Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ശ്യാമള കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ വീതം പിഴയും പോക്‌സോ കോടതി ശിക്ഷ വിധിച്ചു; വഞ്ചിയൂർ പൊലീസ് എഴുതി തള്ളിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച് ; ഒരു പ്രതിക്ക് ഒരു സ്ത്രീ തൊഴിലാളിയുമായി അവിഹിത ബന്ധമുണ്ടെന്ന് ശ്യാമള പറഞ്ഞതിനാലുള്ള വിരോധത്താൽ കൊല ചെയ്തുവെന്ന് കേസ്

ശ്യാമള കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ വീതം പിഴയും പോക്‌സോ കോടതി ശിക്ഷ വിധിച്ചു; വഞ്ചിയൂർ പൊലീസ് എഴുതി തള്ളിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച് ; ഒരു പ്രതിക്ക് ഒരു സ്ത്രീ തൊഴിലാളിയുമായി അവിഹിത ബന്ധമുണ്ടെന്ന്  ശ്യാമള പറഞ്ഞതിനാലുള്ള വിരോധത്താൽ കൊല ചെയ്തുവെന്ന് കേസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാറ്റൂർ നിഷാ പപ്പട നിർമ്മാണ ഫാക്ടറിയിലെ ജീവനക്കാരി ശ്യാമളയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ വീതം പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ 3 വർഷം അധിക തടവനുഭവിക്കാനും ജഡ്ജി പി.എൻ.സീത ഉത്തരവിട്ടു. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും ആശ്രിതർക്ക് ഭാവി നന്മക്കായി മതിയായ തുക നഷ്ടപരിഹാരമായി നൽകാനും തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയോടും കോടതി ഉത്തരവിട്ടു. തൊഴിൽ ചെയ്ത് ജീവിക്കാനുള്ള ഒരു യുവതിയുടെ ജീവിതം നിഷേധിച്ച് അവരെ മരണത്തിലേക്ക് തള്ളിവിട്ട പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ല. മക്കളുടെ ആശ്രയമായിരുന്ന ഒരു യുവതിയുടെ ജീവിതം മൃഗീയമായി തല്ലിക്കെടുത്തിയ പ്രതികൾ നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹരല്ലെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.

പ്രതികളായ വട്ടിയൂർക്കാവ് തോപ്പുമുക്ക് നേതാജി റോഡിൽ മേലേ പുത്തൻവീട്ടിൽ ഗോപി പിള്ള മകൻ ഓട്ടോറിക്ഷാ ഡ്രൈവർ വിജയൻ നായർ (45), മുട്ടത്തറ ശ്രീവരാഹം കല്ലുംമൂട് പുത്തൻവീട്ടിൽ തങ്കപ്പൻ മകൻ വിജയകുമാർ (44) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നിഷാ പപ്പട ഫാക്ടറി തൊഴിലാളി പള്ളിച്ചൽ ഇടക്കോട് മൂക്കുന്നിയൂർ മേലേ പുത്തൻവീട്ടിൽ ശ്യാമളയെ (45 ) ദാരുണമായി കൊലപ്പെടുത്തിയെന്നാണ് കേസ്. 2001 ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പപ്പട കമ്പനിയിൽ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളായിരുന്നു. ഓവർടൈം ജോലിയുള്ള ദിനങ്ങളിൽ രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് സ്ത്രീ ജീവനക്കാരെ നഗരത്തിലെ വിവിധ ബസ്സ്‌റ്റോപ്പുകളിൽ കൊണ്ടു വിടുന്നതിന് വിജയൻ നായരുടെ ഓട്ടോയാണ് കമ്പനി ഏർപ്പാടാക്കിയത്. വിജയകുമാർ പപ്പട കമ്പനിയിലെ നിത്യ സന്ദർശകനും പപ്പടം വാങ്ങി മറ്റു കടകളിൽ കൊണ്ടുപോയി വിൽക്കാറുമുണ്ട്.

വിജയൻ നായർക്ക് കമ്പനിയിലെ ഒരു ജീവനക്കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് ശ്യാമള പറഞ്ഞു പരത്തിയതിൽ വച്ചുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവ ദിവസം രാത്രി 8 മണിക്ക് പതിവു പോലെ ജോലി കഴിഞ്ഞ് വിജയന്റെ ഓട്ടോയിൽ ശ്യാമള അടക്കം 3 ജീവനക്കാരികളെയും കയറ്റി യാത്ര ചെയ്ത് 2 ജീവനക്കാരികളെ പാളയം മസ്‌ക്കറ്റ് ഹോട്ടലിന് മുന്നിൽ ഇറക്കിയ ശേഷം പാളയം പബ്ലിക് ലൈബ്രററിയുടെ മുൻവശം ഇറക്കേണ്ട ശ്യാമളയെ അവിടെ ഇറക്കാതെ എ കെ ജി സെന്ററിന് താഴെയുള്ള സുകുമാർ ഓട്ടോ സർവ്വീസ് - വർക്ക്‌ഷോപ്പിൽ എത്തിച്ചു. വർക്ക്‌ഷോപ്പിനകത്ത് കാത്തു നിന്ന വിജയകുമാറും വിജയനും ചേർന്ന് ശ്യാമളയെ മർദിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് പിറകോട്ട് തള്ളിയതിൽ വച്ച് സർവ്വീസ് സ്റ്റേഷനകത്തുള്ള പൈപ്പ് കുറ്റിയിൽ തലയുടെ പുറം ഭാഗം ശക്തിയായി ഇടിച്ചതിൽ വച്ച് മാരകമായ മുറിവുണ്ടാകുകയും ചെയ്തു.

Stories you may Like

അബോധാവസ്ഥയിലായ ശ്യാമളയെ പ്രതികൾ ഓട്ടോയിൽ കയറ്റി രാത്രി 10.3ഛ മണിയോടെ പറ്റൂർ - വഞ്ചിയൂർ റോഡിൽ ഡാമർ ടിംബേഴ്‌സിന്റെ സമീപത്തുള്ള മതിലോട് ചാരി ഇരുത്തിയ ശേഷം കടന്നുകളഞ്ഞു. തിരികെ വർക്ക്‌ഷോപ്പിൽ എത്തിയ പ്രതികൾ വർക്ക്‌ഷോപ്പിനകത്തും ഓട്ടോയിലും രക്തം പുരണ്ടിരുന്ന സ്ഥലമെല്ലാം കഴുകി വൃത്തിയാക്കി തെളിവ് നശിപ്പിച്ചു.അബോധാവസ്ഥയിൽ ഒരു സ്ത്രീ ഇരിക്കുന്നുവെന്ന വിവരം കിട്ടിയ ഫ്‌ളയിങ് സ്‌ക്വാഡ് പൊലീസ് സ്ഥലത്തെത്തി ചെറിയ ഞെരക്കം മാത്രം ഉണ്ടായിരുന്ന ശ്യാമളയെ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 1 മണിയോടെ ശ്യാമള മരിച്ചു. ശ്യാമളയെ അബോധാവസ്ഥയിൽ കാണപ്പെട്ട സ്ഥലത്തെ മണൽപ്പൊടികളുമായി ശ്യാമളയുടെ ശരീരത്തിൽ കാണപ്പെട്ട മണൽപ്പൊടികൾക്ക് വ്യത്യാസമുണ്ടായിരുന്നുവെന്ന ഫ്‌ളയിങ് സ്‌ക്വാഡ് ഹെഡ് കോൺസ്റ്റബിൾ കാസിംകണ്ണിന്റെ മൊഴി വിചാരണയിൽ നിർണ്ണായകമായി.

ശരീരത്തിലെ മണൽപ്പൊടികളും വർക്ക്‌ഷോപ്പിനകത്തെ മണൽപ്പൊടികളും ഒന്നാണെന്നും ഓട്ടോറിക്ഷയിലെ മനുഷ്യ രക്തവും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. വഞ്ചിയൂർ പൊലീസ് ഒരു വർഷം അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പുണ്ടാക്കാനായില്ല. തുടർന്ന് ശ്യാമളയുടെ ഭർത്താവ് നടരാജനും കുടുംബാംഗങ്ങളും നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്. പ്രോസിക്യൂഷന് വേണ്ടി അഡീ.പ്രോസിക്യൂട്ടർ സലാഹുദീൻ ഹാജരായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP