Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ബംഗ്ലാദേശിനേക്കാൾ താഴെ; രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നുവെന്ന് തോമസ് ഐസക്

ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ബംഗ്ലാദേശിനേക്കാൾ താഴെ; രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നുവെന്ന് തോമസ് ഐസക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം വ്യാപനം മുൻകാലത്തെക്കാൾ തീക്ഷ്ണമാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. ഒന്നാം കോവിഡ് വരുമ്പോൾ ജനങ്ങളുടെ കൈയിൽ കുറച്ചൊക്കെ സമ്പാദ്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് രണ്ടാം വ്യാപനം വരുമ്പോൾ പിടിച്ചുനിൽക്കാനുള്ള ഒരുവകയും അവരുടെ കൈവശമില്ല.

കഴിഞ്ഞ നാലു വർഷമായി ഇന്ത്യയിലെ പ്രതിശീർഷ വരുമാനം ഒരുലക്ഷം രൂപയിൽ തത്തിക്കളിക്കുകയാണ്. 2017-18ൽ 1,00,268 രൂപ, 2018-19ൽ 1,05,525 രൂപ, 2019-20ൽ 1,08,645 രൂപ, 2020-21 ൽ 99,694 രൂപ. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ബംഗ്ലാദേശിനേക്കാൾ താഴെയായെന്നും ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കോവിഡിനുമുമ്പ് ഇന്ത്യയിൽ 40.35 കോടി ആളുകൾ തൊഴിലെടുക്കുന്നവരായി ഉണ്ടായിരുന്നു. കോവിഡും ലോക്ഡൗണും വന്നതോടുകൂടി 2020 ഏപ്രിൽ, മെയ് മാസങ്ങളിൽ ഇവരിൽ 12.6 കോടി ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. ലോക്ഡൗണും മറ്റും പിൻവലിച്ചശേഷം ഒരു വർഷംകൊണ്ട് പതുക്കെപതുക്കെ തൊഴിൽ ഏതാണ്ട് പൂർവ്വനിലയിലേയ്ക്ക് തിരിച്ചുവന്നു. ജനുവരി ആയപ്പോഴേയ്ക്കും തൊഴിലെടുക്കുന്നവരുടെ എണ്ണം 40 കോടിയോളമായി. എന്നുവച്ചാൽ 35 ലക്ഷം ആളുകൾക്കെങ്കിലും സ്ഥിരമായി തൊഴിലില്ലാതായി.ഇവരിൽ ശമ്പളക്കാരുടെ എണ്ണം കോവിഡിനുമുമ്പ് 8.5 കോടിയായിരുന്നു.

പക്ഷെ ഇപ്പോൾ അത് 7.4 കോടിയായി കുറഞ്ഞു. എന്നുവച്ചാൽ ശമ്പള ജോലികൾ കുറയുകയും അസംഘടിത മേഖലയിലെ ജോലികൾ വളരുകയുമാണ് ചെയ്തത്. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതത്വമുണ്ട്. കുറച്ചെല്ലാം റിട്ടയർമെന്റ് ലക്ഷ്യമാക്കി സമ്പാദിക്കാനും കഴിയും. എന്നാൽ ഇതൊന്നും അസംഘടിത മേഖലയിൽ കഴിയില്ലല്ലോ. ഇപ്പോൾ വീണ്ടും തൊഴിലില്ലായ്മ പെരുകുകയാണ്. മെയ് മാസം അവസാനം തൊഴിലില്ലായ്മ 14.7 ശതമാനമായി ഉയർന്നു.ഇന്ത്യയിലെ തൊഴിലും തൊഴിലില്ലായ്മയെയും കുറിച്ചു വിപുലമായ സർവ്വേ അടിസ്ഥാനമാക്കി ഓരോ മാസത്തെയും കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി.

സമീപകാലത്തു നടത്തിയ സർവ്വേയിൽ അവർ ജനങ്ങളോട് ഒരു വർഷം മുമ്പുണ്ടായിരുന്നതിനോടു താരതമ്യപ്പെടുത്തുമ്പോൾ അവരുടെ വരുമാനത്തിന് എന്തു സംഭവിച്ചൂവെന്നു ചോദിച്ചിരുന്നു. 3 ശതമാനം ആളുകൾ മാത്രമേ തങ്ങളുടെ വരുമാനം വർദ്ധിച്ചൂവെന്ന് അഭിപ്രായപ്പെട്ടുള്ളൂ. 55 ശതമാനം പേർ ഖണ്ഡിതമായി തങ്ങളുടെ വരുമാനം ഇടിഞ്ഞൂവെന്നു സമർത്ഥിച്ചു.42 ശതമാനം പേർ പഴയതിൽ നിന്നും വലിയ വ്യത്യാസമൊന്നും ഇല്ലായെന്നാണ് അഭിപ്രായപ്പെട്ടത്. എന്നുവച്ചാൽ വിലക്കയറ്റംകൂടി കണക്കിലെടുക്കുകയാണെങ്കിൽ ഇന്ത്യയിലെ 97 ശതമാനം ജനങ്ങളുടെയും വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായി. ഇതുതന്നെയാണ് ഇന്ത്യാ സർക്കാർ പ്രസിദ്ധീകരിക്കുന്ന ദേശീയ വരുമാന കണക്കിൽ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ നാലു വർഷമായി ഇന്ത്യയിലെ പ്രതിശീർഷ വരുമാനം ഒരുലക്ഷം രൂപയിൽ തത്തിക്കളിക്കുകയാണ്. 2017-18ൽ 1,00,268 രൂപ, 2018-19ൽ 1,05,525 രൂപ, 2019-20ൽ 1,08,645 രൂപ, 2020-21 ൽ 99,694 രൂപ. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ബംഗ്ലാദേശിനേക്കാൾ താഴെയായി.മേൽപ്പറഞ്ഞ കണക്ക് മൊത്തം ദേശീയവരുമാനത്തെ ജനസംഖ്യകൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്നതാണ്. പക്ഷെ വരുമാനം തുല്യമായിട്ടല്ലോ വീതം വയ്ക്കപ്പെടുന്നത്. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രതിശീർഷ വരുമാന അന്തരം ഈ കാലയളവിൽ വർദ്ധിച്ചു. ഗ്രാമങ്ങളേക്കാൾ വരുമാനം നഗരങ്ങളിൽ വർദ്ധിച്ചു. കുടുംബങ്ങൾ തമ്മിലുള്ള അസമത്വവും പെരുകി. ഇതിന്റെ ഫലമായി ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ശരാശരി വരുമാനം ഈ കാലയളവിൽ ഗണ്യമായി ഇടിഞ്ഞു.

തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകി.ഒന്നാം കോവിഡ് വരുമ്പോൾ ജനങ്ങളുടെ കൈയിൽ കുറച്ചൊക്കെ സമ്പാദ്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് രണ്ടാം വ്യാപനം വരുമ്പോൾ പിടിച്ചുനിൽക്കാനുള്ള ഒരുവകയും അവരുടെ കൈവശമില്ല. സാമ്പത്തികവളർച്ചയുടെ ഇടിവ് ഒന്നാം വ്യാപനത്തിന്റെ തോതിൽ ഈ വർഷം ഉണ്ടാവില്ലായെന്നുള്ള കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെയും കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യത്തിന്റെയും വിലയിരുത്തൽ ശരിയോ തെറ്റോ ആകട്ടെ. ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം വ്യാപനം മുൻകാലത്തെക്കാൾ തീക്ഷ്ണമാണ്. നട്ടെല്ല് ഒടിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP