Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202221Friday

ക്ലാസ്മുറിക്കപ്പുറമുള്ള അറിവ് വിദ്യാർത്ഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും; വിക്ടേഴ്‌സ് ചാനലിലെ പുതിയ പരിപാടികൾ ഈ ലക്ഷ്യത്തോടെയാണെന്നും മന്ത്രി വി. ശിവൻകുട്ടി

ക്ലാസ്മുറിക്കപ്പുറമുള്ള  അറിവ് വിദ്യാർത്ഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും; വിക്ടേഴ്‌സ് ചാനലിലെ പുതിയ പരിപാടികൾ ഈ ലക്ഷ്യത്തോടെയാണെന്നും മന്ത്രി വി. ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്ലാസമുറികൾക്കപ്പുറമുള്ള അറിവ് വിദ്യാർത്ഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൈറ്റ് വിക്‌റ്റേഴ്‌സ് ചാനലിൽ പുതുതായി സംപ്രേഷണം തുടങ്ങുന്ന 10 പരമ്പരകൾ ഈ ലക്ഷ്യം വച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സിലെ പുതിയ പരമ്പരകളുടെ ഉദ്ഘാടനവും 'തിരികെ വിദ്യാലയത്തിലേക്ക്' ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര ചിന്തകളും ഭരണഘടനാ മൂല്യങ്ങളും ലിംഗസമത്വവും ശാസ്ത്രീയ സമീപനവുമെല്ലാം ഉയർത്തിപ്പിടിക്കുന്നതിൽ ഊന്നൽ നൽകിയാകും പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയെന്നു മന്ത്രി പറഞ്ഞു. അക്കാദമിക് തലത്തിലുള്ള പാഠപുസ്തകങ്ങൾ മാത്രമല്ല, ഓരോ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുടെ അനുഭവങ്ങളും വിജ്ഞാനവുംകൂടി വിദ്യാർത്ഥികൾക്കു പകർന്നു നൽകിയാലേ വിദ്യാഭ്യാസം പൂർത്തിയാകൂ. ഇതു മുൻനിർത്തി നാനാതുറകളിലുള്ള വിദഗ്ധരുടെ അനുഭവങ്ങൾ വിദ്യാർത്ഥികൾക്കു ലഭ്യമാക്കുന്നതിനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് നടത്തുകയാണ്.

കോവിഡ്കാലത്ത് ആഗോളതലത്തിൽ വിദ്യാഭ്യാസ മേഖലയടക്കം പകച്ചു നിന്നപ്പോൾ കേരളത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു കൈറ്റ് വിക്ടേഴ്‌സ് ചാനൽ നൽകിയ കൈത്താങ്ങ് വലുതാണെന്നു മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സിന് വലിയശാലയിൽ കുടുതൽ സൗകര്യങ്ങളോടെ പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും. സ്‌കൂൾവിക്കിയിൽ മികച്ച രീതിയിൽ പേജുകൾ തയാറാക്കുന്ന സ്‌കൂളുകൾക്ക് സംസ്ഥാനതലത്തിൽ പുരസ്‌കാരങ്ങൾ നൽകും. ഒന്നാം സമ്മാനമായി 1.5 ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം ഒരു ലക്ഷം, 75000 രൂപ വീതവും നൽകും. ജില്ലാതലത്തിൽ ഒന്നു മുതൽ മൂന്നുവരെ സ്ഥാനക്കാർക്ക് യഥാക്രമം 25000, 15000, 10000 രൂപ വീതം നൽകുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഡിജിറ്റൽ വിദ്യാഭ്യാസം നടത്തിയ സംസ്ഥാനമെന്ന ഖ്യാതി നേടാൻ കേരളത്തിനു കഴിഞ്ഞതായി ചടങ്ങിൽ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു. കംപ്യൂട്ടർ സാങ്കേതികവിദ്യയുടെ തുടക്കംമുതൽ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് അതിനെ എത്തിക്കാൻ കഴിഞ്ഞതിന്റെ നേട്ടംകൂടിയാണിത്. 'തിരികെ സ്‌കൂളിലേക്ക്' എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരങ്ങളുടെ മാതൃകയിൽ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവിനെ സർഗാത്മകമായി പ്രയോജനപ്പെടുത്താൻ തുടർന്നും കഴിയണം. മയക്കുമരുന്ന് അടക്കമുള്ള തെറ്റായ പ്രവണതകളിലേക്കു കുട്ടികൾ പോകുന്നതു തടയാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പ്ലാനിങ് ബോർഡ് മുൻ അംഗം ഡോ. ബി. ഇക്‌ബാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, ശാസ്ത്ര എഴുത്തുകാരൻ വൈശാഖൻ തമ്പി, എഴുത്തുകാരി നേഹ സി. തമ്പാൻ, കൈറ്റ് സിഇഒ. കെ. അൻവർ സാദത്ത്, സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP