Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂന്നുവയസ്സുകാരിയായ ആദിവാസി പെൺകുട്ടി മരിച്ചത് പനിബാധിച്ച് അവശ നിലയിൽ എത്തിയിട്ടും ചികിത്സ നിഷേധിച്ചതോടെ; രാജി കൃഷ്ണയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ; നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രതിഷേധവുമായി കോളനി നിവാസികളും ജനപ്രതിനിധികളും

മൂന്നുവയസ്സുകാരിയായ ആദിവാസി പെൺകുട്ടി മരിച്ചത് പനിബാധിച്ച് അവശ നിലയിൽ എത്തിയിട്ടും ചികിത്സ നിഷേധിച്ചതോടെ; രാജി കൃഷ്ണയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ; നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രതിഷേധവുമായി കോളനി നിവാസികളും ജനപ്രതിനിധികളും

ജംഷാദ് മലപ്പുറം

മലപ്പുറം: ചികിത്സ നിഷേധിച്ചതിനെ തുടർന്നു നിലമ്പൂരിൽ പനി ബാധിച്ച മൂന്നുവയസ്സുകാരിയായ ആദിവാസി പെൺകുട്ടി മരിച്ചു. പ്രതിഷേധവുമായി കോളനി നിവാസികൾ ആശുപത്രിയിലെത്തി. മമ്പാട് എടക്കോട് ആദിവാസി കോളനിയിലെ പാലൻ- സീത ദമ്പതികളുടെ മകൾ രാജികൃഷ്ണയാണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പനി പിടിപ്പെട്ടതിനെത്തുടർന്നു നാലു ദിവസം മുമ്പാണ് രാജി കൃഷ്ണയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

തുടർന്നു ഡോക്ടർ പരിശോധിച്ചു കുട്ടിക്കു മൂന്നുദിവസത്തെ മരുന്നു നൽകി വീട്ടിലേക്കു വിട്ടയച്ചു. എന്നാൽ ഇന്നലെ രാവിലെ രാജികൃഷ്ണയ്ക്കു പനിയും ഛർദിയും മൂർഛിച്ചതോടെ കുട്ടിയെ സമീപത്തെ മമ്പാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ തന്നെ കൊണ്ടുപോകാനായിരുന്നു നിർദ്ദേശം. തുടർന്നു ഉച്ചയ്ക്കു 12 മണിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടർ ഇല്ലെന്നു പറഞ്ഞു ഒരു ദിവസത്തെ മരുന്നു നൽകി മടക്കി അയക്കുകയായിരുന്നു. പിന്നീട് ഇവർ കോളനിയിലെത്തി. വൈകുന്നേരം നാലുമണിയോടെ അവശനിലയിലായ രാജികൃഷ്ണയെ വീണ്ടും നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.

എന്നാൽ ആറുമണിയോടെ കുട്ടി മരിച്ചതായി ഡ്യൂട്ടി ഡോക്ടർ സ്ഥിരീകരിച്ചു. തുടർന്നു കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്നു അധികൃതർ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ മരണത്തിനു ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കാതെ മൃതദേഹം കൊണ്ടുപോകില്ലെന്നു കോളനിക്കാർ ശഠിച്ചു.

ഇവർക്കു പിന്തുണയുമായി മമ്പാട് ഗ്രാമപഞ്ചായത്തംഗം കെ. ബിജു, നിലമ്പൂർ നഗരസഭാ കൗൺസിലർ അരുമ ജയകൃഷ്ണൻ എന്നിവരുമെത്തി. പ്രതിഷേധം ശക്തമായതോടെ നിലമ്പൂർ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തിയെങ്കിലും ചികിത്സ നിഷേധിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കാതെ പിറകോട്ടു പോകില്ലെന്നു കോളനിക്കാർ അറിയിച്ചു. യഥാസമയം ജില്ലാ ആശുപത്രിയിൽ നിന്നു ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ തന്റെ മകൾ രക്ഷപ്പെടുമായിരുന്നുവെന്നു പാലൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP