Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1962-ലെ ഇന്തോ- ചൈന യുദ്ധകാലത്തിന് ശേഷം 58 വർഷം മുടക്കില്ലാതെ നടന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരം; കോവിഡിലെ നിയന്ത്രണങ്ങൾ കാരണം ഇത്തവണ തൃശൂർ പൂരമില്ല; ക്ഷേത്രാങ്കണത്തിൽ ആളുകളെ പങ്കെടുപ്പിക്കാതെ ആചാരത്തിൽ മാത്രമായി ഇത്തവണ പൂരം ഒതുങ്ങും; ഇലഞ്ഞിത്തറ മേളവും കുടമാറ്റവും തൃശൂരിലെ തേക്കിൻകാട് മൈതാനത്ത് ഇത്തവണയില്ല

1962-ലെ ഇന്തോ- ചൈന യുദ്ധകാലത്തിന് ശേഷം 58 വർഷം മുടക്കില്ലാതെ നടന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരം; കോവിഡിലെ നിയന്ത്രണങ്ങൾ കാരണം ഇത്തവണ തൃശൂർ പൂരമില്ല; ക്ഷേത്രാങ്കണത്തിൽ ആളുകളെ പങ്കെടുപ്പിക്കാതെ ആചാരത്തിൽ മാത്രമായി ഇത്തവണ പൂരം ഒതുങ്ങും; ഇലഞ്ഞിത്തറ മേളവും കുടമാറ്റവും തൃശൂരിലെ തേക്കിൻകാട് മൈതാനത്ത് ഇത്തവണയില്ല

സ്വന്തം ലേഖകൻ

തൃശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരവും ഇത്തവണ ഉണ്ടാവുകയില്ല. മെയ്‌ 3 ന് നടക്കാനിരുന്ന തൃശ്ശൂർ പൂരം വേണ്ടെന്ന് വയ്ക്കും. ലോക് ഡൗൺ പിൻവലിച്ചാലും ആൾക്കൂട്ട നിയന്ത്രണങ്ങൾ തുടരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് തൃശൂർ പൂരം വേണ്ടെന്ന് വയ്ക്കുന്നത്.കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്രമുണ്ട്. ആനകളെ അണിനിരത്തി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യവും ആനപ്പുറത്തെ കുടമാറ്റവും വെടിക്കെട്ടും ഉൾപ്പെടുന്നതാണ് പൂരം. മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് പൂരം.

കോവിഡുകാലത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്കുണ്ട്. ഈ സാഹചര്യത്തിൽ ശബരിമല ഉത്സവം നേരത്തെ വേണ്ടെന്ന് വച്ചിരുന്നു. പല ക്ഷേത്രങ്ങളിലെ ഉത്സവവും മാറ്റി. ഈ പാത തൃശൂർ പൂര സംഘാടകരും പിന്തുടരും. തൃശൂർ പൂരം ക്ഷേത്രാങ്കണത്തിൽ വെച്ച് ഒരു ആചാരമായി മാത്രം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. 58 വർഷങ്ങൾക്കുശേഷമാണ് തൃശ്ശൂർ പൂരം ഇതാദ്യമായി റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂർ പൂരം നടത്താതിരുന്നത്.

ഏപ്രിൽ ഒന്നിന് നടക്കാനിരുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന പൂരം എക്സിബിഷൻ അടക്കം പൂരവുമായി ബന്ധപ്പെട്ടുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വംബോർഡ് വേണ്ടെന്നു വച്ചിരുന്നു. തേക്കിൻകാട് മൈതാനത്ത് വടക്കുംനാഥൻ ക്ഷേത്രത്തിന് സമീപം നടത്തുന്ന ഏറ്റവും വലിയ വ്യാപാര മേളകളിലൊന്നായ പൂരം എക്സിബിഷനിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പൂരം നടത്തിയിരുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശ്ശൂർ പൂരം അതിന്റെ മഹത്വത്തോടെ നടത്താൻ തങ്ങൾക്ക് കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി ചന്ദ്രശേഖരൻ പറഞ്ഞു. ഓരോ ദേവസ്വങ്ങൾക്കും പൂരം നടത്താനുള്ള ഫണ്ട് നൽകുന്നത് പൂരം എക്സിബിഷനിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്നു മായിരുന്നു. എന്നാൽ എക്സിബിഷൻ നടക്കാത്തതിനാൽ ഫണ്ടും ഇല്ലാതായി. അതുകൊണ്ട് ഒരു ചെറിയ ആചാരമായി മാത്രമേ പൂരം നടത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂർ പൂരത്തിന്റെ വലിയ ആകർഷണം എന്ന് പറയുന്നത് ഇലഞ്ഞിത്തറമേളം ആണ്. പതിനായിരങ്ങളാണ് ഇത് ആസ്വദിക്കാൻ എത്തുന്നത്. കോവിഡ് കാലത്ത് ഇതൊന്നും പ്രായോഗികമല്ല. കുടമാറ്റത്തിനും സാഹാചര്യം ഇല്ല. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ചെമ്പട മേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ തുടങ്ങിയവയാണ് പൂരത്തിന്റെ ആചാരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP