Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വിപ്ലവ പ്രണയത്തിന് മൂകസാക്ഷിയായൊരു കിളിവാതിൽ; പ്രണയം പിരിഞ്ഞിട്ടും അടയാതെ നിന്നത് അഞ്ച് പതിറ്റാണ്ടിലേറെ; കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന ടി വി തോമസിന്റെയും കെ ആർ ഗൗരിയമ്മയുടെ പ്രണയത്തിന്റെ തിരുശേഷിപ്പായി സാനഡുവിനും റോസ് ഹൗസിനും ഇടയിലെ കിളിവാതിൽ

വിപ്ലവ പ്രണയത്തിന് മൂകസാക്ഷിയായൊരു കിളിവാതിൽ; പ്രണയം പിരിഞ്ഞിട്ടും അടയാതെ നിന്നത് അഞ്ച് പതിറ്റാണ്ടിലേറെ; കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന ടി വി തോമസിന്റെയും കെ ആർ ഗൗരിയമ്മയുടെ പ്രണയത്തിന്റെ തിരുശേഷിപ്പായി സാനഡുവിനും റോസ് ഹൗസിനും ഇടയിലെ കിളിവാതിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിപ്ലവവും പ്രണയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് കാലം തെളിയിച്ചതാണ്. വിപ്ലവത്തിലെ പ്രണയവും പ്രണയത്തിലെ വിപ്ലവവും എല്ലാ കാലവും ചർച്ചയാകാറുമുണ്ട്. ചിലിയൻ വിപ്ലവ കവി നെരൂദയുടെ പ്രണയഗാനങ്ങൾ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല, എല്ലാ കമിതാക്കളും ഇന്നും ഉപയോഗിക്കുന്നു. എന്നാൽ, കേരളത്തിലെ വിപ്ലവ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ പ്രണയവും വിരഹവും വേർപിരിയലും എല്ലാം ഓർമ്മിപ്പിക്കുന്ന രണ്ട് മന്ത്രിമന്ദിരങ്ങളും അതിനിടയിലെ കിളിവാതിലും ഇന്നും ചർച്ചകളിൽ നിറയുകയാണ്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ ആവേശം കൊള്ളിക്കുകയും പിന്നീട് കണ്ണീരണിയിക്കുകയും ചെയ്ത ടിവി തോമസിന്റെയും കെ ആർ ഗൗരിയമ്മയുടെയും പ്രണയത്തിന്റെ അവശേഷിപ്പാണീ കിളിവാതിൽ. തിരുവനന്തപുരം വഴുതക്കാടുള്ള മന്ത്രിമന്ദിരങ്ങളായ റോസ് ഹൗസിനും സാനഡുവിനും ഇടയിലുള്ള കിളിവാതിലാണ് ഇന്നും വിപ്ലവകാരികളുടെ പ്രണയത്തിന്റെ തിരുശേഷിപ്പായി നിലകൊള്ളുന്നത്. 1957-ൽ മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ വിഭിന്ന ചേരികളിലായ അവർ വേർപിരിഞ്ഞു.

റോസ് ഹൗസിനും സാനഡുവിനും ഇടയിൽ ഇപ്പോഴും ആ ചെറിയ വാതിലുണ്ട്. ഒരു കാലത്തു കേരളം ഏറ്റവുമധികം ചർച്ച ചെയ്ത പ്രണയത്തിന്റെ സാക്ഷി. ഇഷ്ടം വഴിപിരിഞ്ഞ് അഞ്ച് പതിറ്റാണ്ടിലധികമായിട്ടും ആ വാതിൽ ഇപ്പോഴും തുറന്നു കിടക്കുകയാണ്. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും കഥകൾ പറഞ്ഞ്.

Stories you may Like

വഴുതക്കാട് വിമൻസ് കോളജിന് എതിർവശത്തുള്ള ആദ്യകാല മന്ത്രിമന്ദിരങ്ങളാണു റോസ് ഹൗസും സാനഡുവും. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ടി.വി. തോമസും കെ.ആർ. ഗൗരിയമ്മയും താമസിച്ചിരുന്ന വീടുകൾ. മന്ത്രിമാരായി അധികാരമേറ്റെടുത്ത് അധികം വൈകാതെയായിരുന്നു വിവാഹം. ഗൗരിയമ്മയുടെ വസതിയായ സാനഡുവിലായിരുന്നു ചടങ്ങുകൾ. പാർട്ടി തീരുമാനപ്രകാരം നടന്ന വിവാഹത്തിനു താലിയെടുത്തു കൊടുത്തത് ഇഎംഎസ്. ഔദ്യോഗിക വിവാഹ ശേഷം പൊതുജനങ്ങൾക്കായി വൈകിട്ടു വിവാഹ സൽക്കാരവും നടത്തി. കാര്യമായ ഭക്ഷണമില്ല. പാനീയവും സിഗരറ്റും മുറുക്കാനും മാത്രം. പിന്നീടു നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു. അമ്മയും സഹോദരങ്ങളും ഗൗരിയമ്മയുടെ വീട്ടിൽ നിന്നു പങ്കെടുത്തു. ടിവിയുടെ വീട്ടിൽ നിന്ന് ആരും വിവാഹത്തിൽ പങ്കെടുത്തില്ല.

മന്ത്രിമാരുടെ ദാമ്പത്യത്തിന് ഒട്ടേറെ പുതുമകളുണ്ടായിരുന്നു. സാനഡുവിന്റെ തൊട്ടടുത്ത മന്ദിരത്തിലായിരുന്നു ടി.വി. തോമസ് താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞതോടെ ഇരു വീടുകളെയും വേർതിരിക്കുന്ന മതിലിൽ ചെറിയ ഗേറ്റ് വന്നു. രണ്ടു മന്ത്രിമാർക്കും സർക്കാർ കാറുണ്ട്. രാവിലെ രണ്ടു കാറിൽ പോയാലും ഉച്ചയ്ക്ക് ഒരു കാറിൽ ഊണു കഴിക്കാൻ വരും. അതിനു കാരണമുണ്ട്. മന്ത്രിസഭയിൽ സഹപ്രവർത്തകയാണെങ്കിലും വീട്ടിൽ ഗൗരിയമ്മ വീട്ടമ്മയാണ്. ടി.വി. തോമസിന് ഊണെടുത്തു വയ്‌ക്കേണ്ടതു ഗൗരിയമ്മയാണ്. സിപിഐയിലെ പിളർപ്പോയെ ഗൗരിയമ്മ സിപിഎമ്മിലേക്ക് പോയി. ടി വി തോമസ് സിപിഐയിൽ ഉറച്ചു നിന്നു. ഇതോടെ ഇവരുടെ ദാമ്പത്യ ജീവിതത്തിലും വിള്ളൽ വീഴുകയായിരുന്നു. പിന്നീട് ദമ്പതികൾ വേർപിരിഞ്ഞെങ്കിലും ആ കിളിവാതിൽ അങ്ങനെ തന്നെ കിടന്നു. ആരും അതു കെട്ടിയടച്ചില്ല.

വീടുകൾ ഒരു മതിലിനപ്പുറത്തും ഇപ്പുറത്തുമാണെങ്കിലും റോഡ് വഴി ചുറ്റിക്കറങ്ങി വരിക ബുദ്ധിമുട്ടായതോടെ മതിലിൽ വിടവുണ്ടാക്കി. ''അന്ന് ഞങ്ങളതിനെ കിളിവാതിൽ എന്നാണു വിളിച്ചിരുന്നത്. അത്ര ചെറുത്. ഈയടുത്ത കാലത്താണു ഈ ഗേറ്റ് വച്ചത്. ആരും പ്രണയിച്ചു പോകുന്ന അന്തരീക്ഷമുള്ള വീടാണിത്'' റോസ് ഹൗസിലെ ഇപ്പോഴത്തെ താമസക്കാരൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറയുന്നു.

''ഇ.പി. ജയരാജൻ സാനഡുവിൽ താമസിക്കുമ്പോൾ അദ്ദേഹത്തിന്റെ ചെറുമകൻ മഞ്ചാടി പെറുക്കാൻ റോസ് ഹൗസിലേക്ക് ഓടിവരുന്നത് ഈ വാതിൽ വഴിയായിരുന്നു. ഇപ്പോൾ അപ്പുറത്തു മണിച്ചേട്ടനാണ് എം.എം.മണി. ഞങ്ങൾ ഈ ഗേറ്റിനരികെ നിന്നു സംസാരിക്കാറുണ്ട്. നമുക്കങ്ങു പ്രണയിച്ചാലോ മണിച്ചേട്ടാ എന്നു തമാശ പറയാറുമുണ്ട്'' കടന്നപ്പള്ളി ചിരിക്കുന്നു. പഴകിയ മതിൽ ഈയിടെ കെട്ടിയുറപ്പിച്ചപ്പോഴും കിളിവാതിൽ അടച്ചില്ല. പകരം അൽപം വിശാലമാക്കി ചെറിയ ഗേറ്റ് പിടിപ്പിച്ചു. റോസ് ഹൗസും സാനഡുവും തമ്മിലുള്ളത് അങ്ങനെ കെട്ടിയടയ്ക്കാവുന്ന ബന്ധമല്ലല്ലോ.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണ് ഗൗരിയമ്മയുടെ ജനനം. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലൻസ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം നൽകി കഴിവു തെളിയിച്ചു.

1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയിൽ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമം, കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പിൽ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.

രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മുൻ ഗവൺമെന്റ് അംഗീകരിച്ച ഭൂപരിഷ്‌കരണ ബില്ലിൽ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികൾ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തിൽ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.

ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്നു കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്‌സിസ്റ്റ്) അംഗമായ ഇവർ 1994 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. ആത്മകഥ (കെ.ആർ. ഗൗരിയമ്മ) എന്നപേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP