Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദേശത്തു നിന്നു കോൺഫറൻസിനും മറ്റും വരുന്നവർ അതിന്റെ ഭാഗമായി വൈകുന്നേരമാകുമ്പോൾ മദ്യം ഉപയോഗിക്കും; ഇവിടെയത് കിട്ടിയില്ലെങ്കിൽ അവർ ശ്രീലങ്കയിൽ പോകും; അടഞ്ഞുകിടക്കുന്ന ഫോർ സ്റ്റാർ ബാറുകൾ തുറക്കുന്നതടക്കമുള്ള ഇടത് സർക്കാരിന്റെ പുതിയ മദ്യനയം സ്ഥിരീകരിച്ച് തോമസ് ഐസക്

വിദേശത്തു നിന്നു കോൺഫറൻസിനും മറ്റും വരുന്നവർ അതിന്റെ ഭാഗമായി വൈകുന്നേരമാകുമ്പോൾ മദ്യം ഉപയോഗിക്കും; ഇവിടെയത് കിട്ടിയില്ലെങ്കിൽ അവർ ശ്രീലങ്കയിൽ പോകും; അടഞ്ഞുകിടക്കുന്ന ഫോർ സ്റ്റാർ ബാറുകൾ തുറക്കുന്നതടക്കമുള്ള ഇടത് സർക്കാരിന്റെ പുതിയ മദ്യനയം സ്ഥിരീകരിച്ച് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്നു വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസകും. മദ്യനിയന്ത്രണം വിനോദസഞ്ചാര മേഖലയിൽ തിരിച്ചടിയുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാൻ മദ്യനയത്തിൽ മാറ്റം വരണമെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താ ചാനലിനോടാണ് ഐസക് ഇക്കാര്യം പറഞ്ഞത്.

അടഞ്ഞുകിടക്കുന്ന ഫോർ സ്റ്റാർ ബാറുകൾ തുറക്കുന്നതടക്കമുള്ള തീരുമാനങ്ങളോടെ പുതിയ മദ്യനയം പ്രഖ്യാപിക്കൻ പിണറായി സർക്കാർ തയ്യാറെടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം തോമസ് ഐസക് നല്കിയിരിക്കുന്നത്. ഇടതുമുന്നിയുടെ അംഗീകാരം നേടിയശേഷം പുതിയ മദ്യനയം നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഇതിനിടെയാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ച് തോമസ് ഐസക് രംഗത്തെത്തിയിരിക്കുന്നത്. നികുതി കിട്ടാൻ വേണ്ടി ആരും കള്ളു കുടിക്കേണ്ട. പക്ഷേ വിദേശത്തു നിന്നും കോൺഫറൻസിനും മറ്റും വരുന്നവർ അതിന്റെ ഭാഗമായി വൈകുന്നേരമാകുമ്പോൾ മദ്യം ഉപയോഗിക്കും. ഇവിടെയത് സാധ്യമല്ലെന്നു പറഞ്ഞാൽ അവർ ശ്രീലങ്കയിൽ പോകുമെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

അതേ സമയം കൂടുതൽ ബാർ തുറന്ന് ഇവിടത്തെ ജനങ്ങളെ കൂടുതൽ മദ്യാസക്തരാക്കുന്നതും പാടില്ലെന്നു തോമസ് ഐസക് ചൂണ്ടിക്കാട്ടി. ടൂറിസത്തിനു ഹാനികരമല്ലാതെ ഇത് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

ടൂറിസം മേഖലയിലെ തിരിച്ചടി മറികടക്കാനെന്ന വിശദീകരണത്തോടെയാണ് പുതിയ മദ്യനയം അവതരിപ്പിക്കാൻ പിണറായി സർക്കാർ ഒരുങ്ങുന്നത്. 35 ഫോർ സ്റ്റാർ ബാറുകൾ തുറക്കാനും പ്രവർത്തന സമയം കൂട്ടാനുമാണ് തീരുമാനം. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ധാരണ രൂപപ്പെട്ടത്. മദ്യസൽക്കാരത്തിനുള്ള ലൈസൻസ് ഫീസ് കുറയ്ക്കാനും തീരുമാനമായി. വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യമെന്നും സിപിഐ(എം) പറയുന്നു. വിദേശീയർക്ക് മദ്യത്തിനായി കാർഡ് ഏർപ്പാടാക്കുന്ന കാര്യം ഉൾപ്പെടെയുള്ളവ പരിശോധനയിലാണ്.

ഒരോ വർഷവും 10 ശതമാനം ചില്ലറ മദ്യവിൽപ്പനശാലകൾ പൂട്ടാനുള്ള തീരുമാനവും പിൻവലിക്കും. കള്ളുഷാപ്പുകൾ പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. പ്രത്യേക ഇടതുമുന്നണി യോഗം ചേർന്നതിനുശേഷം ഈ മാസം തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് നീക്കം. തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. അതിനാൽ മദ്യനയം മാറ്റുന്നതു സംബന്ധിച്ച് എൽഡിഎഫിൽ എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

മദ്യത്തിന്റെ കുറവുമൂലം വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ ഇടിവ് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ബാറുകൾ അടച്ചുപൂട്ടിയതോടെ അനധികൃത മദ്യവിൽപ്പന, കള്ളവാറ്റ്, ലഹരി മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ വർധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബാറുകൾ തുറക്കാനുള്ള നിർദ്ദേശം ഉയർന്നത്. രാജ്യാന്തര കോൺഫറൻസുകൾ കേരളത്തിൽ നിന്നും മാറിപോകുന്നുവെന്നും സിപിഐ(എം) യോഗത്തിൽ ആക്ഷേപം ഉയർന്നു. മദ്യസൽക്കാരത്തിനുള്ള ഫീസ് ആണ് ഇതിന് കാരണമെന്ന് സിപിഐ(എം) പറയുന്നു. അതിനാൽ ഫീസ് ഇളവും വേണമെന്നാണ് നിർദ്ദേശം.

അടച്ചിട്ട എല്ലാ ബാറുകളും തുറക്കുന്ന സ്ഥിതി ഒഴിവാക്കി, വിനോദ സഞ്ചാരമേഖലയ്ക്ക് പ്രത്യേക ഇളവ് നൽകി പുതിയ മദ്യനയമാകാമെന്ന് സിപിഎമ്മിൽ അഭിപ്രായം. വിനോദ സഞ്ചാരമേഖലയിലെ വൻവരുമാന നഷ്ടം കണക്കിലെടുത്ത് മദ്യനയത്തിൽ ആവശ്യമായ ഭേദഗതി വേണമെന്ന് വിനോദസഞ്ചാര വകുപ്പ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മുൻനിർത്തിയാണ് മദ്യ നയത്തിൽ ഭേദഗതി വരുത്താനുള്ള ആലോചന. മദ്യനയത്തിലെ മാറ്റം നിയമസഭയിൽ പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്ക സി.പിഎമ്മിനുണ്ട്. അതുകൊണ്ട് നിയമസഭാസമ്മേളനം കഴിഞ്ഞശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർചർച്ചകൾ ആരംഭിക്കുകയുള്ളൂവെന്നാണ് സൂചന. മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പൂട്ടിയ മുപ്പതിലേറെ ഫോർസ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിക്കാനുള്ള സാധ്യതയാണ് പുതിയ നയത്തിലൂടെ തെളിയുന്നത്.

ടൂറിസംമേഖലയിൽ നക്ഷത്രബാറുകളിൽ വിനോദസഞ്ചാരികൾക്കുവേണ്ടി മദ്യവില്പനയാകാമെന്ന നിർദേശമാണ് സിപിഎമ്മിനകത്ത് ഉരുത്തിരിയുന്നത്. അന്താരാഷ്ട്ര കോൺഫറൻസുകൾക്ക് നക്ഷത്രബാറുകളിൽ മദ്യംവിളമ്പാൻ ഇളവാകാമെന്ന നിർദേശവും പരിഗണനയിലുണ്ട്. സംസ്ഥാനത്തിന്റെ ടൂറിസംവരുമാനം കൂട്ടുകയും ലക്ഷ്യമാണ്. അടുത്ത പത്തുവർഷംകൊണ്ട് സമ്പൂർണ മദ്യനിരോധനം എന്നതാണ് കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അംഗീകരിച്ച നിലവിലെ മദ്യനയം. പുതിയ മദ്യനയത്തിൽ അങ്ങനെ പ്രത്യേക സമയപരിധി പറയാൻ സാധ്യതയില്ല. മദ്യവർജനത്തിനാകും ഊന്നൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP