Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ദിനാന്തരീക്ഷ താപനില ഏറുന്നു; ഉഷ്ണകാല ദുരന്തങ്ങളെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി

സംസ്ഥാനത്ത് ദിനാന്തരീക്ഷ താപനില ഏറുന്നു;  ഉഷ്ണകാല ദുരന്തങ്ങളെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനാന്തരീക്ഷ താപനില ഏറുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അഥോറിറ്റി പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഉഷ്ണകാലത്ത് പ്രതീക്ഷിക്കാവുന്ന ദുരന്തങ്ങളായ ഉഷ്ണതരംഗം, ഇടിമിന്നൽ, കുടിവെള്ളക്ഷാമം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്നിൽക്കണ്ട് നേരിടാനായുള്ള വിശദ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്.

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളും പൊതുജനങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അവർക്കായുള്ള വിശദമായ നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് പ്രവർത്തന മാർഗരേഖ.

ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ പരിചയപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ വരുന്ന മൂന്ന് മാസക്കാലം ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ ചെറുക്കുന്നതിനായി നിർമ്മാണ രീതികളിലുൾപ്പെടെ സമസ്തമേഖലകളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് യോഗത്തിൽ വ്യക്തമാക്കി.

ഉഷ്ണകാല ദുരന്ത ലഘൂകരണത്തിനായി ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ പ്രവർത്തനരേഖ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സൂര്യാതപത്തിന്റെ അളവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സൂര്യാതപ സൂചിക പരിശോധിച്ച് ജില്ലാതലത്തിൽ മുന്നറിയിപ്പ് നൽകും.

സംസ്ഥാനത്ത് രാത്രികാല താപനിലയിലും വർദ്ധനവിന് സാധ്യത ഉള്ളതായി ദേശീയ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഒരേ സമയം ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന ഉഷ്ണതരംഗം മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടകരമാണ്.

തുറസ്സായ ഇടങ്ങളിൽ പണിയെടുക്കുന്ന കർഷക തൊഴിലാളികൾ, മറ്റ് തൊഴിലുകളിൽ ഏർപ്പെടുന്നവർ, വളർത്തു മൃഗങ്ങൾ എന്നിവർക്കായി പ്രത്യേക കരുതൽ ഈ കാലത്ത് സ്വീകരിക്കണം.

സൂര്യാഘാതമേറ്റാൽ മരണസാധ്യത 50 ശതമാനംവരെയാകാമെന്നത് ഗൗരവമേറിയ വസ്തുതയാണ്. ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവയെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് പൂർണമായും മാതൃഭാഷയിൽ തയ്യാറാക്കിയ ആദ്യത്തെ പ്രവർത്തനരേഖയാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി തയ്യാറാക്കിയ ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ.

സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി കമ്മീഷ്ണർ എ. കൗശികൻ, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP