Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് യോഗം ചേരുന്നത് കർദ്ദിനാളിനെതിരെ വൈദികർ രംഗത്തെത്തിയ സാഹചര്യത്തിൽ; നാളെ നടക്കുന്ന സിനഡ് യോഗത്തിൽ ഭരണ നിർവഹണവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ മാത്രമെന്ന് ഔദ്യോഗിക വിശദീകരണം; ഗൗരവമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകുക അടുത്ത മാസം ചേരുന്ന പൂർണ സിനഡിൽ മാത്രം

സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് യോഗം ചേരുന്നത് കർദ്ദിനാളിനെതിരെ വൈദികർ രംഗത്തെത്തിയ സാഹചര്യത്തിൽ; നാളെ നടക്കുന്ന സിനഡ് യോഗത്തിൽ ഭരണ നിർവഹണവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ മാത്രമെന്ന് ഔദ്യോഗിക വിശദീകരണം; ഗൗരവമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകുക അടുത്ത മാസം ചേരുന്ന പൂർണ സിനഡിൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കർദിനാളിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികർ രംഗത്തെത്തിയ സാഹചര്യത്തിൽ സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് നാളെ അടിയന്തിര യോഗം ചേരും. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. വൈദികർ പരസ്യ പ്രതിഷേധം നടത്തിയ സംഭവമായിരിക്കും സിനഡിലെ മുഖ്യ ചർച്ചാ വിഷയം. സഭയുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടിയാലോചനക്കായാണ് മെത്രാന്മാരുടെ സിനഡ് ചേരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

 എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാരെ നീക്കിയ നടപടിയിലും ചർച്ച നടക്കും. വത്തിക്കാന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമറിയിച്ച് യോഗം ചേർന്ന വൈദികർക്കെതിരെ നടപടി വേണമെന്ന് കർദിനാൾ പക്ഷത്തുള്ള വൈദികരും ആവശ്യപ്പെട്ടിട്ടുണ്ട്.

സഹായ മെത്രാന്മാരെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു വിമത വൈദികർ പ്രാർത്ഥനാ യോഗം ചേർന്നത്. 250 ഓളം വൈദികർ യോഗത്തിൽ പങ്കെടുത്തു. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പരസ്യപ്പെടുത്താത്തതിൽ വിമത വൈദികർ പ്രതിഷേധം അറിയിച്ചു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്മാരെ മാറ്റിയത് ജോർജ് ആലഞ്ചേരിയുടെ പ്രതികാര നടപടിയാണെന്ന് വിമത വൈദികർ ആരോപിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി ബിഷപ്പിനെ വേണമെന്നാണ് വിമത വൈദികർ ആവശ്യപ്പെടുന്നത്. അതിരൂപതയ്ക്ക് ആലഞ്ചേരിയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. പ്രതിഷേധ സംഗമത്തിന് ശേഷമായിരുന്നു വിമത വൈദികർ പരസ്യമായി രംഗത്തുവന്നത്.

സഹായ മെത്രാന്മാരെ നീക്കിയത് അവരെ കാരണം അറിയിക്കാതെയാണ്. ഇത് പ്രതികാര നടപടിയാണ്. ആലഞ്ചേരിയുടെ നേതൃത്വത്തിൽ രൂപതയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. കാനോനിക നിയമം അടക്കം ആലഞ്ചേരി ലംഘിച്ചു. ഭൂമി വിൽപന സിനഡിൽ ചർച്ച ചെയ്തില്ല. നിയമം പാലിച്ചിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ സംഭവിക്കില്ലായിരുന്നു എന്നും വിമത വൈദികർ ആരോപിച്ചു. സഹായ മെത്രാന്മാരെ ഇറക്കി വിട്ടത് ഒരു വിശദീകരണവും ചോദിക്കാതെയാണെന്നും വൈദികർ കുറ്റപ്പെടുത്തി. സത്യത്തിനായി ഒരുമിച്ച് കൂടണമെന്നാണ് വത്തിക്കാൻ പ്രമാണം. തങ്ങളുടെ കടമയാണ് ഇപ്പോൾ ചെയ്യുന്നതെന്നും വൈദികർ പറഞ്ഞു.

സഹായ മെത്രാന്മാരായിരുന്ന മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെയാണ് കഴിഞ്ഞ ആഴ്ച സസ്‌പെൻഡ് ചെയ്തത്. വത്തിക്കാൻ ഇടപെട്ട് ഇരുവരെയും ചുമതലകളിൽ നിന്ന് നീക്കിയതായി അതിരൂപതയിൽ നിന്നുള്ള അറിയിപ്പുണ്ടായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂർണ ഭരണ ചുമതല കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് മാത്രമായിരിക്കും എന്നും വത്തിക്കാനിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു. സഹായ മെത്രാൻ സ്ഥാനത്തു നിന്ന് മാറ്റിയ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ പുതിയ ചുമതലയെ കുറിച്ച് അടുത്ത സിനഡ് തീരുമാനിക്കും.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ 11നാണ് സിനഡ് ചേരുക. കർദിനാൾ അടക്കം അഞ്ചു മുതിർന്ന മെത്രാന്മാരാണ് സ്ഥിരം സിനഡിലുള്ളത്. റോമിലുള്ള ബിഷപ് മാർ ജേക്കബ് മനത്തോടത്ത് സിനഡിൽ പങ്കെടുക്കില്ല. കർദിനാൾ ആലഞ്ചേരിയെ ചുമതലകൾ ഏൽപിച്ചതും സഹായമെത്രാന്മാരെ നീക്കം ചെയ്തതും അടക്കം തീരുമാനങ്ങൾ തിരുത്തണമെന്ന ആവശ്യത്തിൽ നടപടിക്ക് സാധ്യതയില്ല. ആഗസ്റ്റിൽ ചേരുന്ന മെത്രാന്മാരുടെ പൂർണ സിനഡിന് മാത്രമേ ഗൗരവമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP