Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

പ്രതിയെ കാക്കാൻ ചുമതലയുള്ള എസ്‌ഐ ദൗത്യത്തിൽ വീഴ്ച വരുത്തി; ശ്രീജിത്ത് വെള്ളം ചോദിച്ചപ്പോൾ കൊടുക്കാനെത്തിയ അമ്മയെ ആട്ടിയോടിച്ചു; പ്രതിയെ കൊല്ലാൻ മുൻവിധിയോടെയുള്ള പ്രവൃത്തിയോയെന്ന് സംശയം; വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങൾക്ക് പിന്നാലെ എസ്‌ഐ ദീപക്കും അറസ്റ്റിൽ

പ്രതിയെ കാക്കാൻ ചുമതലയുള്ള എസ്‌ഐ ദൗത്യത്തിൽ വീഴ്ച വരുത്തി; ശ്രീജിത്ത് വെള്ളം ചോദിച്ചപ്പോൾ കൊടുക്കാനെത്തിയ അമ്മയെ ആട്ടിയോടിച്ചു; പ്രതിയെ കൊല്ലാൻ മുൻവിധിയോടെയുള്ള പ്രവൃത്തിയോയെന്ന് സംശയം; വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ  റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങൾക്ക് പിന്നാലെ എസ്‌ഐ ദീപക്കും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ, റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങളെ അറസ്റ്റ് ചെയ്തതിന്പിന്നാലെ, എസ്‌ഐ ദീപക്കും അറസ്റ്റിലായി. ദീപക്കിനെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. ശ്രീജിത്തിനെ മർദ്ദിച്ചത് ദീപക്കിന്റെ നേതൃത്വത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ നാലാം പ്രതിയാക്കിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കേസിൽ ആരോപണ വിധേയനായിരുന്ന ദീപകിനെ രാവിലെ മുതൽ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിൽ പറവൂർ സിഐ സാം ക്രിസ്പിൻ, എസ്‌ഐ ദീപക്ക് എന്നിവർക്ക് ഗുരുതരമായ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനും അറസ്റ്റ് ചെയ്യാനും തീരുമാനമായത്. വീടുവളഞ്ഞ് രാത്രിയിൽ ക്രൂരമായി മർദ്ദിച്ച് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആലുവ റൂറൽ പൊലീസ് മേധാവി എ.വി. ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങളായ ജിതിൻരാജ്, സന്തോഷ് കുമാർ, സുമേഷ് എന്നീ പൊലീസുകാരെ നേരത്തെ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

സ്‌റ്റേഷന്റെ ചുമതലക്കാരനായ എസ്‌ഐ ദീപക് സിഐ. ഏൽപ്പിച്ച പ്രതിയെ നോക്കേണ്ട ദൗത്യമുള്ള ഉദ്യോഗസ്ഥനാണ്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്ന് അന്വേഷണ സംഘം വിലയിരുത്തി. വെള്ളം ചോദിച്ച ശ്രീജിത്തിന് അതു നൽകാനെത്തിയ അമ്മ ശ്യാമളയെ സ്‌റ്റേഷനിൽ നിന്ന് ആട്ടിയോടിച്ചത് പ്രതിയെ കൊല്ലുന്നതിന് മുൻവിധിയോടെയുള്ള പ്രവൃത്തിയാണോയിതെന്ന് പരിശോധിക്കണമെന്നും അന്വേഷണ സംഘം വിലയിരുത്തി.

ദീപക്കിനെ അറസ്്റ്റ് ചെയ്യുന്ന ദിവസം എസ്‌ഐ തിരുവനന്തപുരത്തായിരുന്നു. ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന എസ്‌ഐ അറസ്റ്റ് വിവരം അറിഞ്ഞ് ബൈക്കോടിച്ചാണ് പാതിരാത്രി എത്തിയത്. അവധി റദ്ദാക്കേണ്ടി വന്ന നിരാശ മുഴുവൻ ലോക്കപ്പിലുള്ളവരിൽ തീർത്തുവെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. എസ് ഐയുടെ മർദ്ദനമാണ് മരണകാരണമെന്നും ക്രൈംബ്രാഞ്ച് ഉറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

ശ്രീജിത്തിനെ റൂറൽ ടൈഗർ ഫോഴ്‌സ് അവശനിലയിലാക്കിയിട്ടാണ് സ്റ്റേഷനിലെത്തിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇതിന് പിന്നാലെ എസ്ഐ ദീപക്കും സ്റ്റേഷനിൽ എത്തി രാത്രി രണ്ട് മണിയോടെ മർദ്ദിച്ചുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ഭാര്യവീട്ടിലായിരുന്ന എസ്ഐ ദീപക് റൂറൽ എസ്‌പിയുടെ നിർദ്ദേശ പ്രകാരമാണ് അർദ്ധരാത്രി സ്റ്റേഷനിൽ എത്തിയത്. സ്റ്റഷനിലെത്തിയ അമ്മയോട് ശ്രീജിത്ത് വെള്ളം ചോദിച്ചതിനെതുടർന്ന് അവർ വെള്ളവുമായി വന്നെങ്കിലും, നൽകാൻ അനുമതി കൊടുത്തില്ലെന്ന ആരോപണവും ദീപക്കിനെതിരെയുണ്ട്. ഇത് ദീപക്ക് സമ്മതിച്ചു. 50 ദിവസത്തിനുള്ളിൽ തന്നെ പൂർണ്ണ കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്തുകൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ വിട്ടുമാറുന്നില്ലെന്ന് ഇപ്പോഴും നാട്ടുകാർ പറയുന്നു. ശ്രീജിത്തിന് മർദ്ദനമേറ്റ ദിവസം വരാപ്പുഴ എസ്ഐ ദീപക്ക് ഭാര്യയുടെ നെടുമങ്ങാടുള്ള വീട്ടിലായിരുന്നു.പ്രതികളെ കസ്റ്റഡിയിലെടുത്ത ദിവസം അർദ്ധരാത്രിയിൽ തന്നെ ദീപക്ക് ധൃതി പിടിച്ച് ബൈക്കുമായി വരാപ്പുഴയിലേക്ക് തിരിച്ചത് ആരുടെ നിർദ്ദേശപ്രകാരമാണ് എന്നതാണ് അന്വേഷണ സംഘം ഉന്നയിക്കുന്ന ചോദ്യം ഇതിന് കൃത്യമായി ഉത്തരം ഇതുവരെയും ദീപക് നൽകിയിട്ടില്ല. നെടുമങ്ങാട് നിന്നും 216 കിലോമീറ്റർ ഉണ്ട് വരാപ്പുഴയിലേക്ക് ഏകദേശം ആറുമണിക്കൂർ സമയം. ഇത്രയും റിസ്‌ക്കെടുത്ത് എത്തിച്ചേരണ്ട ആവശ്യകതയെന്തെന്നാണ് നാട്ടുകാരും ചോദിക്കുന്നത്.

എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് അമ്മ ശ്യാമള മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മൂന്നു ആർ.ടി.എഫ് ഉദ്യോഗസ്ഥരെ കൂടാതെ പറവൂർ സിഐയും റൂറൽ എസ്‌പി എ.വി ജോർജും കൊലപാതകത്തിൽ ഉത്തരവാദികളാണെന്നാണ് ശ്യാമളയുടെ ആരോപണം. എന്നാൽ എസ് പിയെ കേസിൽ പ്രതിയാക്കില്ല. വാസുദേവന്റെ ആത്മഹത്യയെ തുടർന്നാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. ഒരു സംഘം വാസുദേവന്റെ വീട്ടിൽ അക്രമം കാട്ടി. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. ഈ കേസ് വിവാദമായതോടെ പ്രത്യേക സംഘത്തെ പ്രതികളെ പിടിക്കാൻ എസ് പി നിയോഗിച്ചു. അതിന് അപ്പുറം ഒന്നും ഈ കേസിൽ എസ് പി ചെയ്തതായി തെളിവ് അന്വേഷണ സംഘത്തിന് കിട്ടിയില്ല. അതുകൊണ്ട് തന്നെ എസ് പിയെ പ്രതിയാക്കില്ല.

എന്നാൽ ഇടി സംഘങ്ങളെ എസ് പിമാരുടെ പ്രത്യേക സംഘത്തിൽ വേണ്ടെന്ന് ഡിജിപി നിർദ്ദേശിച്ചിരുന്നു. ഇത് എസ് പി പാലിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇതിനുള്ള വകുപ്പ് തല നടപടി എസ് പിക്കെതിരെ ഉണ്ടാകും. എ വി ജോർജിന്റെ മൊഴിയെുക്കാൻ ഡിജിപി അനുമതി നൽകിയിട്ടുണ്ട്. എവി ജോർജിന്റെ ഡിഐജിയായുള്ള പ്രമോഷനേയും കേസ് ബാധിക്കും. ജോർജിന് തൽകാലം പ്രമോഷൻ നൽകില്ലെന്നാണ് സൂചന. വരാപ്പുഴ കേസിൽ ദക്ഷിണ മേഖല എഡിജിപി അനിൽകാന്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ, ഐജി ശ്രീജിത്തിന് പുറമേ ഡിവൈഎസ്‌പി ജോർജ് ചെറിയാൻ, കെ സി ഫിലിപ്പ്, സുദർശൻ എന്നിവരുമുണ്ട്.

വരാപ്പുഴ കസ്റ്റഡിമരണത്തിൽ പൊലീസിനെ വെട്ടിലാക്കിയത് പ്രധാനസാക്ഷി ഗണേശാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. മാനസിക വിഭ്രാന്തിയുള്ള ഗണേശിന്റെ വാക്ക് കേട്ടതാണ് വിനയായത്. ശ്രീജിത്തിനെ പിടികൂടുമ്പോൾ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന ആളായിരുന്നു ഗണേശ്. ശ്രീജിത്തിനെ പിടികൂടുമ്പോൾ താൻ തെറ്റ് ചെയ്തില്ലെന്ന് ആവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ ഗണേശിന്റെ വാക്കുകൾ മുഖവലിക്കെടുത്ത റൂറൽ ടൈഗർ ഫോഴ്‌സ് ശ്രീജിത്തിനെ കൈകാര്യം ചെയ്തു. ശ്രീജിത്തിനെ ചൂണ്ടിക്കാട്ടിക്കൊടുത്ത ഗണേശിന് മാനസിക പ്രശ്‌നമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. ഇതോടെ ശ്രീജിത്തിനെ ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയാണ്.

വാസുദേവന്റെ വീടാക്രമണവും തുടർന്നുള്ള ആത്മഹത്യയും ഏറെ ചർച്ചയായിരുന്നു. ഇതോടെ പൊലീസ് സമ്മർദ്ദത്തിലായി. വാസുദേവന്റെ ആത്മഹത്യയെ തുടർന്നുള്ള പ്രതിസന്ധിയെ മറികടക്കാനാണ് ടൈഗർ ഫോഴ്‌സ് വരാപ്പുഴയിലെത്തിയത്. ഇതിൽ അംഗങ്ങൾ ആദ്യമായാണ് ഇവിടെ എത്തിയത്. ആരേയും പരിചയവുമില്ല. പൊലീസിനെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ കഴിയുന്നത്ര പ്രതികളെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് വാസുദേവന്റെ സഹോദരൻ ഗണേശിനെ ഒപ്പം കൂട്ടിയത്. മാനസിക പ്രശ്‌നമുള്ള ഗണേശ് ചുണ്ടിക്കാട്ടിയത് ശ്രീജിത്തിന്റെ വീട്ടിലേക്കും. അങ്ങനെ അവിടെ മൂന്നംഗ സംഘം മഫ്തിയിൽ എത്തി. വരാന്തയിൽ കിടക്കുകയായിരുന്ന ശ്രീജിത്തിനെ പിടികൂടി. പൊലീസുകാരാണ് എന്ന് പോലും മനസ്സിലാകാതെ കുതറി മാറി. ഇത് പ്രകോപനമായി. ശ്രീജിത്തിനെ പൊലീസുകാർ കൈകാര്യം ചെയ്തു. ഇത് ബോധ്യമായതു കൊണ്ടാണ് മൂന്ന് പൊലീസുകാരെ പ്രതിയാക്കിയത്.

അതിനിടെ കേസിൽ തങ്ങളെ ബലിയാടാക്കുന്നുവെന്നും വ്യക്തമായ ഗൂഢാലോചന നടക്കുന്നുവെന്നും അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്സ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. സന്തോഷ് കുമാർ, ജിതിൻ രാജ്, സുമേഷ് എന്നീ ആർ.ടി.എഫ് ഉദ്യോഗസ്ഥരുടേതാണ് പൊലീസിനെതിരെ ഗുരതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ. നുണ പരിശോധനയ്ക്ക് ഞങ്ങൾ തയ്യാറാണ്. കോടതിയെ മാത്രമെ വിശ്വാസമുള്ളൂ. ഞങ്ങളെ ബലിയാടാക്കി യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം തങ്ങൾക്കും നീതി ലഭിക്കണമെന്നും സന്ദേശത്തിൽ പരാമർശിക്കുന്നു. കൈയിലുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ജോലിയോടുള്ള ആത്മാർഥയുള്ളതിനാലാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് ഇതിന് അഭിനന്ദനവും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ആർ.ടി.എഫുകാർ പറയുന്നു.

ഏഴോളം വീടുകളിൽ പരിശോധന നടത്തിയതിന് ശേഷമാണ് ശ്രീജിത്തിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത്. ശ്രീജിത്തിന്റെ അമ്മയും ഭാര്യയുമാണ് തങ്ങൾക്കൊപ്പം ശ്രീജിത്തിനെ വിട്ടതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ നുണപരിശോധന നടത്തണമെന്ന് ആർ.ടി.എഫുകാരുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. ആരുടെയൊക്കെയോ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അതിനിടെ പറവൂർ സിഐയുടെ നിർദ്ദേശ പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസുകാർക്ക് കൈമാറിയതെന്നും ബന്ധുക്കൾ പറഞ്ഞു.

എന്നാൽ കേസിൽ സി ഐയെ ബന്ധിപ്പിക്കുന്ന തെളിവൊന്നും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടില്ല. കൊലപാതകത്തെ കസ്റ്റഡി മരണമല്ലാതെയാക്കാൻ സി ഐ ചില ഇടപെടൽ നടത്തി. ഈ സാഹചര്യത്തിൽ വകുപ്പ് തല നടപടി മാത്രമേ സിഐയ്‌ക്കെതിരെ വരികെയുള്ളൂ. കേസിൽ പ്രതിയാക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP