Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഞ്ചേരി മെഡിക്കൽ കോളജ് പരിസരത്ത് പാർക്ക് ചെയ്തിരിക്കുന്നത് ഏഴ് ആംബുലൻസുകൾ; പക്ഷെ ഡ്രൈവർമാർ ഒന്നും സ്ഥലത്തില്ല; പനിബാധിച്ച് മരിച്ച 17കാരിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കാത്തുനിന്നത് ഒരുമണിക്കൂർ; ഈ ദുർവിധി രാഷ്ട്രീയ പാർട്ടികളുടേയും സാംസ്‌കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരിൽ തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്ന നഗരത്തിൽ; ആംബുലൻസുകളിലുള്ള ഫോൺ നമ്പറുകളിലേക്ക് വിളിച്ചപ്പോൾ എല്ലാവരും ഓരോരുത്തരും പറയുന്നത് ഓരോ ഒഴിവുകഴിവുകൾ

മഞ്ചേരി മെഡിക്കൽ കോളജ് പരിസരത്ത് പാർക്ക് ചെയ്തിരിക്കുന്നത് ഏഴ് ആംബുലൻസുകൾ; പക്ഷെ ഡ്രൈവർമാർ ഒന്നും സ്ഥലത്തില്ല; പനിബാധിച്ച് മരിച്ച 17കാരിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കാത്തുനിന്നത് ഒരുമണിക്കൂർ; ഈ ദുർവിധി രാഷ്ട്രീയ പാർട്ടികളുടേയും സാംസ്‌കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരിൽ തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്ന നഗരത്തിൽ; ആംബുലൻസുകളിലുള്ള ഫോൺ നമ്പറുകളിലേക്ക് വിളിച്ചപ്പോൾ എല്ലാവരും ഓരോരുത്തരും പറയുന്നത് ഓരോ ഒഴിവുകഴിവുകൾ

ജംഷാദ് മലപ്പുറം

മലപ്പുറം: രാഷ്ട്രീയ പാർട്ടികളുടേയും സാംസ്‌കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരിൽ തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്ന നഗരത്തിൽ മൃതദേഹം വീട്ടിൽകൊണ്ടുപോകാൻ വീട്ടുകാർ ആംബുലൻസ് ഡ്രൈവറെ കാത്തുനിന്നത് ഒരുക്കൂർ സമയം. ഏഴു ആംബുലൻസുകൾ മെഡിക്കൽ കോളജ് പരിസരത്ത് പാർക്ക് ചെയ്തിട്ടും ഒന്നിലുംഡ്രൈവർമാരില്ലാത്ത അവസ്ഥ.

മഞ്ചേരി മെഡിക്കൽ കോളജിലാണ് സംഭവം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിബാധിച്ച് മരണപ്പെട്ട 17വയസ്സുകാരി വിദ്യാർത്ഥിനിയുടെ മൃതദേഹം കൊണ്ടുപോവാനാണ് അർദ്ധരാത്രി ആംബുലൻസ് തേടി ബന്ധുക്കൾ അലഞ്ഞത്, ഈ സമയം മെഡിക്കൽ കോളജ് വളപ്പിൽ ആംബുലൻസ് പാർക്ക് ചെയ്ത് മുങ്ങിയത് ഏഴ് ഡ്രൈവർമാരായിരുന്നു. മഞ്ചേരി മംഗലശ്ശേരിയിൽ നിന്നുള്ളവരാണ് ഇന്നു പുലർച്ചെ ആംബുലൻസ് ഡ്രൈവർമാരുടെ ഒളിച്ചുകളിയിൽ പെട്ട് വലഞ്ഞത്. ആംബുലൻസ് തേടി വലഞ്ഞ യുവാവ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാഷ്ട്രീയ പാർട്ടികളുടേയും സാംസ്‌കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരിൽ തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്ന നഗരത്തിലാണ് ഈ ദുർവിധിയെന്നതും ശ്രദ്ധേയമാണ്.

രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോവാനാണ് കുടുംബം ഒരു മണിക്കൂർ മെഡിക്കൽ കോളജിൽ അലഞ്ഞത്. മംഗലശ്ശേരി പൂന്തോട്ടത്തിൽ സലീമിന്റെ മകൾ ഫിദ ഷെറിൻ (17) ആണ് ആശുപത്രിയിൽ മരണപ്പെട്ടത്. തുടർന്ന് ആംബുലൻസ് തേടി സലീമിന്റെ സുഹൃത്ത് നൗഫലും ഇദ്ദേഹത്തിന്റെ സുഹൃത്തായ ആശുപത്രിയി ജീവനക്കാരനും ചേർന്ന് ആംബുലൻസുകളുടെ പാർക്കിങ് കേന്ദ്രത്തിലെത്തി. വിവിധ സംഘടനകളുടേതും സ്വകാര്യ ഗ്രൂപ്പുകളുടേതുമായി ഏഴ് വാഹനങ്ങൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ ഒരു വാഹനത്തിലും ഡ്രൈവർമാരുണ്ടായിരുന്നില്ല. ആംബുലൻസുകളിലുള്ള ഫോൺ നമ്പറുകളിലേക്ക് വിളിച്ചപ്പോൾ എല്ലാവരും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് തടിയൂരി. താൻ ഡ്യൂട്ടിയിലല്ല, വീട്ടിലാണ്, വണ്ടി അവിടെയുണ്ടെങ്കിലും ഓടാൻ കഴിയില്ല തുടങ്ങിയവയായിരുന്നു ഡ്രൈവർമാരുടെ മറുപടികളെന്ന് നൗഫൽ തത്സമയത്തോട് പറഞ്ഞു. നിരന്തരം ശ്രമം തുടർന്നതോടെയാണ് ഒരു ആംബുലൻസ് ഓടാൻ തയാറായത്. അപ്പോഴേക്കും മരണം നടന്ന് ഒരു മണിക്കൂറോളമായിരുന്നു.

കിട്ടിയ ആംബുലൻസിൽ മൃതദേഹവുമായി വീട്ടിലെത്തിയതിനു പിന്നാലെ അതേ ആംബുലൻസ് തേടി ആശുപത്രിയിൽ നിന്നു വീണ്ടും വിളിയെത്തിയതായും നൗഫൽ പറഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവാനായിരുന്നു. അവരുടെ ബന്ധുക്കളും ആംബുലൻസ് തേടി അലഞ്ഞ് ലഭിക്കാതെ വന്നതിനിടെ ഈ ആംബുലൻസിനെ കുറിച്ച് വിവരം ലഭിക്കുകയും ബന്ധപ്പെടുകയുമായിരുന്നു. ഇതോടെ നൊടിയിടയിൽ മൃതദേഹം വീട്ടിലെത്തിച്ച് ആംബുലൻസ് മടക്കി.
മെഡിക്കൽ കോളജ് വളപ്പിൽ ആംബുലൻസുകൾക്ക് പാർക്കിങ് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇവിടെ നിർത്തുന്ന ആംബുലൻസുകൾ ഓടാൻ തയ്യാറവണമെന്നിരിക്കെ ഡ്രൈവർമാർ കുടുംബത്തെ വട്ടം കറക്കുകയായിരുന്നു. സംഭവത്തിൽ അധികൃതർക്ക് ഇന്ന് പരാതി നൽകുമെന്ന് സാമൂഹ്യ സുരക്ഷ വകുപ്പ് ജീവനക്കാരൻ കൂടിയായ നൗഫൽ അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ട് നന്ദകുമാറിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. ആംബുലൻസുകൾക്കെതിരെ മുമ്പും പലതരത്തിലുള്ള പരാതികളുണ്ടെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ശശി തത്സമയത്തോട് പറഞ്ഞു. മെഡിക്കൽ കോളജ് പരിസരത്ത് പാർക്ക് ചെയ്യുന്ന ആംബുലൻസുകൾ ആവശ്യക്കാരെ വട്ടം കറക്കുന്നതായി പരാതികളുള്ളതായി നാട്ടുകാർ പറഞ്ഞു. മെഡിക്കൽ കോളജ് വളപ്പിലെ പാർക്കിങ് കേന്ദ്രത്തിൽ ആംബുലൻസുകളുണ്ടാവുമെങ്കിലും പലപ്പോഴും ഡ്രൈവർമാരുണ്ടാവാറില്ലെന്നും അത്യാവശ്യ ഘട്ടത്തിൽ ആംബലൻസ് തേടി ഇവിടേക്ക് ഓടിയെത്തുന്നവർ നിരാശരായി മടങ്ങുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.

തന്റെ സുഹൃത്തിന്റെ ഏട്ടന്റെ കുട്ടിക്കാണ് ഈദുരനുഭവമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മഞ്ചേരി സ്വദേശിയായ സി.ടി. നൗഫൽ എന്ന യുവാവ് അനുഭവം തന്റെ ഫേസ്‌ബുക്ക് പേജിൽ വിവരിക്കുന്നത് ഇങ്ങിനെയാണ്..

പ്രിയപ്പെട്ടവരെ
വളരെ സങ്കടത്തോടെയും ദേഷ്യത്തോടെയുമാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത് .ഇന്ന് 25/06/19 ന് രാത്രി ഒരു മണിക്ക് എന്റെ സുഹൃത്തിന്റെ ഏട്ടന്റെ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് പനി ബാധിച്ചു മരണപ്പെട്ടു .മൃതദേഹം കൊണ്ട് പോവുന്നതിനു ആംബുലൻസിനു വേണ്ടി ഞങ്ങളും ആശുപത്രി ജീവനക്കാരനായ എന്റെ സുഹൃത്തു ആംബുലൻസ് ഡ്രൈവർമാർക്കു മാറി മാറി വിളിച്ചെങ്കിലും ആശുപത്രിയുടെയും വിവിധ സംഘടനകളുടെയും പാർട്ടികളുടെയും ചാരിറ്റി സ്ഥാപനങ്ങളുടെയും എല്ലാം നിരവധി ആംബുലൻസുകളും ഉണ്ടായിട്ടും 50 മിനുട്ടിനു ശേഷമാണു ഒരു ആംബുലൻസ് ലഭിച്ചത് .ഡ്രൈവർമാർക്കു വിളിക്കുന്ന സമയത്തെല്ലാം ആശുപത്രിയിലെ ആംബുലൻസ് പാർക്കിങ് ചെയ്യുന്ന സ്ഥലത്തു 7 ആംബുലൻസുകൾ നിർത്തിയിട്ടിട്ടുണ്ട് .ഒടുവിൽ 50 മിനുട്ടിനു ശേഷം വന്ന ആംബുലൻസിൽ മൃതദേഹവുമായി ഞങ്ങൾ പോയി.അവരുടെ വീട്ടിലെത്തി മൃതദേഹം ഇറക്കിവെച്ചു ആംബുലൻസ് ആ വീട്ടിൽ നിന്ന് പോയ ഉടനെ ആശുപത്രി ജീവനക്കാരനും എന്റെ സുഹൃത്തും ഞങ്ങൾക്ക് ആംബുലൻസ് ലഭിക്കുന്നതിന് വേണ്ടി പലരെയും വിളിക്കുകയും ചെയ്ത വ്യക്തി എനിക്ക് ഫോണിൽ വിളിച്ചു ചോദിച്ചു ആ ആംബുലൻസ് അവിടെ നിന്ന് പോയോ ,ഇല്ലെങ്കിൽ ആ ഡ്രൈവറോട് വളരെ അർജന്റായി ഹോസ്പിറ്റലിലേക്ക് വരാൻ പറ ഒരു രോഗിയുമായി അടിയന്തിരമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോവണം .....ഇതാണ് മഞ്ചേരിയിലെ അവസ്ഥ.

ആംബുലൻസ് എന്നത് ഒരു സർവീസും ഒരു എമർജൻസി വാഹനം ആണ് എന്നാണ് എന്റെ പരിമിതമായ അറിവിൽ നിന്ന് എനിക്ക് മനസ്സിലായിട്ടുള്ളത്. എന്നാൽ ഒരു മെഡിക്കൽ കോളേജിൽ നിന്ന് അത്യാവശ്യമായി ഒരു രോഗിയെ കൊണ്ട് പോവേണ്ടി വന്നാൽ ഒരു മണിക്കൂർ കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ മഞ്ചേരിക്കാർക് മാത്രമല്ല കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഒന്നാണ് .അതുകൊണ്ട് തന്നെ മഞ്ചേരിയിൽ ആംബുലൻസ് സർവീസ് നടത്തുന്നവർ രാത്രിയിൽ കൂടി അവരുടെ സേവനം ലഭ്യമാകുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി ചെയ്യണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP