Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂണിവേഴ്‌സിറ്റി കോളേജ് അക്രമക്കേസ്: കോടതിയിൽ ഹാജരാകാത്ത എസ്എഫ്‌ഐ നേതാക്കളടക്കമുള്ള ഏഴുപ്രതികൾക്ക് അറസ്റ്റ് വാറണ്ട്; അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയെന്നും വാഹനവും കംപ്യൂട്ടർ ലാബിന്റെ ജനാലകളും അടിച്ചു തകർത്ത് തീയിട്ടെന്നും കേസ്

യൂണിവേഴ്‌സിറ്റി കോളേജ് അക്രമക്കേസ്: കോടതിയിൽ ഹാജരാകാത്ത എസ്എഫ്‌ഐ നേതാക്കളടക്കമുള്ള ഏഴുപ്രതികൾക്ക് അറസ്റ്റ് വാറണ്ട്; അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയെന്നും വാഹനവും കംപ്യൂട്ടർ ലാബിന്റെ ജനാലകളും അടിച്ചു തകർത്ത് തീയിട്ടെന്നും കേസ്

അഡ്വ.പി.നാഗ് രാജ്‌

 തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ യുടെ ഇടിമുറി ഒഴിപ്പിച്ച് സ്റ്റാറ്റിറ്റിക്‌സ് ഡിപ്പാർട്‌മെന്റ് ലൈബ്രറിയാക്കിയതിലും അച്ചടക്ക സമിതിക്ക് മുന്നിൽ എസ് എഫ് ഐക്കെതിരെ മൊഴി കൊടുത്തതിലും വച്ചുള്ള വൈരാഗ്യത്താൽ ഗണിത വിഭാഗം മേധാവിയുടെ വാഹനവും കംപ്യൂട്ടർ ലാബിന്റെ ജനലുകളും അടിച്ചു തകർത്ത് നശിപ്പിക്കുകയും തീവെക്കുകയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്ത കേസിൽ എസ് എഫ് ഐ നേതാക്കളും പ്രവർത്തകരുമടക്കം 7 പ്രതികൾക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട്. എല്ലാ പ്രതികളെയും ജൂലൈ 13നകം അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. കേസിൽ സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്തതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പിലാക്കാൻ സിറ്റി കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് മജിസ്ട്രേട്ട് എ. അനീസ ഉത്തരവിട്ടത്.

എസ് എഫ് ഐ നേതാക്കളായ സർവ്വകലാശാല യൂണിയൻ ചെയർമാൻ എ.ആർ. റിയാസ് മുഹമ്മദ് , കോളേജ് യൂണിയൻ ചെയർമാൻ ജോബിൻ ജോസ് , എസ് എഫ് ഐ പ്രവർത്തകരായ റിയാസ് വഹാബ് , ചന്ദു അശോക് , സച്ചു രാജപ്പൻ , അക്‌ബർഷാ , സുഹിയാൻ എന്നീ 7 പ്രതികൾക്കെതിരെയാണ് അറസ്റ്റ് വാറണ്ട്. അതോടൊപ്പം ഡിസംബർ അവസാന വാരം അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അസഭ്യം വിളിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഏഴ് എസ് എഫ് ഐ ക്കാർക്കെതിരെ പ്രത്യേക കുറ്റപത്രം കന്റോൺമെന്റ് പൊലീസ് സമർപ്പിച്ചു. റിയാസ് , ആദർശ് , മുഹമ്മദ് ഷാഹിൻ , ഇർഫാൻ മുഹമ്മദ് , ചന്ദു അശോക് , നന്ദു , അക്‌ബർഷാ എന്നീ ഏഴ് പ്രതികൾക്കെതിരായാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ ഏഴ് പേരെയും കോടതിയിൽ ഹാജരാക്കാനും കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി ഉത്തരവിട്ടു.

2019 നവംബർ - ഡിസംബർ മാസത്തിലാണ് കലാലയത്തിൽ എസ് എഫ് ഐ വ്യാപക അക്രമം അഴിച്ചുവിട്ടത്. കോളേജിലെ സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിന് പുറകുവശത്തെ കംപ്യൂട്ടർ ലാബിന്റെ നാലു ജനൽച്ചില്ലുകളാണ് ആദ്യം അടിച്ചു തകർത്തത്. തുടർന്ന് മാത്തമാറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് പ്രൊഫസർ എസ്. ബാബുവിന്റെ വാഹനത്തിന്റെ സീറ്റ് കുത്തിക്കീറി വാഹനം അടിച്ചു തകർത്ത് നശിപ്പിച്ചു. കലാലയത്തിലെ സാധന സാമഗ്രികകളടക്കം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തീയിട്ടു നശിപ്പിച്ചു. ഗുരുനാഥന്മാരായ അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും വിരട്ടുകയും അശ്‌ളീല പദപ്രയോഗം നടത്തുകയും അസഭ്യം വിളിക്കുകയും ചെയ്തു. പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന വൈസ് പ്രിൻസിപ്പൽ ഡോ. സുബ്രഹ്മണ്യത്തിന്റെയും വിവിധ വിഭാഗം മേധാവികളുടെയും അദ്ധ്യാപകരുടെയും മുന്നിലായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം. പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്തു. ആൺ കുട്ടികളെ ഇനിയും മർദ്ദിക്കുമെന്നും പെൺകുട്ടികളെ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.

2019 നവംബറിൽ കോളേജ് ഗേറ്റ് അടച്ചിട്ട് വിദ്യാർത്ഥികളെ ബലമായി തടഞ്ഞു നിർത്തി എസ് എഫ് ഐ പ്രവർത്തകർ നടത്തിയ ഒരു സമരത്തെക്കുറിച്ച് പ്രിൻസിപ്പലിന് മൊഴി നൽകിയതാണ് ഡിസംബർ 2ലെ അക്രമത്തിന് പ്രധാന കാരണം. കോളേജ് ഗേറ്റ് അടച്ചിട്ട് വിദ്യാർത്ഥികളെ ബലമായി തടഞ്ഞതിനെക്കുറിച്ച് കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭന്തര അന്വേഷണം നടത്തിയ അച്ചടക്ക സമിതിയുടെ റിപ്പോർട്ടിൽ ബലാൽക്കാരമായി ഗേറ്റടച്ചിട്ടു എന്ന തരത്തിൽ മൊഴി നൽകിയതാണ് എസ് എഫ് ഐ ക്കാരെ പ്രകോപിതരാക്കിയത്. അച്ചടക്ക സമിതി കൺവീനർ സോമശേഖരൻ പിള്ളയാണ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി.

കോളേജിലെ ഇടിമുറിയെന്നറിയപ്പെട്ട പഴയ യൂണിയൻ ഓഫീസ് മുറിയിൽ ഇപ്പോൾ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ലൈബ്രറിയാണ് പ്രവർത്തിക്കുന്നത്. ഇവ രണ്ടുമാണ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം കെട്ടിടം അടിച്ചു തകർത്തതിന് പിന്നിലെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഗണിത വിഭാഗം മേധാവി എസ്. ബാബുവും എസ് എഫ് ഐ യുടെ സമരം ഗേറ്റടിച്ചിട്ടാണെന്ന് അച്ചടക്ക സമിതി മുമ്പാകെ മൊഴി നൽകിയിരുന്നു. ഈ വൈരാഗ്യമാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നാശനഷ്ടം വരുത്തിയതിന് പിന്നിലെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP