Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാട്ടിൻ പുറങ്ങളിൽ ഓണമുണ്ണാം..ഓണ സമ്മാനങ്ങൾ വാങ്ങാം; സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രത്യേക ഓണം പാക്കേജുകൾ ഈ വർഷവും; ഇത്തവണ കോഴിക്കോടടക്കം കൂടുതൽ കേന്ദ്രങ്ങളിൽ

നാട്ടിൻ പുറങ്ങളിൽ ഓണമുണ്ണാം..ഓണ സമ്മാനങ്ങൾ വാങ്ങാം; സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രത്യേക ഓണം പാക്കേജുകൾ ഈ വർഷവും; ഇത്തവണ കോഴിക്കോടടക്കം കൂടുതൽ കേന്ദ്രങ്ങളിൽ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം നടപ്പിലാക്കിയ നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം പരിപാടി ഇത്തവണ കോഴിക്കോടടക്കം കൂടുതൽ കേന്ദ്രങ്ങളിലേക്ക് കൂടി വിപുലീകരിക്കുന്നു. ഓണക്കാലത്ത് വിദേശികൾക്കും, പ്രവാസി മലയാളികൾക്കും, നഗരവാസികളായ മലയാളികൾക്കും ഗ്രാമ പ്രദേശങ്ങളിൽ ഓണമാഘോഷിക്കാനുള്ള പദ്ധതിയാണ് ടൂറിസം വകുപ്പ് നടപ്പിലാക്കുന്നത് കഴിഞ്ഞ വർഷം പരീക്ഷണാർത്ഥം നടപ്പിലാക്കിയ പദ്ധതിയുടെ വിജയത്തിൽ നിന്നാണ് ഇത്തവണ കൂടുതൽ കേന്ദ്രങ്ങളിലേക്ക് കൂടി പദ്ധതി നടപ്പിലാക്കാൻ ടൂറിസം വകുപ്പിനെ പ്രരിപ്പിച്ചത്.

കഴിഞ്ഞ വർഷം നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാനും, ഓണസമ്മാനം നേടാനും എത്തിയത് 563 പേരാണ്. ഇതിൽ 151 പേർ വിദേശ ടൂറിസ്റ്റുകളും, 268 പേർ ആഭ്യന്തര ടൂറിസ്റ്റുകളും, 154 പേർ മലയാളികളുമായിരുന്നു. ഇത്തവണ കൂടുതൽ സഞ്ചാരികളെ നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാൻ പ്രതീക്ഷിക്കുകയാണ്. ഇതുവഴി ഗ്രാമീണ ജനതയ്ക്ക് വരുമാനമുണ്ടാക്കാനും, അവരുടെ ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് വിപണനം ചെയ്യാനും അവസരമുണ്ടാകും. കഴിഞ്ഞ വർഷം ഈ പദ്ധതി വഴി ഏഴ് ലക്ഷത്തി ഇരുപത്തേഴായിരം രൂപയാണ് വരുമാനമായി ലഭിച്ചത്. ടൂറിസ്റ്റുകൾക്ക് ഗ്രാമീണത്തനിമയുള്ള ഓണ അനുഭവങ്ങൾ സമ്മാനിക്കുന്നതിനൊപ്പം ഗ്രാമീണജനതക്ക് ഓണക്കാലത്തൊരു വരുമാനവും എന്ന നിലയിലാണ് ഇത്തവണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന ഹോംസ്റ്റേകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മേഖലകളിലുള്ള അംഗീകൃത ഹോംസ്റ്റേകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ,കടലുണ്ടി, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം , മടവൂർ പാറ, കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം, വൈക്കം താലൂക്കിലെ മറവന്തുരുത്ത്, ചെമ്പ്, കുമരകത്തിനടുത്ത് മാഞ്ചിറ, വരമ്പിനകം, അയ്മനം, തിരുവാർപ്പ് , കാസർകോട് ജില്ലയിലെ ബേക്കൽ, വയനാട്ടിലെ ചേകാടി, ചെറുവയൽ,നെല്ലറച്ചാൽ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഓണമുണ്ണാനും ഗ്രാമയാത്ര നടത്തുന്നതിനും സൗകര്യമൊരുക്കുന്നത്. [email protected] എന്ന ഇമെയിൽ ഐഡിയിലേക്കാണ് ഹോംസ്റ്റേ ഉടമകൾ അപേക്ഷ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് പത്ത് വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഹോം സ്റ്റേകൾക്ക് പുറമെ വീടുകൾ, നാടൻ ഭക്ഷണശാലകൾ , കുടുംബശ്രീ റെസ്റ്റോറന്റുകൾ, കാറ്ററിങ് യൂണിറ്റുകൾ , ഹോട്ടലുകൾ എന്നിവർക്കും രജിസ്റ്റർ ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകാനാകും. അംഗീകൃത ഹോട്ടലുകൾ മുതൽ വഴിയോരക്കടകൾ വരെ താത്പര്യമുള്ള ആരെയും ഇതിനു അനുവദിക്കും.

ഇതിനായി വീടിന്റെയോ സ്ഥാപനത്തിന്റെയോ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്താൽ മതിയാകം. ഓണ സദ്യക്ക് പരമാവധി ഒരാൾക്ക് 250 രൂപയാണ് ഈടാക്കുക. ഓണ സദ്യ നടത്തുന്ന സ്ഥാപനങ്ങൾ / വീടുകൾ ഇതിനായി ഉത്തരവാദിത്ത ടൂറിസം മിഷൻ തയ്യാറാക്കിയിട്ടുള്ള ബാനറുകളോ, പോസ്റ്ററുകളോ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു പ്രദർശിപ്പിക്കുകയും ചെയ്യണം. ഈ പദ്ധതിയുടെ ഒരു ഭാഗം ഗ്രാമ യാത്രകൾ ആണ് .

ഗ്രാമയാത്രയ്ക്ക് സ്വന്തം വാഹനത്തിലെത്തുന്നവർക്ക് കുട്ടികളുൾപ്പെടെയുള്ള നാലംഗ കുടുംബത്തിന് 3000 രൂപ നിരക്കിൽ ഈ പദ്ധതിയുടെ ഭാഗമാകാം. ഈ 3000 രൂപയിൽ 4 അംഗ കുടുംബത്തിന് ( അച്ഛൻ, അമ്മ, 12വയസ് വരെ പ്രായമുള്ള 2 കുട്ടികൾ ) ഓണസദ്യയും ഓണ സമ്മാനങ്ങളും നല്കുന്നു. ഓണ സമ്മാനമ്മായി അര കിലോ ഏത്തക്ക ഉപ്പേരി, ഒരു കരകൗശല ഉല്പന്നം, പപ്പടം, വിത്തു പേനകൾ, ഒരു ഓണക്കോടി എന്നിവ നൽകും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഗ്രാമീണ ജീവിതം അനുഭവിച്ചറിയാനുള്ള പ്രത്യേക പാക്കേജുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് 4500 രൂപ പാക്കേജിൽ പൈതൃക നടത്തം, ഓണ സദ്യ, ഓണ സമ്മാനം എന്നിവയാണുള്ളത്. തിരുവനന്തപുരം 4500 രൂപയുടെ ആദ്യ പാക്കേജിൽ സിൽക് സാരി നെയ്ത്, കോവളം ബീച്ച് സന്ദർശനം, ഓണ സദ്യ, കൃഷിയിടങ്ങളിലെ സന്ദർശനം, ഓണ സമ്മാനം എന്നിവയാണ് ആകർഷണമായിട്ടുള്ളത്.

രണ്ടാമത്തെ പാക്കേജിൽ മടവൂർ പാറ ഗുഹാ ക്ഷേത്ര സന്ദർശനം, ഓല നെയ്ത്, വേര് ശില്പ നിർമ്മാണം, പപ്പടം നിർമ്മാണം, ഓണ സദ്യ, ഓണ സമ്മാനം എന്നിവയുണ്ടാകും. ഇതിനും 4500 രൂപ മാത്രമാണ് നാലുപേർക്കുള്ള പാക്കേജ് കോസ്റ്റ്. തേക്കടി പാക്കേജിൽ തേനീച്ച വളർത്തൽ, വലിയ പാറ വ്യൂ പോയിന്റ് സന്ദർശനം, ഒട്ടകതലമേട് വ്യൂ പോയിന്റ് സന്ദർശനം, പപ്പടം നിർമ്മാണം, നെയ്ത്, ഓണ സദ്യ, ഓണ സമ്മാനം എന്നിവയാണ് 4500 രൂപയുടെ പാക്കേജിലുള്ളത്. വയനാട് പാക്കേജിൽ എടക്കൽ ഗുഹ സന്ദർശനം, തേയിലത്തോട്ടസന്ദർശനം, അമ്പെയ്ത്ത് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കുമരകം പാക്കേജിൽ മൂന്ന് മണിക്കൂർ കായൽ, കനാൽ യാത്ര, കയർ നിർമ്മാണം, തെങ്ങുകയറ്റം, ഓണസദ്യ എന്നിവയുണ്ടാകും.

നാല് പേർക്ക് ഇതിന് 4500 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇതിനൊപ്പം ഗ്രാമയാത്രയും, വലവീശലും, ഓണസമ്മാനവും, തിരുവാതിരകളിയുമെല്ലാമടങ്ങുന്ന പാക്കേജിന് 4 പേർക്ക് 8500 രൂപയാണ് ഈടാക്കുക. വൈക്കം പാക്കേജിൽ കായൽ/കനാൽ യാത്ര, നെയ്ത്തുശാല സന്ദർശനം, വൈക്കം ക്ഷേത്ര സന്ദർശനം, ഓണ സദ്യ, ഓണ സമ്മാനം എന്നിവയ്ക്ക് എല്ലാം കൂടി 4 പേർക്ക് 5000 രൂപയാണ്. ബേക്കൽ കോട്ട സന്ദർശനം, ബേക്കൽ ബീച്ച് സന്ദർശനം, മൺപാത്ര നിർമ്മാണം, ഓണ സദ്യ, ഓണ സമ്മാനം എന്നിവ അടങ്ങുന്ന ബേക്കൽ പാക്കേജിൽ 5000 രൂപയാണ് 4 പേരടങ്ങുന്ന കുടുംബത്തിൽ നിന്ന് ഈടാക്കുക. കണ്ണൂർ പാക്കേജിൽ കുഞ്ഞിമംഗലം വെങ്കല ഗ്രാമം സന്ദർശനം, ഓണ സദ്യ, നെയ്തു ശാല സന്ദർശനം, ഓണ സമ്മാനം, ഗ്രാമ യാത്ര എന്നിവയെല്ലാം കൂടി 5000 രൂപയാണ്. കോഴിക്കോട് 6000 രൂപ പാക്കേജിൽ ജലായനം ഗ്രാമ യാത്ര, ഫാം ടൂറിസം സെന്റർ സന്ദർശനം, ഓണസദ്യ, ഓണ സമ്മാനം എന്നിവയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP