Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറം സ്‌കൂളിലെ അദ്ധ്യാപകൻ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിഡിഇയും മാനേജരും പ്രധാനാധ്യാപികയും കുറ്റക്കാരെന്ന് റിപ്പോർട്ട്; അനീഷിനെതിരെ വ്യാജരേഖ ചമച്ച ഡോക്ടർ അറസ്റ്റിൽ

മലപ്പുറം സ്‌കൂളിലെ അദ്ധ്യാപകൻ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിഡിഇയും മാനേജരും പ്രധാനാധ്യാപികയും കുറ്റക്കാരെന്ന് റിപ്പോർട്ട്; അനീഷിനെതിരെ വ്യാജരേഖ ചമച്ച ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: മലപ്പുറം മുന്നിയൂർ സ്‌കൂളിലെ അദ്ധ്യാപകൻ കെ കെ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിഡിഇയും സ്‌കൂൾ മാനേജരും പ്രധാന അദ്ധ്യാപികയും കുറ്റക്കാരെന്ന് ഡിപിഐയുടെ റിപ്പോർട്ട്. അനീഷ് ആക്രമിച്ചെന്ന വാദം തെറ്റെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അനീഷിനെ പുറത്താക്കിയത് ചട്ടവിരുദ്ധമായി ആണെന്നും റിപ്പോർട്ടിൽ പറയുന്നു. അനീഷിനെതിരായ തെളിവിനായി വ്യാജരേഖ ചമച്ച ഡോക്ടറെ പൊലീസ് കോഴിക്കോട്ട് അറസ്റ്റുചെയ്തു.

അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാനും ശുപാർശയുണ്ട്. പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.സി.ഗോപിയെ പ്രോസിക്യൂട്ട് ചെയ്യാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തത്. ഡിഒ ആയിരിക്കെ ഗോപി എടുത്ത നടപടി യുക്തിസഹമല്ലെന്ന് ഡിപിഐ കണ്ടെത്തി. അനീഷിന്റെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ബന്ധുക്കൾക്ക് നൽകാനും ഡിപിഐ ഉത്തരവിട്ടു.

സോഷ്യൽ സയൻസ് അദ്ധ്യാപകനായ അനീഷ് സഹ അദ്ധ്യാപകനെ മർദിച്ചുവെന്നാരോപിച്ചാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതേ തുടർന്ന് അനീഷ് പാലക്കാട്ടെ ഒരു ലോഡ്ജിൽ തൂങ്ങിമരിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്.

അനീഷിനെതിരെ കള്ളക്കേസെടുക്കാൻ വ്യാജ മുറിവ് സർട്ടിഫിക്കറ്റ് ചമച്ചതിനാണ് സ്വകാര്യ ആശുപത്രി ഉടമ അറസ്റ്റിലായത്. ചെറുവണ്ണൂർ കോയാസ് ആശുപത്രി എംഡിയും മെഡിക്കൽ ഓഫീസറുമായ ഡോ. എം എ കോയ(70)യാണ് അറസ്റ്റിലായത്. വ്യാജരേഖ ചമച്ചതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 195, 197, 468 വകുപ്പുകൾ പ്രകാരമാണ് ഡോക്ടർക്കെതിരെ കേസ്.

മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്യൂൺ മുഹമ്മദ് അഷ്‌റഫിനെ മർദിച്ച് പരിക്കേൽപ്പിച്ചുവെന്നാരോപിച്ചാണ് കള്ളക്കേസെടുത്ത് അനീഷിനെ സ്‌കൂളിൽനിന്ന് പുറത്താക്കിയത്. ജോലി നഷ്ടമായ നിരാശയിലും മാനേജരുടെ പീഡനത്തിൽ മനംനൊന്തും അനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്യൂണിനെ മർദിച്ചെന്നാരോപിച്ച് അനീഷിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നു കാണിച്ച് അനീഷിന്റെ അച്ഛൻ എടച്ചേരി ചുണ്ടയിൽ കമ്മള കുന്നുമ്മൽ കുമാരൻ നല്ലളം പൊലീസിൽ പരാതി നൽകിയിരുന്നു. പ്യൂൺ അഷ്‌റഫിന് തലയ്ക്ക് മാരക മുറിവേറ്റതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിട്ടില്ല. ബീച്ച് ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലും മുറിവ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു.

മരിച്ച അനീഷും അഷ്‌റഫുമായി തർക്കമുണ്ടായി സാക്ഷിമൊഴികളുമില്ല. ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് കള്ളമാണെന്ന് മനുഷ്യാവകാശ കമീഷനും കണ്ടെത്തിയിരുന്നു. തെളിവുകൾ നിരത്തിയുള്ള അന്വേഷണത്തിനൊടുവിലാണ് ഡോക്ടർ കൃത്യവിലോപം ചെയ്തതായി കണ്ടെത്തി അറസ്റ്റുണ്ടായത്. വ്യാജതെളിവുപയോഗിച്ചാണ് അനീഷിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഡോക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് അദ്ധ്യാപകർ കോയാസ് ആശുപത്രിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞവർഷം സെപ്റ്റംബർ രണ്ടിന് മലമ്പുഴയിലെ ലോഡ്ജിലാണ് മരിച്ചനിലയിൽ അനീഷിനെ കണ്ടെത്തിയത്. ലോഡ്ജിലെ ചുവരിൽ രക്തത്തിൽ മാനേജരുടെ പേർ എഴുതിവച്ചിരുന്നു. മാനേജർക്കതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമുയർത്തി കെഎസ്ടിഎ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിയിരുന്നു. മുസ്ലിംലീഗ് നേതാവും മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വി പി സെയ്തലവി എന്ന കുഞ്ഞാപ്പുവാണ് സ്‌കൂൾ മാനേജർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP