Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഷപ്പ് തിരുത്തി; നയത്തിൽ മാറ്റം വന്നാൽ മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്ന് താമരശ്ശേരി ബിഷപ്പ്; മദ്യനയത്തിൽ തിരുത്തലുകൾ പാടില്ലെന്ന പരോക്ഷ സൂചനയും; ഞായറാഴ്ചത്തെ ഡ്രൈഡേ തുടരേണ്ടിവരും

ബിഷപ്പ് തിരുത്തി; നയത്തിൽ മാറ്റം വന്നാൽ മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്ന് താമരശ്ശേരി ബിഷപ്പ്; മദ്യനയത്തിൽ തിരുത്തലുകൾ പാടില്ലെന്ന പരോക്ഷ സൂചനയും; ഞായറാഴ്ചത്തെ ഡ്രൈഡേ തുടരേണ്ടിവരും

കോട്ടയം: ബാർക്കോഴയിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി താമരശ്ശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചാനാനിയേലിന്റെ പ്രസംഗം. മന്ത്രി കെ എം മാണിയെ പ്രതിരോധത്തിലാക്കി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ബിഷപ്പ് രൂക്ഷ വിമർശനമുയർത്തി. ബാർ ഉടമകളിൽ നിന്ന് മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കേണ്ടിവരുമെന്നും ഈ നില തുടർന്നാൽ സർക്കാരിന് തിരിച്ചടിയുണ്ടാകുമെന്നും ബിഷപ്പ് പറഞ്ഞു. എന്നാൽ ഇത് രാഷ്ട്രീയ വിവാദമായതോടെ പ്രസ്താവ ഇറക്കി പ്രസംഗത്തിന്റെ വ്യാപ്തി ബിഷപ്പ് കുറച്ചു. കോട്ടയത്തു നടന്ന 16ാമത് കെസിബിസിയുടെ സംസ്ഥാന സമ്മേളനത്തിലാണ് മദ്യനയത്തിൽ സർക്കാരിനെ വിമർശിച്ചത്

ഇതിൽ മാണി കോഴ വാങ്ങിയെന്ന സംശയിക്കുന്നതായി ബിഷപ്പ് പറഞ്ഞത് മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. ചർച്ചയുമായി. ഇതോടെയാണ് തിരുത്തുമായി ബിഷപ്പിന്റെ ഓഫീസെത്തിയത്. പ്രസംഗത്തിലെ ഭാഗങ്ങൾ അടർത്തിയെടുത്തതാണ് പ്രശ്‌നമായത്. മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നതായി പറഞ്ഞിട്ടില്ല. മറിച്ച് നിലവിലെ മദ്യനയം തിരുത്തിയാൽ അങ്ങനെ സംശയിക്കേണ്ടി വരുമെന്നാണ് പ്രസംഗിച്ചതെന്നാണ് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാൻ കുടിയായ റെമിജിയൂസ് ഇഞ്ചാനാനിയേലിന്റെ വിശദീകരണം. ഇതു സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതാണ്. മദ്യനയത്തിൽ ഉറച്ചു നിൽക്കണമെന്ന ശക്തമായ സൂചനയാണ് തിരുത്തലിലും ബിഷപ്പ് നൽകുന്നത്.

കെസിബിസി യോഗത്തിൽ പൂട്ടിയ ബാറുടകൾ തുറക്കാൻ മാണി കോഴ വാങ്ങിയതായി വിശ്വസിക്കുന്നുവെന്ന് ബിഷപ്പ് റമിജിയൂസ് ഇഞ്ചാനാനിയേൽ പറഞ്ഞിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടുകളാണ് ഇങ്ങനെ വിശ്വസിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. മാണിക്കെതിരെ ഉയർന്ന കോഴ ആരോപണം നേരത്തെ വിശ്വാസിച്ചിരുന്നില്ല.എന്നാൽ, ഇപ്പോൾ സർക്കാരിന്റെ നിലപാട് മാറ്റം കോഴ ആരോപണം ശരിയാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുകയാണ്. സർക്കാർ ജനവിരുദ്ധ നിലപാടുകൾ തുടർന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ മാണി ദുഃഖിക്കേണ്ടി വരുമെന്നും ഇഞ്ചനാനിയേൽ പറഞ്ഞു. ആർത്തി പൂണ്ട ഭരണാധികാരികളുടെ ഭരണമാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ തിരിച്ചടി ഉണ്ടാവുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കണമെന്നായിരുന്നു താമരശ്ശേരി ബിഷപ്പിന്റെ അഭിപ്രായം.

കെസിബിസിയിൽ ബിഷപ്പിന്റെ വാക്കുകളെത്തിയതോടെ ബാർ കോഴ വീണ്ടും ചർച്ചയായി. ബിഷപ്പിന് പോലും കാര്യങ്ങൾ മനസ്സിലായെന്ന വാദവുമായി പ്രതിപക്ഷം ചർച്ചകളിൽ സജീവമായി. ഇടതുപക്ഷക്കാരനല്ലാത്ത ബിഷപ്പ് പറയുന്നത് മുഖവിലയ്ക്ക് എടുക്കണമെന്നാണ് സിപിഐയിലെ വി എസ് സുനിൽകുമാർ പ്രതികരിച്ചത്. എന്നാൽ മാണിക്കെതിരെ ബിഷപ്പ് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ചീഫ് വിപ്പ് പിസി ജോർജ്ജിന്റെ വാദം. മദ്യനയത്തിലെ പുതിയ നിലപാടുകളാണ് സംശയമുണ്ടാക്കുന്നതെന്നാണ് ബിഷപ്പ് പറയുന്നത്. ഇതിനർത്ഥം മാണി കൈക്കൂലി വാങ്ങിയെന്ന് ബിഷപ്പ് സ്ഥിരീകരിക്കുന്നുവെന്നല്ല. ഇടതുപക്ഷം ഉണ്ടാക്കിയ പുകമറയാണ് ബിഷപ്പിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് പിസി ജോർജ്ജ് വിശദീകരിച്ചു. തൊട്ടുപിന്നാലെയാണ് ബിഷപ്പിന്റെ തിരുത്തുണ്ടാകുന്നത്.

അതിനിടെ മദ്യനയത്തിൽ തിരുത്തലിന് ശ്രമിച്ചാൽ ക്രൈസ്തവ സഭകൾ കെപിസിസി പ്രസിഡന്റ് വി എം സുധീരന് പിന്നിൽ അണി നിരക്കുമെന്ന സൂചന തന്നെയാണ് ബിഷപ്പിന്റെ വാക്കുകൾ. തിരുത്തലിലും അത് പ്രതിഫലിച്ചു. ഞായറാഴ്ച ഡ്രൈഡേ ആക്കിയത് മാറ്റാനുള്ള സർക്കാർ നീക്കത്തെ തിരിച്ചറിഞ്ഞാണ് താമരശ്ശേരി ബിഷപ്പിന്റെ വിമർശനം. ഇതോടെ മദ്യനയത്തിൽ മാറ്റത്തിന് സർക്കാർ തയ്യാറാകുമോ എന്ന ചർച്ചയും സജീവമാണ്. സുധീരന് പിന്നിൽ കൂടുതൽ ബിഷപ്പുമാർ അണിനിരക്കാനുള്ള സാധ്യതയുമുണ്ട്.

അതിനിടെ മദ്യനയത്തിൽ കടും പിടുത്തം നടത്തുന്ന വി എം സുധീരന്റെ നിലപാടുകളെ വിമർശിച്ച് എക്‌സൈസ് മന്ത്രി കെ ബാബു രംഗത്ത് എത്തി. വിഷയത്തിൽ പാർട്ടിയും സർക്കാരും ഒന്നിച്ചു പോകുന്നതിനായി സുധീരന്റെ രീതി മാറണമെന്നും. മദ്യനയത്തിൽ അദ്ദേഹം പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും എക്‌സൈസ് മന്ത്രി ആവശ്യപ്പെട്ടു. മദ്യ നയത്തിൽ സുധീരൻ പ്രായോഗിക സമീപനമാണ് കൈക്കൊള്ളേണ്ടത്. ബാറുകാരുടെ വോട്ട് വേണ്ട എന്നു പറഞ്ഞ നടപടി തെറ്റായിരുന്നുവെന്നും വിശദീകരിച്ചു.

ആദർശത്തിന്റെ ആൾരൂപമായ എകെ ആന്റണി പോലും വോട്ട് വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ബാബു പറഞ്ഞു. കെപിസിസി പ്രസിഡന്റ് നടത്തുന്ന ഇത്തരത്തിലെ സമീപനങ്ങൾ സ്വീകാര്യമല്ലെന്നും. വിഷയത്തിൽ പ്രായോഗിക തീരുമാനങ്ങൾക്കുള്ള പരിഗണനയാണ് ആവശ്യമെന്നും ബാബു വ്യക്തമാക്കി. ലൈസൻസ് പുതുക്കാത്തതുൾപ്പെടെയുള്ള 730 ബാറുകൾ പൂട്ടാനുള്ള ഓഗസ്റ്റ് 21 ലെ യുഡിഎഫ് തീരുമാനത്തിന് ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യാഴാഴ്ച് സുധീരൻ പറഞ്ഞത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എക്‌സൈസ് മന്ത്രി കെപിസിസി പ്രസിഡന്റിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞത്.

എന്നാൽ മദ്യനയത്തിൽ പ്രയോഗിക തിരുത്തൽ വരുത്തുമെന്ന സർക്കാർ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഇന്നും രംഗത്ത് എത്തി. സംസ്ഥാനത്തിന്റെ മദ്യനയം നയമായി തന്നെ തുടരും. മദ്യനയം അട്ടിമറിക്കാൻ ചില സ്ഥാപിത താൽപര്യക്കാർ തുടക്കം മുതൽ ശ്രമിക്കുന്നുണ്ട്. അവരുടെ ശ്രമങ്ങളൊന്നും വിജയിക്കാൻ പോകുന്നില്ല. മദ്യനയം യു.ഡി.എഫിന്റെ കൂട്ടായ നയമാണെന്നും സുധീരൻ പറഞ്ഞു. തിരുവനന്തപുരത്ത് ജനപക്ഷയാത്രയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധീരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP