Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കമ്പത്തു നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ് ബാധ; രാമപുരം പച്ചക്കറി മാർക്കറ്റിലെ ഹോൾ സെയിൽ കടകളിൽ നിന്നും രായ്ക്കുരാമാനം പച്ചക്കറികൾ കടത്തിയത് കാര്യങ്ങൾ സങ്കീർണ്ണമാക്കി; ഭയാശങ്കയുടെ മുൾമുനയിൽ തിരുവല്ല

കമ്പത്തു നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ് ബാധ; രാമപുരം പച്ചക്കറി മാർക്കറ്റിലെ ഹോൾ സെയിൽ കടകളിൽ നിന്നും രായ്ക്കുരാമാനം പച്ചക്കറികൾ കടത്തിയത് കാര്യങ്ങൾ സങ്കീർണ്ണമാക്കി; ഭയാശങ്കയുടെ മുൾമുനയിൽ തിരുവല്ല

എസ് രാജിവ്

തിരുവല്ല : കമ്പത്തു നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഭയാശങ്കയുടെ മുൾമുനയിൽ തിരുവല്ല. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗവായി എം എൽ എയുടെ നേതൃത്വത്തിൽ അടച്ചുപൂട്ടിയ തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റിലെ ഹോൾ സെയിൽ കടകളിൽ നിന്നും രായ്ക്കുരാമാനം പച്ചക്കറികൾ കടത്തിയതടക്കമുള്ള സംഭവങ്ങളാണ് സ്ഥിതി രൂക്ഷമാക്കിയിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ അടപ്പിച്ച കടകളിൽ നിന്നുമാണ് രാതി പത്തരയോടെ പിക്കപ്പിൽ സാധനങ്ങൾ കടത്തിയത്. ഇതിന് പിന്നാലെ രാമപുരം മാർക്കറ്റ് ഉൾപ്പെടുന്ന നഗരസഭ പാലിയേക്കര 33-ാം വാർഡും മണിപ്പുഴ ഉൾപ്പെടു കാവുംഭാഗം 22-ാം വാർഡും കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാമപുരം മാർക്കറ്റിനും മണപ്പുഴ വഴിയോര കച്ചവട കേന്ദ്രത്തിനും 500 മീറ്ററിനുള്ളിലുള്ള കാവുംഭാഗത്തെയും ചന്തക്കടവിലെയും ഹോട്ടലുകൾ അടക്കമുള്ള മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചു. രാമപുരം മാർക്കറ്റും പരിസരവും നഗരസഭാ കെട്ടിടവും ഇന്ന് രാവിലെ അഗ്‌നിശമന സേനയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ അണുവിമുക്തമാക്കി.

മാർക്കറ്റിനോട് ചേർന്നുള്ള എസ് ബി ഐ യുടെ എ ടി എം കൗണ്ടറും അടപ്പിച്ചു.രാമപുരം മാർക്കറ്റിലേക്കടക്കം പച്ചക്കറികൾ എത്തിച്ച പിക്കപ്പ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ആറരയോടെ അടപ്പിച്ച കടകളിൽ നിന്നുമാണ് രാത്രി പത്തരയോടെ പച്ചക്കറികൾ പിക്കപ്പിൽ പൊടിയാടിയിലെയും മണിപ്പുഴയിലിലെയും ചെറുകിട പച്ചക്കറി കടകളിലേക്ക് മറ്റിയത്. രാമപുരം മാർക്കറ്റിലെ ഹോൾ സെയിൽ കടയിൽ നിന്നും സാധനങ്ങൾ എത്തിച്ച പൊടിയാടിയിലെ അമൃത വെജിറ്റബിൾ സ്റ്റോർ നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ തന്നെ അടപ്പിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമയോടും ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പൊടിയാടിയിലെ മുഴുവൻ പച്ചക്കറിക്കടകളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. നെടുമ്പ്രം ഗ്രാമ പഞ്ചായത്തിന്റെ ഈ നടപടികൾക്ക് പിന്നാലെ മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട കേന്ദ്രങ്ങൾ മുഴുവൻ നഗര സഭയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.

രാമപുരം മാർക്കറ്റിലെയും മണിപ്പുഴയിലെ വഴിയോര കച്ചവട കേന്ദ്രത്തിലേയും സ്ഥാപന ഉടമകളും ജീവനക്കാരുമായ 13 പേരെ തിങ്കളാഴ്ച മുതൽ നിരീക്ഷണത്തിലാക്കി. തിരുവല്ല മാർക്കറ്റിൽ അടക്കം കമ്പത്ത് നിന്നും എത്തിയ പിക്കപ്പിൽ നിന്നും പച്ചക്കറി ഇറക്കിയ ലോഡിങ് തൊഴിലാളികളുടെയും മറ്റുള്ളവരുടെയും സമ്പർക്ക പട്ടിക തയാറാക്കുന്ന നടപടികൾക്കും ആരോഗ്യ വിഭാഗം നീക്കം ആരംഭിച്ചിട്ടുണ്ട്. കമ്പത്ത് നിന്നും പച്ചക്കറി എത്തിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവറും കമ്പം കൂടല്ലൂർ സ്വദേശിയായുമായ 22 കാരനാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് മാത്യു ടി തോമസ് എം എൽ എ യുടെയും നഗരസഭ ചെയർമാൻ ആർ ജയകുമാറിന്റെയും സബ് കലക്ടർ വിനയ് ഗോയലിന്റെയും ഡി വൈ എസ് പി ടി രാജപ്പന്റെയും നേതൃത്വത്തിലുള്ള സംഘമെത്തി മാർക്കറ്റും വഴിയോര കച്ചവട കേന്ദ്രങ്ങളും അടപ്പിച്ചത്.

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ച ഡ്രൈവർ കമ്പത്തു നിന്നും പിക്കപ്പിൽ പച്ചക്കറിയുമായി എത്തിയത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടാം തീയതി രാമപുരം മാർക്കറ്റിൽ അടക്കം നടത്തിയ പരിശോധനയിൽ ഇയാളുടെ സ്രവവും പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്ന് ഇയാളുടെ സ്രവ പരിശേധനാ ഫലം ലഭിച്ചതോടെയാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരസഭയിലെ 28, 33 വാർഡുകളിലെ മുഴുവൻ വീടുകളിലും ബുധനാഴ്ച സർവ്വേ നടത്തുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP