Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂക്ലിയാർ ചികിത്സയ്ക്ക് 8 കോടിയുടെ സ്പെക്ട് സ്‌കാനർ; ഒറ്റ സ്‌കാനിംഗിലൂടെ ശരീരം മുഴുവൻ സ്‌കാൻ ചെയ്യാം; കാൻസറിന്റെ വ്യാപ്തിയും ഹൃദയാഘാതം വരാനുള്ള സാധ്യതയും മനസിലാക്കാം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂക്ലിയാർ ചികിത്സയ്ക്ക് 8 കോടിയുടെ സ്പെക്ട് സ്‌കാനർ; ഒറ്റ സ്‌കാനിംഗിലൂടെ ശരീരം മുഴുവൻ സ്‌കാൻ ചെയ്യാം; കാൻസറിന്റെ വ്യാപ്തിയും ഹൃദയാഘാതം വരാനുള്ള സാധ്യതയും മനസിലാക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി ന്യൂക്ലിയാർ ചികിത്സയ്ക്ക് 8 കോടിയുടെ സ്പെക്ട് സ്‌കാനർ അഥവാ ഗാമ ക്യാമറ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലാണ് ഇത് സ്ഥാപിക്കുന്നത്. ഒറ്റ സ്‌കാനിംഗിലൂടെ തന്നെ തലമുതൽ പാദം വരെയുള്ള ത്രീ ഡി ഇമേജിലൂടെ രോഗനിർണയം നടത്തി ചികിത്സിക്കാനാകുന്നു എന്നതാണ് ഈ സ്‌കാനറിന്റെ പ്രത്യേകത. എക്സ്റേ, സി.ടി. സ്‌കാൻ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു തവണ മാത്രം മരുന്നു നൽകി വളരെ കുറഞ്ഞ റേഡിയേഷനിൽ ശരീരം മുഴുവനായി സ്‌കാൻ ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. ക്യാൻസർ രോഗനിർണയത്തിനും, ചികിത്സയ്ക്കും രോഗത്തിന്റെ വ്യാപ്തി അറിയേണ്ടതും അത്യന്താപേക്ഷിതമാണ്. കേരളത്തിൽ തന്നെ അപൂർവം ആശുപത്രികളിൽ മാത്രമാണ് സ്പെക്ട് സ്‌കാനർ ഉള്ളത്. ഈ സ്‌കാനറിനായി ബജറ്റിൽ തുക വകയിരുത്തിയതോടെ തുടർനടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൈറോയ്ഡ് കാൻസർ, ലിംഫോമ, ലുക്കീമിയ, പോളിസൈത്തീമിയ, ന്യൂറോ എൻഡോക്രൈൻ ട്യൂമർ, അസ്ഥിയിലെ കാൻസർ തുടങ്ങി പതിനഞ്ചോളം കാൻസറുകൾക്കാണ് ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ചികിത്സ നടത്തുന്നത്. ഈ ചികിത്സ നൽകുന്നതിന് സ്പെക്ട് സ്‌കാനർ അത്യാവശ്യമാണ്. സ്പെക്ട് സ്‌കാനർ സ്ഥാപിക്കുന്നതോടുകൂടി ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ ഈ ചികിത്സകൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് ന്യൂക്ലിയർ മെഡിസിൻ?

ആണവ വികിരണങ്ങൾ പുറപ്പെടുവിക്കുന്ന മൂലകങ്ങൾ മരുന്ന് രൂപത്തിൽ ഉപയോഗിച്ച് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ രോഗനിർണയവും, ചികിത്സയും നടത്തുന്ന ആധുനിക വൈദ്യശാസ്ത്ര ശാഖയാണ് ന്യൂക്ലിയർ മെഡിസിൻ. ഈ മരുന്നുകൾ വളരെ ചെറിയ അളവിൽ അതായത് ഒരു ഗ്രാമിന്റെ ആയിരം ദശലക്ഷത്തിൽ ഒന്ന് മാത്രം (നാനോഗ്രാം) ഉപയോഗിക്കുന്നതുകൊണ്ട് പ്രായോഗികമായി പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല. ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനം സൂക്ഷ്മതലത്തിൽ അറിയാനും, രോഗാവസ്ഥ മനസിലാക്കി രോഗബാധിതമായ കോശങ്ങളെ മാത്രം ലക്ഷ്യമാക്കി ചികിത്സ നൽകുന്നതിനും ന്യൂക്ലിയർ മെഡിസിൻ സാങ്കേതിക വിദ്യയ്ക്ക് കഴിയും. ഇതിലൂടെ ആരോഗ്യമുള്ള കോശങ്ങളെ റേഡിയേഷന്റെ പാർശ്വഫലങ്ങളിൽ നിന്നും ഏതാണ്ട് പൂർണമായി ഒഴിവാക്കാനും കഴിയുന്നു.

സ്പെക്ട് സ്‌കാൻ

ന്യൂക്ലിയാർ മെഡിസിനിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും അത്യാവശ്യമായ ഉപകരണമാണ് സ്പെക്ട് സ്‌കാനർ. ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ പ്രത്യേകമായും സ്‌കാൻ ചെയ്യാൻ സ്പെക്ട് സ്‌കാനറിലൂടെ സാധിക്കുന്നു. തൈറോയിഡ് സ്‌കാൻ, പാര തൈറോയിഡ് സ്‌കാൻ, ന്യൂക്ലിയർ കാർഡിയാക് സ്‌കാൻ, കിഡ്നി സ്‌കാൻ, ബോൺ സ്‌കാൻ, ഹൈപ്പറ്റോലിറ്ററി ആൻഡ് ഗസ്സ്ട്രോ ഇന്റേണൽ സ്‌കാൻ എന്നിവയാണ് സ്പെക്ട് സ്‌കാനറിലൂടെ ചെയ്യാൻ കഴിയുന്ന പ്രധാന സ്‌കാനിംഗുകൾ

തൈറോയിഡ് സ്‌കാൻ

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, മുഴകൾ എന്നിവ കണ്ടെത്തുന്നതിനും അവ ഏതു തരമാണ്, അതിപ്രവർത്തനത്തിനുള്ള ഉള്ള കാരണങ്ങൾ, അതിന് റേഡിയോ അയഡിൻ ചികിത്സ ഫലപ്രദമാകുമോ എന്നിവ അറിയാൻ ഈ സ്‌കാനിലൂടെ സാധിക്കുന്നു. ശരീരം മുഴുവൻ സ്‌കാൻ ചെയ്യുന്നത് വഴി തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന കാൻസറിന്റെ വ്യാപ്തി അറിയാനും തൈറോയ്ഡ് കാൻസർ ചികിത്സ എത്രത്തോളം ഫലവത്തായി എന്നറിയാനും തുടർ ചികിത്സയ്ക്കും ഈ സ്‌കാൻ സഹായിക്കുന്നു.

പാരാതൈറോയ്ഡ് സ്‌കാൻ

പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം വിലയിരുത്താനും അതിന്റെ സ്ഥാനം കൃത്യമായി മനസിലാക്കി ശസ്ത്രക്രിയ എളുപ്പമാക്കുന്നതിനും ഈ സ്‌കാൻ സഹായിക്കുന്നു.

ന്യൂക്ലിയർ കാർഡിയാക് സ്‌കാൻ

ഹൃദയാഘാതം വരാനുള്ള സാധ്യത മനസിലാക്കാനും നേരത്തെ കണ്ടുപിടിച്ച് ചികിത്സ തുടങ്ങുന്നതിനും ന്യൂക്ലിയർ കാർഡിയാക് സ്‌കാനിലൂടെ സാധിക്കുന്നു. ഹൃദയ ധമനികളിലെ തടസം ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്ത പ്രവാഹത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. ആൻജിയോ പ്ലാസ്റ്റി, കൊറേണറി ബൈപാസ് സർജറി എന്നിവ കൊണ്ട് പ്രയോജനമുണ്ടോയെന്നും ഓപ്പറേഷന് ശേഷം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടോയെന്നറിയാനും സാധിക്കുന്നു. ആൻജിയോഗ്രാം പരിശോധനയിൽ ദൃശ്യമല്ലാത്ത തടസങ്ങൾ മനസിലാക്കാൻ ന്യൂക്ലിയർ കാർഡിയാക് സ്‌കാൻ സഹായിക്കും.

കിഡ്നി സ്‌കാൻ

സ്പെക്ട് സ്‌കാൻ വഴി പലതരം കിഡ്നി സ്‌കാനുകൾ നടത്താം. വൃക്ക രോഗ നിർണയത്തിനും വൃക്കകളുടെ ശേഷി മനസിലാക്കുന്നതിനും ചികിത്സയ്ക്കും ഓപ്പറേഷനും വൃക്കമാറ്റി വച്ചതിനും ശേഷം പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും കിഡ്നി സ്‌കാനിലൂടെ സഹായിക്കും.

ബോൺ സ്‌കാൻ

അസ്ഥിയിലെ കാൻസർ, മറ്റു കാൻസറുകൾ അസ്ഥിയിലേക്ക് വ്യാപിക്കുന്നത്, മറ്റു സ്‌കാനുകൾ ഉപയോഗിച്ച് നിർണയിക്കാൻ പറ്റാത്തവ, അസ്ഥികളിലെ അണുബാധ, കൃത്രിമ സന്ധികളുടെ പ്രവർത്തനം, ബയോപ്സി ചെയ്യാനുള സ്ഥാനം നിർണയിക്കൽ, അസ്ഥിവേദനയുടെ കാരണം കണ്ടെത്തൽ എന്നിവ ബോൺ സ്‌കാനിലൂടെ കണ്ടെത്താൻ സാധിക്കുന്നു.

ബ്രെയിൻ സ്‌കാൻ

അപസ്മാരം, മറവിരോഗം, തളർവാതം, തലച്ചോറിലെ കാൻസർ തുടങ്ങി വിവിധതരം മസ്തിഷ്‌ക രോഗങ്ങളെ മറ്റുതരം സ്‌കാനുകൾ കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ ബ്രെയിൻ സ്‌കാനിലൂടെ സഹായിക്കുന്നു.

ഹൈപ്പറ്റോലിറ്ററി ആൻഡ് ഗസ്സ്ട്രോ ഇന്റേണൽ സ്‌കാൻ

കുടലിലെ രക്തസാവം, കുടൽചുരുക്കുകൾ, കരൾ സംബന്ധമായ രോഗങ്ങൾ, പിത്തസഞ്ചിയുടെ തടസം, അണുബാധ എന്നിവ കണ്ടുപിടിക്കാൻ ഈ സ്‌കാനിംഗിലൂടെ കഴിയുന്നു. എൻഡോസ്‌കോപ്പി വഴിയോ, ആൻജിയോഗ്രാം വഴിയോ കണ്ടെത്താൻ കഴിയാത്തത്ര ചെറിയ രക്തസ്രാവം പോലും സ്പെക്ട് സ്‌കാനിലൂടെ കണ്ടെത്താൻ സഹായിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP