Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202217Wednesday

'ആമസോൺ സംരക്ഷിക്കാൻ സമരം നടത്തിയവർ പശ്ചിമഘട്ടം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നു'; മരംമുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ നടന്നത് വലിയ പരിസ്ഥിതി ചൂഷണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

'ആമസോൺ സംരക്ഷിക്കാൻ സമരം നടത്തിയവർ പശ്ചിമഘട്ടം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നു'; മരംമുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ നടന്നത് വലിയ പരിസ്ഥിതി ചൂഷണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

ന്യൂസ് ഡെസ്‌ക്‌

കൽപ്പറ്റ: സംസ്ഥാന സർക്കാർ ഇറക്കിയ മരംമുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ നടന്നത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ചൂഷണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കർഷകനെ സഹായിക്കാനെന്ന പേരിൽ ഇറക്കിയ ഉത്തരവ് മൂലം കർഷകരും ആദിവാസികളും കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുട്ടിൽ മേഖലയിൽ മരം മുറിച്ച സ്ഥലങ്ങളിൽ എൻഡിഎ പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മുട്ടിൽ മോഡൽ മരംമുറി മറ്റ് ജില്ലകളിലും നടന്നിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്ന വനംകൊള്ളയാണ് നടന്നത്. ആമസോൺ കാടുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സർക്കാരാണ് പശ്ചിമഘട്ടം വെട്ടി വെളുപ്പിക്കാൻ കൂട്ടുനിന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മലയിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് മലയോര ജില്ലകൾ മോചിതമാവും മുമ്പാണ് മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവിറങ്ങിയത്.

ആദിവാസി വിഭാഗത്തിൽപെടുന്ന പലരും കേസുകളിൽ പ്രതിയാകുമെന്ന ആശങ്കയിലാണ് കഴിയുന്നത്. കർഷകരെ സഹായിക്കാനല്ല മറിച്ച് മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സർക്കാർ ശ്രമിച്ചതെന്ന് പകൽ പോലെ വ്യക്തമായെന്നും മന്ത്രി പറഞ്ഞു.

നായനാർ മന്ത്രിസഭയുടെ കാലത്തെ പേര്യ വനംകൊള്ളയുടെ പുതിയ പതിപ്പാണ് ഇപ്പോൾ നടന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന് തനിച്ച് അത്തരമൊരു ഉത്തരവ് ഇറക്കാൻ കഴിയില്ല. കഴിഞ്ഞ ഇടത് സർക്കാരിലെ വനം-റവന്യൂ മന്ത്രിമാർക്ക് ഈ സംഭവത്തിൽനിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ വനംമന്ത്രി പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹത വർധിപ്പിക്കുന്നുണ്ട്.

മുഖ്യപ്രതികളുമായി മുഖ്യമന്ത്രിക്കുള്ള പരിചയവും പരിശോധിക്കപ്പെടണം. വനം വകുപ്പോ പൊലീസോ അന്വേഷിച്ചാൽ കണ്ടെത്താവുന്ന ആഴമല്ല ഈ ഇടപാടിനുള്ളത്. വനനശീകരണം, അഴിമതി, ഗൂഢാലോചന തുടങ്ങി നിരവധി വകുപ്പുകൾ ചുമത്താൻ തക്ക കുറ്റകൃത്യം നടന്നതിനാൽ സ്വതന്ത്ര ഏജൻസിയുടെ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ട് വരാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി.

മുതിർന്ന എൻഡിഎ നേതാക്കളായ കുമ്മനം രാജശേഖരൻ, സി.കെ. ജാനു, മഹിളാ മോർച്ച അധ്യക്ഷ നിവേദിത ഹരിഹരൻ, ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കർ, ബിഡിജെഎസ് ജനറൽ സെക്രട്ടറി ഷാജി ബത്തേരി, യുവമോർച്ച അദ്ധ്യക്ഷൻ സി.ആർ. പ്രഫുല്ല കൃഷ്ണൻ, ബിജെപി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, മേഖലാ സെക്രട്ടറി കെ. സദാനന്ദൻ തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP