Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം കുറച്ചിട്ടും 11 ജില്ലകളിലെ പുനർനിയമനം പൂർത്തിയായപ്പോൾ 2200 അദ്ധ്യാപകർക്ക് പണി പോയി; ഈ മാസം മുതൽ ഈ എയ്ഡഡ് അദ്ധ്യാപകർക്ക് ശമ്പളമില്ല

അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം കുറച്ചിട്ടും 11 ജില്ലകളിലെ പുനർനിയമനം പൂർത്തിയായപ്പോൾ 2200 അദ്ധ്യാപകർക്ക് പണി പോയി; ഈ മാസം മുതൽ ഈ എയ്ഡഡ് അദ്ധ്യാപകർക്ക് ശമ്പളമില്ല

തിരുവനന്തപുരം: മുൻ സർക്കാറിന്റെ കാലത്ത് വേണ്ടത്ര കുട്ടികൾ ഇല്ലാതിരുന്നിട്ട് കൂടി സൃഷ്ടിച്ച അദ്ധ്യാപക തസ്തികകളുടെ എണ്ണം വളരെ കൂടുതലാണ്. എയ്ഡഡ് സ്‌കൂളുകളിൽ കാശു വാങ്ങി മാനേജർമാർ നിയമനം യഥേഷ്ടം നടത്തി. എന്നാൽ, അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം കുറച്ചു കൊണ്ട് തീരുമാനം കൈക്കൊണ്ടിട്ടും ഇവരിൽ പലർക്കും ജോലി പോകും. പുതിയ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം അനുസരിച്ച് പതിനൊന്ന് ജില്ലയിലെ അദ്ധ്യാപക തസ്തിക നിർണയം പൂർത്തിയായപ്പോൾ 2200 എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.

ഏറ്റവും കൂടുതൽ അദ്ധ്യാപകർക്കു ജോലി നഷ്ടപ്പെട്ടത് എറണാകുളം ജില്ലയിലാണ്-500. തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകർക്കു ജൂൺ മാസത്തേതു മുതൽ ശമ്പളം (ജൂലൈയിൽ വാങ്ങുന്നത്) ലഭിക്കില്ല. മൂന്നു ജില്ലയിലെ അദ്ധ്യാപക നിർണയംകൂടി പൂർത്തിയാകുമ്പോൾ ജോലി നഷ്ടപ്പെട്ട അദ്ധ്യാപകരുടെ എണ്ണം മൂവായിരമായി ഉയരും. സംസ്ഥാനത്ത് ഏതാനും വർഷമായി അദ്ധ്യാപക തസ്തിക നിർണയം മുടങ്ങിക്കിടക്കുകയായിരുന്നു. അദ്ധ്യാപകപാക്കേജുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അദ്ധ്യാപക തസ്തിക നിർണയം നടന്നത്.

45 വിദ്യാർത്ഥിക്ക് ഒരു അദ്ധ്യാപകൻ എന്ന അനുപാതത്തിലായിരുന്നു മുമ്പ് തസ്തിക നിർണയിച്ചിരുന്നത്. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമവും ഹൈക്കോടതി ഉത്തരവും അനുസരിച്ച് എൽ.പി. സ്‌കൂളിൽ 1:30, യു.പി. സ്‌കൂളിൽ 1:35 എന്ന അനുപാതത്തിലാണ് തസ്തിക നിർണയം നടത്തിയത്. തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിലെ തസ്തിക നിർണയമാണ് ഇനി പൂർത്തിയാകാനുള്ളത്.

ഏറ്റവും കൂടുതൽ എയ്ഡഡ് സ്‌കൂളുകളുള്ളത് തിരുവനന്തപുരത്തും മലപ്പുറത്തുമാണ്. കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് തസ്തിക നഷ്ടപ്പെടുന്ന അദ്ധ്യാപകർക്ക് പുനർനിയമനം ലഭിക്കുന്നതുവരെ ശമ്പളം നൽകേണ്ടെന്നു മുൻ സർക്കാർ തീരുമാനിച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്തു പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മുൻ സർക്കാർ തയാറാക്കിയ അദ്ധ്യാപക പാക്കേജ് പ്രകാരം അദ്ധ്യാപകർക്കുള്ള സംരക്ഷണം 2011 മാർച്ച് വരെ നീട്ടിയിരുന്നു. അദ്ധ്യാപക പാക്കേജുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പുറത്തിറക്കിയ ഉത്തരവിൽ ഇത് 2014-15 അധ്യയനവർഷംവരെ നിയമനം ലഭിച്ചവർക്കുകൂടി ബാധകമാക്കി. സർക്കാരിന്റെ ഈ സംരക്ഷണം 2016 ജനുവരി 26 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ എടുത്തുകളഞ്ഞു. ഇത് ഈ അധ്യയനവർഷം തന്നെ നടപ്പാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഈ അദ്ധ്യാപകർക്ക് പുനർ നിയമനം ലഭിക്കുന്നതുവരെ ശമ്പളം ലഭിക്കില്ല.

ഇവർക്കു പുനർവിന്യസിക്കപ്പെടുന്ന മുറയ്ക്കുമാത്രമേ സ്പാർക്കിലുടെ ശമ്പളം നൽകൂ. പുനർനിയമനം ലഭിച്ചില്ലെങ്കിൽ ശമ്പളം നൽകില്ല. ഇതു ശൂന്യവേതാനാവധി ആയി കണക്കാക്കും. എയ്ഡഡ് സ്‌കൂളുകളിൽ വരുന്ന ഒഴിവുകളിൽ 1:1 അനുപാതത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുനർനിയമനം നൽകണമെന്ന് സർക്കാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു സ്‌കൂളിൽനിന്ന് അദ്ധ്യാപകന് തൊഴിൽ നഷ്ടപ്പെടുകയും പുതിയ അനുപാതമായ 1:30 അനുസരിച്ച് ഒഴിവുണ്ടാകുകയും ചെയ്താൽ തിരികെ നിയമനം ലഭിക്കും. എന്നാൽ, ഇങ്ങനെ തിരികെ ജോലി ലഭിക്കുന്നവർ നാമമാത്രമായിരിക്കും. ഒരു മാനേജ്മെന്റിനു കീഴിലുള്ള സ്‌കൂളിൽനിന്നു ജോലി നഷ്ടപ്പെടുന്ന അദ്ധ്യാപകനെ മറ്റേതെങ്കിലും സ്‌കൂളിൽ ഒഴിവു വന്നാൽ നിയമിക്കണമെന്ന വ്യവസ്ഥ മാനേജ്മെന്റുകൾ അംഗീകരിക്കുന്നില്ല.

മാത്രമല്ല, നിയമനം നടത്തുന്നതിൽ മാനേജ്മെന്റിനുള്ള അധികാരം ഉറപ്പിക്കുന്ന തരത്തിൽ ഹൈക്കോടതിയിൽനിന്നു മാനേജ്മെന്റിന് അനുകൂല വിധിയും ലഭിച്ചിട്ടുണ്ട്. 150 കുട്ടികളിൽ കൂടുതലുള്ള എൽ.പി. സ്‌കൂളുകളിലും 100 കുട്ടികളിൽ കൂടുതലുള്ള യു.പി. സ്‌കൂളുകളിലും ഹെഡ്‌മാസ്റ്റർമാരെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കാനും ഈ തസ്തികകളിൽ സംരക്ഷിത പട്ടികയിൽപ്പെട്ട അദ്ധ്യാപകരെ പുനർ വിന്യസിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് തസ്തിക നിർണയം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP