Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

സിനിമാ ആസ്വാദകർക്ക് പുത്തൻ അനുഭവം പകരാൻ പെൺഫിലിം ഫെസ്റ്റ് ; കൊച്ചിയിൽ പ്രദർശിപ്പിക്കുന്ന ഒൻപത് പെൺസിനിമകളുടെ പാക്കേജ് ഉദ്ഘാടനം ചെയ്യുന്നത് കെ.ആർ മീര; കേരളത്തിന്റെ സാഹചര്യത്തിൽ സ്ത്രീകളെ ഫോക്കസ് ചെയ്യുന്ന ഒൻപത് ചിത്രങ്ങളുടെ ദൃശ്യ വിരുന്നൊരുക്കി സ്ത്രീ സംവിധായകർ

സിനിമാ ആസ്വാദകർക്ക് പുത്തൻ അനുഭവം പകരാൻ പെൺഫിലിം ഫെസ്റ്റ് ; കൊച്ചിയിൽ പ്രദർശിപ്പിക്കുന്ന ഒൻപത് പെൺസിനിമകളുടെ പാക്കേജ് ഉദ്ഘാടനം ചെയ്യുന്നത് കെ.ആർ മീര; കേരളത്തിന്റെ സാഹചര്യത്തിൽ സ്ത്രീകളെ ഫോക്കസ് ചെയ്യുന്ന ഒൻപത് ചിത്രങ്ങളുടെ ദൃശ്യ വിരുന്നൊരുക്കി സ്ത്രീ സംവിധായകർ

മറുനാടൻ ഡെസ്‌ക്‌

ആഗോളതലത്തിൽ സ്ത്രീകൾ വളരെ മുമ്പു തന്നെ സിനിമയെ തങ്ങളുടെയും കൂടി മാധ്യമമായി അവകാശപ്പെട്ടപ്പോൾ മലയാള സിനിമയിൽ സ്ത്രീകൾ സിനിമയെ സ്വന്തമാക്കുവാൻ ഏറെ വൈകിയതായി തോന്നാം. രണ്ടുദശകങ്ങളായി ലോകത്തിന്റെ പല രാജ്യങ്ങളിൽ നിന്നായി സ്ത്രീകൾ കൂട്ടത്തോടെ ചലച്ചിത്ര മേഖലയിലേക്കു ധീരമായ കാഴ്ചപ്പാടോടെ കടന്നുവരുന്ന പ്രവണത ശക്തമായിട്ടുണ്ട്.

മലയാള സിനിമയുടെ പുറത്തും അകത്തും തൊഴിൽപരമായി സ്ത്രീകൾക്ക് വേണ്ടത്ര നീതിയും സംരക്ഷണവും ലഭിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം പ്രമുഖനടികൾ ഉൾപ്പെട്ട സ്ത്രീ സംഘം മുഖ്യമന്ത്രിയെ നേരിൽകണ്ട് വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. നടിമാർ, സംവിധായികമാർ, തിരക്കഥാകൃത്ത്, ഗായകർ, മെയ്‌ക്ക്അപ്പ് ഇങ്ങനെ സ്ത്രീ ഇടപ്പെടുന്ന സിനിമയുടെ എല്ലാ മേഖലയിലുള്ളവരെ ഉൾപ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

Stories you may Like

സ്ത്രീയുടെ ശക്തമായ സാന്നിധ്യവും മലയാള സിനിമയിൽ നിലനിർത്താൻ എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച വിമൺ ഇൻ സിനിമ കളക്ടീവ് എന്ന സ്ത്രീ കൂട്ടായ്മ ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിരിക്കും.കഥാർസിസ് (ഇന്ദിര സെൻ , ഹോമേജ്), ഇന്ദു (അനഘ ആനന്ദ്) , അകം (ശ്രീദേവി), ഒരേ ഉടൽ ( ആശ ആച്ചി ജോസഫ് ), ഗി (കുഞ്ഞില) ഞാവൽ പഴങ്ങൾ (ജീവ.കെ.ജെ.) , ഐ ടെസ്റ്റ് (സുധ പത്മജ ഫ്രാൻസിസ്), ഋതം (ശിവരഞ്ജിനി), രുചിഭേദം (തീർത്ഥ മൈത്രി) എന്നീ ഒമ്പതു ചിത്രങ്ങൾ ക്രിയാത്മകമായും രാഷ്ട്രീയപരമായും ദൃശ്യമാധ്യമം എന്ന നിലയിൽ ഒരുപടി മുന്നോട്ട് നയിക്കുന്നുവെന്ന് ക്യൂറേറ്റർ അർച്ചന പത്മിനി പറയുന്നു.

വുമൺ ഇൻ സിനിമാ കളക്റ്റീവും മാമാങ്കം ഡാൻസും ചേർന്നാണ് മിനിമൽ സിനിമയുടെ സഹകരണത്തോടെ ഈ പെൺ ഫിലിംഫെസ്റ്റ് അവതരിപ്പിക്കുന്നത്. എഴുത്തുകാരി കെ.ആർ മീര അതിഥിയായി പങ്കെടുക്കുന്ന മേള രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെ നീ്ണ്ടുനിൽക്കുന്ന ഒമ്പതുപെൺസിനിമകളുടെ പാക്കേജ് കൊച്ചി കലൂരിൽ ഒക്ടോബർ രണ്ടിന് പ്രദർശിപ്പിക്കും.

കേരളത്തിന്റെ സാഹചര്യത്തിൽ സ്ത്രീകളെ ഫോക്കസ് ചെയ്യുന്ന സിനിമകളാണ് ഈ ഒമ്പതെണ്ണമെന്ന് അർച്ചന പറയുന്നു. ഒമ്പതു തരം സിനിമകൾ, ഒമ്പതു കാഴ്ചകൾ, വല്ല്യ മുദ്രാവാക്യങ്ങളോ ബഹളങ്ങളോയില്ലാതെ ഇവർ സത്യസന്ധമായ കൈയൊതുക്കത്തോടെ തങ്ങളുടെ സൃഷ്ടികൾ ദൃശ്യവത്കരിച്ചിട്ടുണ്ട്. സ്ത്രീ പുരുഷന്റെ നിഴലായി, ഭാര്യയായി, കാമുകിയായി എന്നതിനപ്പുറം സ്ത്രീ ഒരു വ്യക്തിയാകുന്ന ഇടങ്ങളാണ് ഈ സിനിമകൾ കാണിക്കുന്നത്.

ഈ സംവിധായകർ സിനിമയെക്കുറിച്ച് പരിശീലിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കാണുന്ന സ്ത്രീകളും അദ്ധ്യാപകരുമൊക്കെയാണ്. ഈ സിനിമകൾ ജനങ്ങളിലേക്കു എത്തണം. സിനിമ എന്ന മാധ്യമത്തെ ഏറെ രസകരമായും സൂക്ഷമമായും പരീക്ഷണാത്മകമായും ഈ സംവിധായകർ കാണാൻ ശ്രമം നടത്തിയിട്ടുണ്ട്. തുടർന്നും സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഈ ഒമ്പതുപെൺ സംവിധായകർ എന്ന് അർച്ചന പറയുന്നു. 200 രൂപയാണ് ഡെലിഗേറ്റ് പാസ്. ഫോൺ: 8592857898


1 'കഥാർസിസ് ' ഇന്ദിര സെൻ ( ഹോമേജ്)

അന്തരിച്ച സംവിധായിക, ഇന്ദിരയെ ഓർത്തെടുത്തുകൊണ്ട് ഇന്ദിരയുടെ സിനിമ പ്രദർശിപ്പിക്കുന്നു. കൊടിയുടെ നിറത്തെ പ്രതിരാഷ്ട്രീയ കൊലപാതകങ്ങളെ അളക്കുന്ന തരം സാമൂഹികബോധത്തെ പ്രശ്നവത്കരിക്കുന്ന സിനിമ. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും വിബ്ജിയോർ ചലച്ചിത്രോത്സവത്തിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018, ഐ.ഡി.എസ്.എഫ്.എഫ്.കെ യിൽ ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

2. 'ഇന്ദു' അനഘ ആനന്ദ്

കെആർ മീരയുടെ 'മരിച്ചവളുടെ കല്യാണം' എന്ന കഥയിൽനിന്നും പ്രചോദനമുൾക്കൊണ്ട് എടുത്ത ചിത്രമാണ് ഇന്ദു. കേരളത്തിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന പ്രണയം, അതിന്റെ ഒരേസമയം സ്വാഭാവികവും അസ്വാഭാവികവുമായ മരണം. പതിനൊന്നാമത് ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ബംഗ്ലാദേശ്, അല്പവിരാമ 2018, ഐഎഡബ്ലൂ. ആർടി ഏഷ്യൻ വുമൺ'സ് ഫിലിം ഫെസ്റ്റിവൽ ന്യൂഡൽഹി, എന്നിങ്ങനെയുള്ള ചലച്ചിത്രോത്സവങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമ. എൻഐഡിയിലെ പഠനത്തിന്റെ ഭാഗമായാണ് സിനിമ സംഭവിച്ചത്.

3. 'അകം' ശ്രീദേവി

വാർദ്ധക്യത്തിലെത്തിയ ഒരു സ്ത്രീയുടെ ഓർമകളിലൂടെ, അവർ പെട്ടുകിടക്കുന്ന ഭൂതകാല ദൃശ്യങ്ങളിലൂടെ ഒരു സഞ്ചാരം. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിലെ പഠനത്തിന്റെ ഭാഗമായുണ്ടായ പ്രൊജക്റ്റ്.

4. 'ഒരേ ഉടൽ' ആശ ആച്ചി ജോസഫ്

ഒരു കന്യാസ്ത്രീക്ക് നേരിടേണ്ടിവരുന്ന ക്രൂരമായ അതിക്രമം പ്രതിപാദ്യവിഷയമാകുന്നു. ശരീരത്തെ, ശുദ്ധിയെ ഒക്കെ സംബന്ധിച്ച സൂക്ഷ്മമായ ഇടപെടലുകളുണ്ട് 'ഒരേ ഉടലി'ൽ.
സൺറൈസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാനഡ, റഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മോസ്‌കോ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, മാമി ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഇൻഡോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഹോളിവുഡ് സ്‌കൈ ഫിലിം ഫെസ്റ്റിവൽ ലോസ് ആഞ്ജലെസ്, ,എന്നിങ്ങനെ ഒട്ടനവധി മേളകളിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം.
ഫിലിപ്പീൻസിലെ ഐ ചിൽ സ്പാനിഷ് കഫേ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം സജിതാ മഠത്തിലിന് നേടിക്കൊടുത്ത ചിത്രം.

5. 'ഗി' കുഞ്ഞില

കൽക്കത്തയിൽ ജീവിച്ചുപോകുന്ന അച്ഛനും മകളും. ജീവിക്കുന്ന രാഷ്ട്രീയസാമൂഹിക സാഹചര്യം സൂക്ഷ്മമായി കടന്നുവരുന്നു. യൗവ്വനവും വാർദ്ധക്യവും , അതിനിടയിലെ സമരസപ്പെടലും ജീവിതവും ചലച്ചിത്രകാരി കയ്യൊതുക്കത്തോടെ വരച്ചുവയ്ക്കുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള, സൈൻസ് ഫിലിം ഫെസ്റ്റിവൽ, ലൈറ്റ്സോഴ്സ് ഫിലിം ഫെസ്റ്റിവൽ, തുടങ്ങിയ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. സൈൻസ് ഫിലിം ഫെസ്റ്റിവലിൽ, ഫിലിം ഫെഡറേഷൻ നൽകുന്ന മികച്ച മലയാള ഹ്രസ്വചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 2018, ഐ.ഡി.എസ്. എഫ്എഫ്കെ യിലെ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രവുമായിരുന്നു

6. 'ഞാവൽ പഴങ്ങൾ' ജീവ കെ ജെ

കുട്ടിക്കാലത്തിന്റെ ഓർമയിലൂടെ നിറം എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത്, നമുക്കിടയിൽ ഇടപെടുന്നത് എന്നന്വേഷിക്കുന്ന സിനിമ. കുഞ്ഞുങ്ങളിൽ വംശീയത രൂപം കൊള്ളുന്നതെങ്ങനെയെന്ന് വരച്ചുകാട്ടുന്നു. നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാംഗ്ലൂരിലെ ഫെസ്റ്റെലൻ ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കും സിനിമറ്റോഗ്രാഫിക്കും സംവിധാനത്തിനും പുരസ്‌കാരങ്ങൾ. 'മുഖങ്ങൾ' എന്ന ചെന്നൈയിൽ നിന്നുള്ള മാഗസിന്റെ മികച്ച തിരക്കഥക്കും ബാലതാരത്തിനുമുള്ള അവാർഡുകൾ നേടി.

7. ഐ ടെസ്റ്റ് ' സുധപത്മജ ഫ്രാൻസിസ്

പലകാലങ്ങളിലൂടെ , ഓർമകളിലൂടെ സഞ്ചരിക്കുന്ന സിനിമ. അമ്മയെ, കുട്ടിക്കാലത്തെ ഒക്കെ കുറിക്കുന്ന, അമ്മയേയും മകളേയും തമ്മിൽ കൂട്ടിയിണക്കുന്ന ആ കണ്ണിയിലെത്തിപ്പെടുന്ന, കവിതയാകാനോങ്ങുന്ന സിനിമ. നോൺ ഫീച്ചർ വിഭാഗത്തിലെ മികച്ച സിനിമറ്റോഗ്രാഫിക്കുള്ള അറുപത്തെട്ടാമത് ദേശീയ പുരസ്‌കാരം അപ്പു പ്രഭാകറിന് നേടിക്കൊടുത്ത ചിത്രം. കൊൽക്കത്തയിലെ സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഋത്വിക് ഘട്ടക്കിന്റെ പേരിലുള്ള പുരസ്‌കാരവും ബെസ്റ്റ് സിനിമാറ്റോഗ്രഫി അവാർഡും. വുഡ്പെക്കർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ന്യൂ ഡൽഹി, ബെർലിൻ ഫെമിനിസ്റ്റ് ഫിലിം വീക്ക്, കിനോഫിലിം മാഞ്ചസ്റ്റർ ഷോർട്ട് ഫിലിം ആൻഡ് ആനിമേഷൻ ഫെസ്റ്റിവൽ, ജഫ്ന ഇന്റർനാഷണൽ സിനിമ ഫെസ്റ്റിവൽ, ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങി അനവധി ചലച്ചിത്രമേളകളിലൂടെ സഞ്ചരിക്കുന്നു. റീഡിങ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന്റെ ഭാഗമായ സിനിമ.

8. 'ഋതം' ശിവരഞ്ജിനി.

ഒറ്റയ്ക്ക് മകളെ വളർത്തുന്ന അമ്മ. അമ്മയും മകളും, ബാല്യകൗമാര സംഘർഷങ്ങളും നിറയുന്ന കഥാതന്തു. 'ഋതം' ടോട്ടോ ഫിലിം അവാർഡ് ലിസ്റ്റിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എൻ. ഐ. ഡി യിലെ പഠനത്തിന്റെ ഭാഗമായുണ്ടായ സിനിമ.

9. 'രുചിഭേദം' തീർത്ഥ മൈത്രി

മാമ്പഴ പുളിശേരി തയ്യാറാക്കുന്ന രണ്ടു സഹോദരിമാർ, അവരുടെ അമ്മയുമായുള്ള സംഭാഷണം, അതിൽ ഉരുത്തിരിയുന്ന സിനിമ. ലളിതവും രസകരവുമായ ആഖ്യാനശൈലി. ഐഡിഎസ്എഫ്എഫ്കെ 2018, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ബിഐഎസ്എഫ്എഫ് 2018 , സൈൻസ് ഫെസ്റ്റിവൽ തുടങ്ങിയ മേളകളിൽ ഭാഗമായ സിനിമ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP