Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പന്ത്രണ്ട് രൂപയുടെ കുപ്പി വെള്ളം ജനങ്ങളിൽ എത്താൻ ഒരാഴ്ച കഴിയും; പുതിയ എം ആർ പി പ്രിന്റ് ചെയ്ത കുപ്പികൾ വിപണിയിൽ എത്തിച്ച് വിതരണക്കാർ; കച്ചവടക്കാരുടെ കൊള്ളലാഭം നിയന്ത്രിക്കാൻ ഒരുങ്ങി കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ

പന്ത്രണ്ട് രൂപയുടെ കുപ്പി വെള്ളം ജനങ്ങളിൽ എത്താൻ ഒരാഴ്ച കഴിയും; പുതിയ എം ആർ പി പ്രിന്റ് ചെയ്ത കുപ്പികൾ വിപണിയിൽ എത്തിച്ച് വിതരണക്കാർ; കച്ചവടക്കാരുടെ കൊള്ളലാഭം നിയന്ത്രിക്കാൻ ഒരുങ്ങി കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം: കുപ്പി വെള്ളത്തിന്റെ വില രണ്ടാം തീയതി മുതൽ കുറയുമെന്ന കാത്തിരുന്നവർ കടയിൽ പോയി നോക്കിയപ്പോൾ കണ്ടത് 20 രൂപയുടെ തന്നെ വിൽപനയാണ്. പലരും വില കുറഞ്ഞില്ലെ എന്ന് ചോദിക്കുമ്പോൾ കുപ്പിയുടെ എം ആർ പി കാണിച്ചാണ് കച്ചവടക്കാർ വാദിക്കുന്നത്.

കുപ്പിവെള്ളത്തിന്റെ പുതുക്കിയ നിരക്ക് ഈമാസം രണ്ടു മുതൽ പ്രാബല്യത്തിൽ വരുമെന്നും കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ (കെബിഡബ്ല്യുഎ) പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം ജില്ലകളിലും ഇത് നടപ്പായിട്ടില്ല.വിൽക്കുന്നത് 'പഴയ സ്റ്റോക്ക്' ആണെന്നും അതിനാൽ 'പഴയ വില' തന്നെ നൽകണമെന്നും ആവശ്യപ്പെട്ടാണ് കടക്കാർ കുപ്പി വെള്ള വിൽപ്പന 20 രൂപയ്ക്ക തന്നെ നടത്തുന്നത്.

ഒരു കെയ്‌സ് കുപ്പിവെള്ളം (ഒരു ലിറ്ററിന്റെ 12 കുപ്പി) കമ്പനികൾ 90 രൂപയ്ക്കാണ് (കുപ്പിയൊന്നിന് 7.50 രൂപ) വിതരണക്കാർക്കു കൈമാറുന്നത്. ഇവർ 100 രൂപയ്ക്ക് കടകളിലെത്തിക്കുന്നു.എട്ട്- എട്ടര രൂപയ്ക്ക് കടക്കാർക്ക് കിട്ടുന്ന കുപ്പിവെള്ളം 20 രൂപയ്ക്കാണ് വിൽക്കുന്നത്.

12 രൂപ രേഖപ്പെടുത്തിയ കുപ്പിവെള്ളം കൊല്ലത്തു മാത്രമാണു വിതരണക്കാർ കടകളിൽ എത്തിച്ചു തുടങ്ങിയിട്ടുള്ളത്. ഒരു ബോട്ടിൽ വെള്ളത്തിന് കുപ്പിവെള്ള കമ്പനികൾ പരമാവധി എട്ടു രൂപ വരെ ഈടാക്കുമ്പോഴാണ് ജനങ്ങളിൽ നിന്നും കടക്കാർ 20 രൂപവരെ വാങ്ങുന്നത്. അതായത് ഒരു കുപ്പി വെള്ളത്തിൽ കടക്കാർക്ക് ലാഭം 12 രൂപ.

പുതുക്കിയ നിരക്കിലുള്ള കുപ്പിവെള്ളം എത്തി തുടങ്ങിയിട്ടില്ലെന്നും പഴയ വിലയിലുള്ള വെള്ളമാണ് ഇപ്പോഴും വിൽക്കുന്നതെന്നുമാണ് മിക്ക ജില്ലകളിലേയും കടക്കാർ പറയുന്നത്. പുതിയ സ്റ്റോക് എത്തിയാൽ മാത്രമേ വെള്ളത്തിന്റെ വില കുറയ്ക്കാനാവൂ എന്നും ഇവർ പറയുന്നു. അതേ സമയം വില കുറയ്ക്കുന്നതു സംബന്ധിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്നു പല ജില്ലകളിലേയും വ്യാപാരികളും പറയുന്നു. അതേസമയം, കുറഞ്ഞ നിരക്കിലുള്ള കുപ്പിവെള്ളം വാങ്ങാൻ വ്യാപാരികൾ തയാറാകുന്നില്ലെന്ന് വിതരണക്കാരും പരാതിപ്പെടുന്നു.

12 രൂപ എം.ആർ.പി പ്രിന്റ് ചെയ്ത കുപ്പി വെള്ളം വിപണിയിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ, പഴയ സ്റ്റോക്ക് വിറ്റുതീരും വരെ ഇവ രംഗത്തിറക്കാൻ കച്ചവടക്കാർ തയ്യാറാവില്ല. പഴയ സ്റ്റോക്ക് തീരാൻ കുറഞ്ഞത് 10 ദിവസം എടുക്കും.

അതേസമയം, പഴയ സ്റ്റോക്ക് ആണെങ്കിലും 12 രൂപ മാത്രമേ ഈടാക്കാവൂ എന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഒരു ലീറ്ററിനു പരമാവധി എട്ടര രൂപ വരെയാണു തങ്ങൾ ഈടാക്കുന്നതെന്നും കുപ്പിവെള്ള കമ്പനികളുടെ സംഘടന പറയുന്നു. എന്നാൽ, 12 രൂപയ്ക്കു വിൽക്കാനുള്ള തീരുമാനത്തിൽ പങ്കില്ലെന്നു ചില കമ്പനികൾ പറയുന്നു. ഉയർന്ന നിലവാരമുള്ള കുപ്പിയും വെള്ളവും 12 രൂപയ്ക്കു വിൽക്കാനാവില്ലെന്നും പത്തുശതമാനം നിർമ്മാതാക്കൾ മാത്രമാണു പ്രഖ്യാപനത്തിനു പിന്നിലെന്നുമാണ് ഇവർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP