Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെക്കേ ഗോപുരനടയിലെ വർണവിസ്മയങ്ങൾ വാനിലേക്ക് ഉയർന്നപ്പോൾ പൂരനഗരിക്ക് ആവേശമായി കുടമാറ്റം; പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിന്റെ താളത്തിൽ ഇഴകി ചേർന്ന് പൂരപ്രേമികൾ; ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളവും അവസാനിച്ചു; വെടിക്കെട്ടിനുള്ള അനുമതി കൂടെ ലഭിച്ചതോടെ പൂരപ്രേമികൾ ആവേശക്കൊടുമുടിയിൽ

തെക്കേ ഗോപുരനടയിലെ വർണവിസ്മയങ്ങൾ വാനിലേക്ക് ഉയർന്നപ്പോൾ പൂരനഗരിക്ക് ആവേശമായി കുടമാറ്റം; പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിന്റെ താളത്തിൽ ഇഴകി ചേർന്ന് പൂരപ്രേമികൾ; ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളവും അവസാനിച്ചു; വെടിക്കെട്ടിനുള്ള അനുമതി കൂടെ ലഭിച്ചതോടെ പൂരപ്രേമികൾ ആവേശക്കൊടുമുടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ആശങ്കകൾക്ക് അവസാനമായി. തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ജില്ലാഭരണകൂടമാണ് അനുമതി നൽകിയത്. വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത് പൂരപ്രേമികൾക്കും സംഘാടകർക്കുമിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. പതിവ് പോലെ വെടിക്കെട്ട് നടത്താമെന്ന് കളക്ടർ അറിയിച്ചു. എന്നാൽ, പാറമേക്കാവിന്റെ അമിട്ടുകൾ ഒരു വട്ടം കൂടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആരോപിച്ചിരുന്നു. നാളെ പുലർച്ചെ മൂന്ന് മണിക്കാണ് വെടിക്കെട്ട്.

വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ആരംഭിച്ച ഇലഞ്ഞിത്തറമേളം ആവേശത്തോടെ തന്നെ അവസാനിച്ചു. ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളവും അരങ്ങേറി. വൈകിട്ട് 5.30 നു തെക്കേ ഗോപുരനടയിലായിരുന്നു കുടമാറ്റം.

തിരുവമ്പാടി ഭഗവതി നായ്ക്കനാൽ പന്തലിൽ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്കു കലക്ടർ അവസാന നിമിഷം അനുമതി നിഷേധിച്ചു. ഭഗവതി പൂരത്തിന് എത്തി എന്നു പ്രഖ്യാപിക്കുന്നതു ഈ ആചാര വെടിയോടെയായിരുന്നു. ഇതിനു പ്രത്യേക വെടിക്കെട്ട് അനുമതി വേണമെന്നാണു നിർദ്ദേശം. സമ്മേളനങ്ങൾക്കുപോലും പൊട്ടിക്കാറുള്ള ഗുണ്ടു മാത്രമാണിതെന്നു ചൂണ്ടിക്കാട്ടിയിട്ടും അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ ഇത്തവണ ആചാരവെടി ഇല്ലാതെ പൂരം നടത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

സാംപിൾ വെടിക്കെട്ടിനിടെ ആറു പേർക്ക് പരുക്കേറ്റതിനു പാറമേക്കാവ് ദേവസ്വം ഭാരവാഹികൾക്ക് റവന്യു ഉദ്യോഗസ്ഥർ നോട്ടിസ് നൽകി. ഇന്നു രാവിലെ പാറമേക്കാവ് ദേവസ്വം സെക്രട്ടറിയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ നോട്ടിസ് നൽകിയത്. എത്രയും വേഗം ഹാജരാകണമെന്ന നോട്ടിസ് പൂരദിവസംതന്നെ നൽകിയത് ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിന്റെ ഉദാഹരണമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി പ്രതികരിച്ചു.

പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതും തെക്കോട്ട് ഇറങ്ങുന്നതും ഗുരുവായൂരപ്പന്റെ ആനയായ ഗുരുവായൂർ നന്ദൻ. പാറമേക്കാവ് ദേവസ്വം ശ്രീ പത്മനാഭനു ശാരീരിക ക്ഷീണം തോന്നിയതിനാലാണു അവസാന നിമിഷം ഈ തീരുമാനമെടുത്തത്. അതേസമയം, രാത്രിയിൽ പല്ലാട്ട് ബ്രഹ്മദത്തനായിരിക്കും തിടമ്പേറ്റുക. ഉപചാരം ചൊല്ലുന്നതിനായി ഭഗവതി പാറമേക്കാവ് രാജേന്ദ്രന്റെ പുറത്തും എഴുന്നള്ളും.

രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണർത്തായത്. ഇതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പടിഞ്ഞാറേ നടയിലെ ശ്രീമൂലസ്ഥാനത്തു നിന്നാൽ വരിവരിയായി ചെറുപൂരങ്ങളെത്തുന്ന കാഴ്ചകാണാം, പല ശ്രുതിയിലുള്ള വാദ്യമേളങ്ങളും ആസ്വദിക്കാം. പഴയ നടക്കാവിൽ മഠത്തിൽ വരവിന് തുടക്കമായി. പഞ്ചവാദ്യത്തിനു കോങ്ങാട് മധുവാണ് പ്രമാണി.

പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്മാരാരുടെ ചെമ്പടമേളവും തകർത്തു. തുടർന്നു രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ആരംഭിച്ച ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം തുടരുകയാണ്. ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളവും അരങ്ങേറി. വൈകിട്ട് 5.30 നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം.

അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളിൽ വർണക്കുടകളും സ്‌പെഷൽ കുടകളും വിരിയും.രാത്രി 11 നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. തുടർന്നു പുലർച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ ഒൻപതിനു ശ്രീമൂല സ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP