Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെഡ്ക്രോസ് സസ്പെൻഡ് ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി സമാന്തര ജില്ലാ കമ്മറ്റികൾ രൂപീകരിക്കുന്നു; സാമ്പത്തിക ക്രമക്കേടിന് അന്വേഷണം നേരിടുന്ന ചെമ്പഴന്തി അനിൽ രൂപീകരിച്ചത് പത്തനംതിട്ട ജില്ലാ കമ്മറ്റി; പ്രസിഡന്റാക്കിയത് മുൻ ആർഎസ്‌പി നേതാവ് സലിം പി ചാക്കോയെ; പുതിയ കമ്മറ്റി രൂപീകരിച്ചത് ഔദ്യോഗിക ജില്ലാ കമ്മറ്റി നിലവിലുള്ളപ്പോൾ; സാധുതയില്ലെന്ന് സംസ്ഥാന ചെയർമാൻ

റെഡ്ക്രോസ് സസ്പെൻഡ് ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി സമാന്തര ജില്ലാ കമ്മറ്റികൾ രൂപീകരിക്കുന്നു; സാമ്പത്തിക ക്രമക്കേടിന് അന്വേഷണം നേരിടുന്ന ചെമ്പഴന്തി അനിൽ രൂപീകരിച്ചത് പത്തനംതിട്ട ജില്ലാ കമ്മറ്റി; പ്രസിഡന്റാക്കിയത് മുൻ ആർഎസ്‌പി നേതാവ് സലിം പി ചാക്കോയെ; പുതിയ കമ്മറ്റി രൂപീകരിച്ചത് ഔദ്യോഗിക ജില്ലാ കമ്മറ്റി നിലവിലുള്ളപ്പോൾ; സാധുതയില്ലെന്ന് സംസ്ഥാന ചെയർമാൻ

ആർ കനകൻ

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സസ്പെൻഷനിലായ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ സമാന്തര ജില്ലാ കമ്മറ്റികൾ രൂപീകരിക്കുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കമ്മറ്റി നിലവിൽ വന്നു. ആർഎസ്‌പി നേതാവും ആർവൈഎഫ് മുൻ ദേശീയ സെക്രട്ടറിയുമായ സലിം പി ചാക്കോയെ ആണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഒരു പറ്റം കോൺഗ്രസ് നേതാക്കളെ കമ്മറ്റി അംഗവുമായി തെരഞ്ഞെടുത്തു. എന്നാൽ, ഇതിന് സാധുതയില്ലെന്ന് സംസ്ഥാന ചെയർമാൻ വിപി മുരളീധരൻ അറിയിച്ചു.

അടുത്തിടെ അന്തരിച്ച സുനിൽ സി കുര്യൻ, ചെമ്പഴന്തി അനിൽ എന്നിവരാണ് സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പുറത്താക്കപ്പെട്ടിരുന്നത്. സുനിൽ ചെയർമാനും അനിൽ ജനറൽ സെക്രട്ടറിയുമായിരിക്കേ നടത്തിയ തട്ടിപ്പുകൾ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിഭാഗം അന്വേഷിച്ചു വരികയാണ്. പണം വാങ്ങി നിയമനം നടത്തി, നക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ഫണ്ട് അടിച്ചു പൊളിച്ചു, ഓഫീസ് മോടി പിടിപ്പിച്ചതിൽ അഴിമതി നടത്തി, ഫണ്ട് അടിച്ചു മാറ്റി, സ്വന്തം ചിട്ടിക്കും മറ്റുമായി ലക്ഷങ്ങൾ കൈയിട്ടെടുത്തു, പഴയ കാർ വിറ്റ് കാശ് വാങ്ങി എന്നിങ്ങനെ നിരവധി ക്രമക്കേടുകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 2018 ഓഗസ്റ്റ് എട്ടു മുതൽ 2019 മാർച്ച് 19 വരെ പ്രളയദുരിതാശ്വാസവുമായും മറ്റും ബന്ധപ്പെട്ട് റെഡ് ക്രോസ് സംസ്ഥാന ബ്രാഞ്ചിന്റെ അക്കൗണ്ടുകളിൽ വൻ തുകയുടെ കൃതൃമം കണ്ടെത്താക്കിയതിനെ തുടർന്ന് അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന അനിൽ ചെമ്പഴന്തിയെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ വി പി മുരളീധരൻ സസ്പെൻഡ് ചെയ്തിരുന്നു.

പത്തനംതിട്ട ജില്ലയിൽ റെഡ് ക്രോസ് ആക്ട് ആൻഡ് റൂൾസിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ വി പി മുരളീധരന്റെ സാന്നിധ്യത്തിൽ ജൂലൈ 17 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുകയും ചെയ്തിരുന്നു. ഈ മാനേജിങ് കമ്മിറ്റിക്കു സമാന്തരമായി അനിൽ ചെമ്പഴന്തിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒമ്പതിന് അനധികൃതമായി കമ്മിറ്റി രൂപീകരിച്ചുവെന്ന് വിപി മുരളീധരൻ പറയുന്നു.

റെഡ്ക്രോസ് കേരള സ്റ്റേറ്റ് ബ്രാഞ്ചിൽ അനിൽ ചെമ്പഴന്തി ഉൾപ്പെട്ട സംഗം നടത്തിയ വൻ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തുവാൻ റെഡ് ക്രോസിന്റെ നാഷണൽ ചെയർമാനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഡോക്ടർ ഹർഷ് വർദ്ധന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് രണ്ടിന് കൂടിയ അടിയന്തര യോഗം ഒരു റിട്ടയേർഡ് ജഡ്ജിനെ അടങ്ങുന്ന കേന്ദ്ര സംഘത്തെ ചുമതലപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തിൽ ആരോപണവിധേയനായ ആളുടെ നേതൃത്വത്തിൽ ജില്ലയിൽ സമാന്തര കമ്മിറ്റി രൂപീകരിച്ചത് ദുരുദ്ദേശപരവും റെഡ് ക്രോസ് എന്ന പവിത്രമായ സംഘടനയെ ഇല്ലാതാക്കുന്നതിനും വേണ്ടിയാണെന്നും മുരളീധരൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP