോലെ ഇത്തവണയും അനന്തപുരി ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒന്നേകാൽ ലക്ഷം സന്ദർശകരാണ് ഈ വർണവസന്തം ആസ്വദിക്കാനെത്തിയത്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിൽ തുടങ്ങി സൂര്യകാന്തി ഓഡിറ്റോറിയത്തിനു സമീപം വരെ ഇരുവശത്തുമായി പതിനായിരക്കണക്കിനു പൂച്ചെടികളും അത്യപൂർവ സസ്യങ്ങളുമാണ് ആസ്വാദകരെ വരവേറ്റത്.

ആന്തൂറിയം, ഡാലിയ, റോസ്, ജമന്തി തുടങ്ങിയ വർണപൂഷ്പങ്ങളും കള്ളിമുൾചെടികളും ബോൺസായികളും സന്ദർശകർക്ക് കൗതുകമായി. അഡീനിയം, കാർണേഷ്യം, ക്രിസാന്തിമം, ചൈനീസ് റോസ് തുടങ്ങിയവയും മേളയയ്ക്ക് വ്യത്യസ്തത പകർന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിൽ നിന്നുകൊണ്ടുവന്ന അത്യപൂർവ ഓർക്കിഡ് ഇനമായ സിംപീഡിയം കാണാൻ മാത്രം ആയിരക്കണക്കിനു പേരാണ് മേളയ്ക്കെത്തിയത്.

വസന്തോത്സവത്തിനൊപ്പം സജ്ജീകരിച്ച ഭക്ഷമേളയിലും ഏറെ തിരക്കായിരുന്നു പത്തു ദിവസവും. മലബാർ ഭക്ഷ്യമേളയും, വൈവിധ്യമാർന്ന കുടുംബശ്രീ വിഭവങ്ങളും ഒപ്പം കെ.റ്റി.ഡി.സിയുടെ രാമശ്ശേരി ഇഡലിയും കുംഭകോണം കാപ്പിയും മേളയ്ക്കെത്തിയവരുടെ വയറും മനസും നിറച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ കാർഷികോത്പന്ന വിപണന മേളയിലെ കരകൗശല വസ്തുക്കൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. കലർപ്പില്ലാത്ത സോളാർ ഡ്രൈഡ് ഉണക്കമീൻ പരിചയപ്പെടുത്താൻ ഫിഷറീസ് വകുപ്പും മറന്നില്ല.

വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും വ്യത്യസ്തത പുലർത്തി. വനം വകുപ്പിന്റെ കൃതൃമ കാടും, എക്സൈസ് വകുപ്പിന്റെ ലഹരിവിമുക്ത സന്തേശമുൾക്കൊള്ളിച്ച വിവിധ മത്സരങ്ങളും കുട്ടികളെ ഏറെ ആകർഷിച്ചു. കനകക്കുന്ന് കൊട്ടാരത്തിനുള്ളിൽ സജ്ജീകരിച്ച പുഷ്പാലങ്കാരമായിരുന്നു മേളയിലെ മറ്റൊരു ആകർഷണം. ഓർക്കിഡ് ലേഡിയും പുഷ്പങ്ങൾ കൊണ്ടു തീർത്ത മയിലും അരയന്നവും മറ്റു രൂപങ്ങളും ചിത്രീകരിക്കാൻ വൻ തിരക്കായിരുന്നു.

ഗോത്ര സംസ്‌കാരത്തെ വിളച്ചറിയിച്ച് ഏറുമാടവും അവരുടെ പാരമ്പര്യ ചികിത്സാരീതിയും നവ്യാനുഭവമായി. സന്ദർശക സുരക്ഷയ്ക്കായി മാതൃകാപരമായ സേവനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. 24 സുരക്ഷാ ക്യാമറകളാണ് കനകക്കുന്നിന് മുക്കിലും മൂലയിലുമായി പൊലീസ് സജ്ജീകരിച്ചത്. തിരക്ക് അധികമുള്ള ദിവസങ്ങളിൽ ഡ്രോൺ പറത്തിയും സുരക്ഷയൊരുക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി ദിവസേന പ്രത്യേകം പട്രോളിങ് നടത്താനും പൊലീസ് മറന്നില്ല.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ വസന്തോത്സവത്തിന്റെ സമാപന ചടങ്ങും ഈ വർഷത്തെ നിശാഗന്ധി നൃത്തോത്സവവും ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക് ഗവർണർ സമ്മാനിച്ചു. വസന്തോത്സവത്തിലെ വിവിധ പ്രദർശന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും മാധ്യമ പുരസ്‌കാരങ്ങളും ഗവർണർ വിതരണം ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. മുരളീധരൻ എംഎ‍ൽഎ, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവർ പങ്കെടുത്തു.

ജൊവാനയും ആൻ ലിയയും പുഷ്പറാണിമാർ ആരുഷ് പുഷ്പരാജ

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വസന്തോത്സവത്തോടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ നടന്ന പുഷ്പരാജ - പുഷ്പറാണി മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മലയിൻകീഴ് അമ്പാടി നഗർ അരുണോദയത്തൽ എ. ആരുഷ് സീനിയർ വിഭാഗം പുഷ്പരാജയായും, വലിയതുറ വള്ളക്കടവ് ഷിബി ഭവനിൽ ആൻ ലിയാ രാജ് സീനിയർ വിഭാഗം പുഷ്പ റാണിയായും തെരഞ്ഞെടുക്കപ്പെട്ടു.

ആറു മുതൽ പത്തു വയസ് വരെയുള്ള കുട്ടികളാണു സീനിയർ വിഭാഗത്തിൽ മത്സരിച്ചത്. ഒന്നു മുതൽ അഞ്ചു വയസ് വരെ പ്രായമുള്ളവരുടെ ജൂനിയർ വിഭാഗം മത്സരത്തിൽ കുറവൻകോണം ഷെഷെയർ ഹോം ലെയിൻ ജോവാന സൂസൻ ബിനു പുഷ്പ റാണിയായി തെരഞ്ഞെടുക്കപ്പെട്ടു.

വസന്തോത്സവം മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ടൂറിസം വകുപ്പ് കനക്കുന്നിൽ സംഘടിപ്പിച്ച വസന്തോത്സവത്തിലെ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. അച്ചടി മാധ്യമങ്ങളിൽ മികച്ച റിപ്പോർട്ടിങിനുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് തിരുവനന്തപുരം ബ്യൂറോയിലെ മെറിൻ മറിയയും മെട്രോ വാർത്ത തിരുവനന്തപുരം ബ്യൂറോയിലെ ശ്രീജിഷ പ്രസന്നനും പങ്കുവച്ചു. മീഡിയ വൺ തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ കൃപ നാരായണനാണ് ദൃശ്യ മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടിങിനുള്ള പുരസ്‌കാരം.

മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിലെ റിങ്കു രാജ് മട്ടാഞ്ചേരിയിലിനു സമ്മാനിച്ചു. ക്ലബ് എഫ്.എമ്മിനാണു മികച്ച റേഡിയോ സമഗ്ര കവറേജിനുള്ള പുരസ്‌കാരം. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP