Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202402Saturday

സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പർ; ഒന്നാം സമ്മാനം 25 കോടി; ഭാഗ്യവാന് കൈയിൽ കിട്ടുക 15.75 കോടി; 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കും; സുരക്ഷ കർശനമാക്കി; വിൽപ്പന 18 മുതൽ

സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പർ; ഒന്നാം സമ്മാനം 25 കോടി; ഭാഗ്യവാന് കൈയിൽ കിട്ടുക 15.75 കോടി; 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കും; സുരക്ഷ കർശനമാക്കി; വിൽപ്പന 18 മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്ന് ലോട്ടറിയുടെ പ്രകാശനം നിർവഹിച്ചു. ആകെ 10 സീരിസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആദ്യമായാണ് ഇത്ര വലിയ തുകയുടെ ഭാഗ്യക്കുറി കേരളത്തിൽ അവതരിപ്പിക്കുന്നത്.

ഇത്തവണ ഓണം ബമ്പർ ഭാഗ്യവാന് ഒന്നാം സമ്മാനമായി 25 കോടി അടിച്ചാലും ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ച് കയ്യിൽ കിട്ടുക 15.75 കോടിയായിരിക്കും. ഒന്നാം സമ്മാനം വിറ്റ ഏജന്റിനു രണ്ടര കോടിയാണ് കമ്മിഷനായി ലഭിക്കും. ഈ വർഷം ഒരു ടിക്കറ്റിന് 96 രൂപയാണ് കമ്മിഷനായി കിട്ടുക. കഴിഞ്ഞ വർഷം ഇത് 58 രൂപയായിരുന്നു. സെപ്റ്റംബർ 18 നാണ് നറുക്കെടുപ്പ്.

അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേർക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേർക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേർക്ക് അഞ്ചാം സമ്മാനം നൽകും. 500 രൂപയാണ് ടിക്കറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.

പരമാവധി 90 ലക്ഷം ടിക്കറ്റുകളാകും അച്ചടിക്കാനാകുക. കഴിഞ്ഞ തവണ 12 കോടിയായിരുന്നു ഒന്നാം സമ്മാനം. 54 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ മുഴുവനും വിറ്റുപോയി. ഇത്തവണ ഒന്നാം സമ്മാനമായി നൽകുന്ന തുക ഉയർത്തിയതോടെ കൂടുതൽ ആളുകൾ ബമ്പർ വാങ്ങുമെന്നാണ് ഭാഗ്യക്കുറി വകുപ്പ് പ്രതീക്ഷിക്കുന്നത്.

ലോട്ടറി കച്ചവടക്കാർ ഒരുനേരത്തെ അന്നത്തിനുള്ള വക തേടിയാണ് ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങുന്നത്. വെയിലും മഴയും വകവയ്ക്കാതെ കച്ചവടക്കാർ ഓരോരുത്തരുടെയും മുന്നിൽ കൈനീട്ടുന്നു. പക്ഷേ പലപ്പോഴും ഇവരെ പറ്റിച്ച് കടന്നുകളയുന്ന വിരുതന്മാരുടെ വാർത്തകളാണ് പുറത്തുവരാറ്. കാഴ്ചയില്ലാത്ത, വൈകല്യമുള്ളവരെയാണ് ഇത്തരക്കാർ പറ്റിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ മുന്നോട്ടുവന്നിരുന്നു. ഈ ആവശ്യം കണക്കിലെടുത്ത് പുതിയ സുരക്ഷയോടെയാണ് ഇത്തവണത്തെ തിരുവോണ ബമ്പർ ലോട്ടറിവിൽപ്പനയ്ക്ക് എത്തുന്നത്.

വ്യജ ടിക്കറ്റുകൾ, കളർ ഫോട്ടോ സ്റ്റാറ്റുകൾ, നമ്പർ തിരുത്തുക തുടങ്ങിയവ ലോട്ടറി മേഖല നേരിടുന്ന വലിയൊരു ആശങ്കയാണ്. ഇവ തടയാനായി ടിക്കറ്റിന്റെ വിവിധ ഭാഗങ്ങളിലായി വേര്യബിൾ ഡാറ്റാ പ്രിന്റിങ്ങുമായാണ് ഓണം ബമ്പർ എത്തുന്നതെന്ന് കേരള സ്റ്റേറ്റ് ലോട്ടറി ഡയറക്ടർ എബ്രഹാം പറഞ്ഞു. ഈ വർഷത്തെ തിരുവോണം ബമ്പർ ടിക്കറ്റിന്റെ പ്രകാശന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ടിക്കറ്റുകളുടെ ഡിസൈനെല്ലാം ഒരുപോലെ ആണെങ്കിലും നമ്പർ എഴുതുന്നത് വ്യത്യസ്തമായിരിക്കും. സാധാരണ ടിക്കറ്റുകളുടെ ഒരു ഭാഗത്ത് മാത്രമാണ് ഈ വേര്യബിൾ ഡാറ്റ പ്രിന്റ് ചെയ്തിരുന്നത്. പുതിയ സുരക്ഷാ ആവശ്യങ്ങൾ പരിഗണിച്ച് ഒരു ലോട്ടറി ടിക്കറ്റിൽ ഒന്നിലധികം സ്ഥലത്ത് ഈ സംവിധാനം രേഖപ്പെടുത്തുമെന്ന് ഡയറക്ടർ അറിയിച്ചു. ഓണം ബമ്പറിലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്.

അതുപോലെ തന്നെ ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന പേപ്പറിന്റെ കാര്യത്തിലും വ്യത്യാസം വന്നിട്ടുണ്ട്. മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി 90 ജിഎസ്എം പേപ്പറിലാണ് ടിക്കറ്റുകൾ അച്ചടിക്കാൻ പോകുന്നത്. മറ്റൊരു മാറ്റം ടിക്കറ്റുകളിൽ ഉപയോഗിക്കുന്ന മഷിയാണ്. സാധാരണ ടിക്കറ്റുകൾ അച്ചടിക്കുന്ന മഷി ഉപയോഗിച്ചാൽ കളർ ഫോട്ടോ കോപ്പിയെടുത്ത് വ്യജടിക്കറ്റുകൾ തയ്യാറാക്കാറുണ്ട്. ഇതിനെ പ്രതിരേധിക്കാൻ ഫ്ളൂറസെന്റ് മഷിയാണ് ഇത്തവണ ഉപയോഗിക്കുന്നത്. ഓണം ബമ്പറിൽ ഇതുണ്ടായിരിക്കും. ഫ്ളൂറസെന്റ് ആയതിനാൽ ഫോട്ടോ കോപ്പി എടുത്ത് കച്ചവടക്കാരെ കബളിപ്പിക്കാൻ സാധിക്കില്ല. നിലവിൽ ഉള്ളതിൽ നിന്നും ഏറെ വ്യത്യസ്തമായൊരു സുരക്ഷാ ക്രമീകരണമായിരിക്കും ഇതെന്നും ഡയറക്ടർ വ്യക്തമാക്കി.

25 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വിൽപ്പന തിങ്കളാഴ്ച മുതൽ ആരംഭിക്കും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP