Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികൾക്കു സഹോദരൻ തന്നെയാണു ഗുലാം അലിയെന്നു വി എസ്; സംസ്ഥാനത്തിന്റെ മതേതരത്വം വെന്നിക്കൊടി പാറിച്ച ദിനമെന്നു മുഖ്യമന്ത്രി: പാക് ഗസൽ ഗായകനു കേരളത്തിന്റെ ഹൃദ്യമായ വരവേൽപ്പ്

മലയാളികൾക്കു സഹോദരൻ തന്നെയാണു ഗുലാം അലിയെന്നു വി എസ്; സംസ്ഥാനത്തിന്റെ മതേതരത്വം വെന്നിക്കൊടി പാറിച്ച ദിനമെന്നു മുഖ്യമന്ത്രി: പാക് ഗസൽ ഗായകനു കേരളത്തിന്റെ ഹൃദ്യമായ വരവേൽപ്പ്

തിരുവനന്തപുരം: പാക്കിസ്ഥാൻകാരനായ ഗുലാം അലി മലയാളികൾക്ക് സഹോദരൻ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. പാക് ഗസൽ ഗായകൻ ഗുലാം അലിക്കു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വി എസ്. സംസ്ഥാനത്തിന്റെ മതേതരത്വം വെന്നിക്കൊടി പാറിച്ച ദിനമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശേഷിപ്പിച്ചു.

തിരുവനന്തപുരത്താണ് ഗുലാം അലിക്കു സ്വീകരണം നൽകിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പുറമെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിന്റെ മതേതരത്വം വെന്നിക്കൊടി പാറിച്ച ദിവസമാണ് ഇന്നെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂർത്തമാണ് ഇതെന്നും കൂട്ടിച്ചേർത്തു.

കവി ബാലചന്ദ്രൻ ചുള്ളിക്കാട് മൂന്നു പതിറ്റാണ്ടു മുമ്പാണ് 'ഗസൽ' എന്ന തന്റെ പ്രശസ്തമായ കവിതയിലൂടെ, ഗുലാം അലിയുടെ ആലാപനത്തെ മലയാളികളുടെ മനസ്സിലേക്ക് സംക്രമിപ്പിച്ചതെന്നു വി എസ് ഓർമിപ്പിച്ചു. ചുള്ളിക്കാടിന്റെ വരികൾക്കു ശേഷം പിന്നെയും ഗുലാം അലി ഇപ്പോഴും മലയാളികളെ പാടിയുണർത്തിക്കൊണ്ടേയിരിക്കുകയാണെന്നും വി എസ് പറഞ്ഞു

നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ, ഒരു ഇന്ത്യൻ സംഗീതജ്ഞനായി അദ്ദേഹം അറിയപ്പെടുമായിരുന്നു. പാക്കിസ്ഥാനിൽ ജീവിക്കുന്ന അദ്ദേഹം ഇന്ന് ലോക സംഗീതജ്ഞനായാണ് അറിയപ്പെടുന്നത്. അത് സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ ആത്മസമർപ്പണം കൊണ്ടും, മനുഷ്യസ്‌നേഹത്തിലൂന്നിയ മൂല്യബോധം കൊണ്ടുമാണ്. അതുകൊണ്ടാണ് രാഷ്ട്രങ്ങളുടെ അതിരുകൾ അപ്രസക്തമാക്കി അദ്ദേഹത്തിന്റെ സംഗീതം ലോകമെങ്ങും പ്രസരിച്ചുകൊണ്ടിരിക്കുന്നതെന്നും വി എസ് പറഞ്ഞു

വിഷം പുരട്ടിയ മനസ്സും ചിന്തകളുമായി നടക്കുന്ന സംഘപരിവാർ ശക്തികൾ അദ്ദേഹത്തിന്റെ വരവിനു നേരെ വാളോങ്ങാൻ ശ്രമിച്ചത് നമ്മുടെ നാടിന് നാണക്കേടായി. സംഗീതം ഇഷ്ടപ്പെടാത്തവർ കുഴപ്പക്കാരും, നശീകരണ വാസനയുള്ളവരും ആണെന്നാണ് നൂറ്റാണ്ടുകൾക്കു മുമ്പ് വിശ്വ മഹാകവി ഷേക്‌സ്പിയർ പറഞ്ഞത്. ഗുലാം അലിയെ ഇവിടെ പാടാൻ അനുവദിക്കുകയില്ലെന്ന് വൃഥാ വീമ്പിളക്കിയ ശക്തികൾ അവരുടെ മനസ്സിന്റെ ക്രൗര്യം തെളിയിക്കുകയായിരുന്നു എന്നു കരുതിയാൽ മതി. ആ ക്രൂരശക്തികളുടെ നിലപാടല്ല നമ്മുടെ സംസ്‌കാരം. നമ്മുടേത് സ്‌നേഹത്തിന്റേയും മാനവികതയുടേയും സംസ്‌കാരമാണെന്നും വി എസ് കൂട്ടിച്ചേർത്തു

സ്വരലയ സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പങ്കെടുക്കാനാണ് ഗുലാം അലി കേരളത്തിൽ എത്തിയത്. ശിവസേനയുടെ എതിർപ്പിനെത്തുടർന്ന് ഗുലാം അലിയുടെ മുംബൈയിലെ പരിപാടി നേരത്തെ ഉപേക്ഷിച്ചിരുന്നു. അതിനുശേഷമുള്ള അദ്ദേഹത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പരിപാടിയാണ് കേരളത്തിൽ നടക്കുന്നത്. 15 ന് തിരുവനന്തപുരത്തും 17 ന് കോഴിക്കോട്ടും സ്വരലയ സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയിൽ ഗുലാം അലി സംഗീത വിരുന്നൊരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP