Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂര്യാതപ സാധ്യതാ സാഹചര്യത്തിൽ അതീവ ജാഗ്രത വേണം; മുൻ കരുതൽ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു; വേങ്ങര തൊടിയൂരിൽ മരപ്പണിക്കാരന് പൊള്ളലേറ്റത് ഗൗരവത്തോടെ എടുത്ത് ആരോഗ്യ വകുപ്പ്

സൂര്യാതപ സാധ്യതാ സാഹചര്യത്തിൽ അതീവ ജാഗ്രത വേണം; മുൻ കരുതൽ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു; വേങ്ങര തൊടിയൂരിൽ മരപ്പണിക്കാരന് പൊള്ളലേറ്റത് ഗൗരവത്തോടെ എടുത്ത് ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

കൊല്ലം: സൂര്യാതപ സാധ്യത ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ഡി.എം.ഒ മുന്നറിയിപ്പ് നൽകി. വേങ്ങര തൊടിയൂർ സ്വദേശിയായ 53 കാരന് സൂര്യാതപം ഏറ്റു. മരപ്പണി ചെയ്യുന്നതിന് ഇടയിലാണ് പൊള്ളലേറ്റത്. തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

ലക്ഷണങ്ങൾ ഇവ

ചൂടുകുരു, നിർജലീകരണം, സൂര്യാതപം മൂലമുണ്ടാകുന്ന പൊള്ളൽ, തളർച്ച, തിണർപ്പ്, കോച്ചിവലിവ്, ശരീരവേദന, വിറയൽ, ക്ഷീണം, ഉണങ്ങിവരണ്ട വായ, മൂത്രം മഞ്ഞനിറമാകുക എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

കുഴിഞ്ഞുതാണ കണ്ണുകൾ, ഉണങ്ങി വരണ്ട ത്വക്ക്, മൂത്രതടസം, ബോധക്ഷയം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. അമിതമായ ദാഹം, മയക്കം, കൂടിയ നാഡിമിടിപ്പ്, മനം പുരട്ടൽ, ഛർദ്ദി, പേശിവലിവ്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവയാണ് തളർച്ചയുടെ ലക്ഷണങ്ങൾ. കൂടിയ ചൂടിൽ കഠിനമായി അധ്വാനിക്കുന്നവർക്കാണ് സൂര്യാഘാത സാധ്യത. വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ എന്നിവയാണ് ലക്ഷണങ്ങൾ. പേശികളിലെ കോശങ്ങൾ നശിക്കുകയും വൃക്കകൾക്ക് നാശം സംഭവിക്കുകയും ചെയ്യാം. തീവ്രപരിചരണം നൽകിയില്ലെങ്കിൽ മരണ കാരണമുയേക്കാം.

മുൻകരുതലുകൾ

രാവിലെ 11 മണി മുതൽ മൂന്നുവരെയുള്ള പുറംജോലികൾ ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം, പഴങ്ങൾ, പഴച്ചാറുകൾ, പച്ചക്കറി സാലഡുകൾ എന്നിവ ധാരാളമായി കഴിക്കണം. മദ്യം നിർജലീകരണത്തിന് കാരണമായതിനാൽ ഒഴിവാക്കണം. അനാവൃതമായ ശരീരഭാഗങ്ങളിൽ അൾട്രാവയലറ്റ് രശ്മികളെ ചെറുക്കുന്ന ലേപനങ്ങൾ പുരട്ടണം. അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കണം. സൂര്യാതപം ഏറ്റതായി തോന്നിയാൽ ഉടൻ തണലത്തേക്ക് മാറിനിൽക്കണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, രോഗികൾ എന്നിവർ വെയിലേൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. പുറത്തേയ്ക്കു പോകേണ്ട സാഹചര്യങ്ങളിൽ തൊപ്പി/കുട ഉപയോഗിക്കണം. എല്ലാ സ്ഥാപനങ്ങളിലും കുടിവെള്ള കോർണർ/വാട്ടർ കിയോസ്‌കുകൾ സ്ഥാപിക്കണം.

അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്കാശുപത്രികൾ, ജില്ലാ ആശുപത്രിവരെ സുസജ്ജമാണ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒ.ആർ.എസ് പാക്കറ്റുകൾ, ഐ.വി ഫ്ളൂയിഡുകൾ, അടിയന്തര ആവശ്യത്തിനുള്ള മരുന്നുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.ശ്രീലത അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP