Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കൂട്ടുകാരിയോട് വഴക്കിട്ടതും പരീക്ഷയിൽ മാർക്കു കുറഞ്ഞതിന്റെ മനോവിഷമങ്ങളും: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കാണാതായത് രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ 7 കുട്ടികളെ; പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കുട്ടികളെ കണ്ടെത്തുമ്പോൾ വിരാമമാകുന്നത് മണിക്കൂറുകൾ നീണ്ട ആശങ്കകൾ; കുട്ടികളുടെ കുറുമ്പിൽ നാട് മുൾമുനയിലാവുമ്പോൾ

കൂട്ടുകാരിയോട് വഴക്കിട്ടതും പരീക്ഷയിൽ മാർക്കു കുറഞ്ഞതിന്റെ മനോവിഷമങ്ങളും: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കാണാതായത് രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ 7 കുട്ടികളെ; പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കുട്ടികളെ കണ്ടെത്തുമ്പോൾ വിരാമമാകുന്നത് മണിക്കൂറുകൾ നീണ്ട ആശങ്കകൾ; കുട്ടികളുടെ കുറുമ്പിൽ നാട് മുൾമുനയിലാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നഗരത്തിൽനിന്ന് കാണാതായ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ മണിക്കൂറുകൾക്കുള്ളിലാണ് കണ്ടെത്തിയത്. ചേർത്തലയ്ക്ക് സമീപം കുറുപ്പൻകുളങ്ങരയിൽനിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയതും. പെൺകുട്ടികളെ തിരിച്ചറിഞ്ഞ ഒരു വീട്ടമ്മ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് രണ്ടരമണിക്കൂർ നീണ്ട ആശങ്കകൾക്ക് വിരാമമായത്. എന്നാൽ, ഇക്കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ കാണാതായത് രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ ഏഴുവിദ്യാർത്ഥികളെയായിരുന്നു. കുറവിലങ്ങാടുനിന്നു കാണാതായ മൂന്ന് ആൺകുട്ടികളെയും ഏറ്റുമാനൂരിൽനിന്നു കാണാതായ വിദ്യാർത്ഥിയെയും കഴിഞ്ഞ ദിവസം രാത്രിയിൽ ചേർത്തല അറവുകാടുനിന്നു കണ്ടെത്തിയിരുന്നു.

ചേർത്തലയിൽ രണ്ടു വിദ്യാർത്ഥിനികളെ കാണാതായത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും രണ്ടരമണിക്കൂർ നീണ്ട തെരച്ചിലിനുശേഷമാണ് ഇവരെ കണ്ടെത്തി. ചേർത്തല നഗരത്തിലെ സ്‌കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് കാണാതായത്. ക്ലാസിൽ കുട്ടികൾ തമ്മിലുള്ള ചെറിയവഴക്കിന്റെ പേരിലാണ് സ്‌കൂൾ വിട്ടപ്പോൾ ഇരുവരും കുറുമ്പുകാട്ടി ഇറങ്ങി പോയതും. ഒരാൾ സൈക്കിളിലും മറ്റൊരാൾ ഓട്ടോറിക്ഷയിലുമാണ് സ്‌കൂളിലെത്തുന്നത്. സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്താഞ്ഞതിനെത്തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തിയതോടെയാണ് അധികൃതർ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. കുട്ടികളെ കാണാനില്ലെന്ന വിവരം സോഷ്യൽ മീഡിയയിൽ വ്യാപിച്ചതോടെ നാട് ഭയാശങ്കയിലായി.

സന്ധ്യാസമയത്ത് സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികൾ പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നുപോകുന്നതു കണ്ട് സംശയം തോന്നിയ വീട്ടമ്മ ഇവരെ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് രക്ഷിതാക്കൾക്കും സ്‌കൂൾ അധികൃതർക്കും വിവരം കൈമാറി. പിന്നീട് കുട്ടികളെ സ്‌കൂളിൽ എത്തിച്ച ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. കൂടാതെ, അറവുകാട് ക്ഷേത്രത്തിനു സമീപം സംശയാസ്പദമായ രീതിയിൽ വിദ്യാർത്ഥികളെക്കണ്ട നാട്ടുകാർ അർത്തുങ്കൽ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വിദ്യാർത്ഥികളെ സ്റ്റേഷനിൽ എത്തിച്ചു. രക്ഷിതാക്കളെ വിവരമറിയിച്ചതായും അവർ എത്തിയശേഷം വിദ്യാർത്ഥികളെ അവരോടൊപ്പം വിട്ടയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. കാണാതായ നാലു കുട്ടികൾ കോട്ടയം ജില്ലയിലും ഒരാൾ ആലപ്പുഴ ജില്ലയിലുമുള്ളവരാണ്. ഇതിൽ ആലപ്പുഴയിലെ വിദ്യാർത്ഥിക്കായി അന്വേഷണം തുടരുകയാണ്.

കാണക്കാരി ഗവ. ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസിലെ സഹപാഠികളായ മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. ഇന്നലെ മലയാളം പരീക്ഷയ്ക്കുശേഷം 11 മണിയോടെയാണ് മൂവരും സ്‌കൂളിൽനിന്നു പുറത്തുപോയത്. ഉച്ചയോടെ പട്ടിത്താനം സ്വദേശിയായ വിദ്യാർത്ഥി സഹപാഠിക്കൊപ്പം വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ഉച്ചകഴിഞ്ഞു ക്ലാസുണ്ടെന്നു പറഞ്ഞു പുറത്തുപോവുകയും ചെയ്തു. സ്‌കൂൾസമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കുട്ടികളെ കാണാതെ വന്നതോടെ പട്ടിത്താനം സ്വദേശിയായ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ സ്‌കൂളിൽ തിരക്കിയെത്തിയപ്പോഴാണ് ഉച്ചകഴിഞ്ഞു ക്ലാസില്ലായിരുന്നുവെന്നും കുട്ടികൾ രാവിലെ തന്നെ പരീക്ഷ കഴിഞ്ഞു പോയെന്നും അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പട്ടിത്താനം സ്വദേശിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2500 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം അയച്ച് അന്വേഷണം നടത്തിയിരുന്നു. ഏറ്റുമാനൂർ ഗവ. ബോയിസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഏറ്റുമാനൂർ സ്വദേശിയെയും കാണാതായിരുന്നു. ഈ വിദ്യാർത്ഥിയെയാണ് കാണക്കാരിയിൽനിന്നു കാണാതായ വിദ്യാർത്ഥികൾക്കൊപ്പം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പരീക്ഷയക്കായി വീട്ടിൽനിന്നു പോയ വിദ്യാർത്ഥി വൈകുന്നേരമായിട്ടും മടങ്ങിയെത്തിയില്ല. കാണക്കാരിയിൽനിന്നും മൂന്നുവിദ്യാർത്ഥികൾ കാണാതായ സംഭവവുമായി ഇതിനു ബന്ധമുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു.

ആലപ്പുഴയിൽ പരീക്ഷയിൽ മാർക്കു കുറഞ്ഞതിന്റെ മനോവിഷമത്തിലായിരുന്ന ഒമ്പതാംക്ലാസ് വിദ്യാർത്ഥിയെയാണു കാണാതായത്. മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് കുട്ടിയുടെ രക്ഷിതാവിനെ സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയശേഷം കുട്ടിയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മൂമ്മ ബാങ്കിൽപോയി മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. വൈകുന്നേരമായിട്ടും മടങ്ങിവരാതായതോടെ ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി.

കൂടാതെ, മൂവാറ്റുപുഴയിൽ സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണു ആരോപണമുയർന്നിരുന്നു. പായിപ്ര പഞ്ചായത്ത് പ്രദേശത്തുള്ള വിദ്യാർത്ഥിനി രണ്ടര കിലോമീറ്റർ അകലെയുള്ള സ്‌കൂളിലേക്ക് നടന്നാണ് പോയത്. തട്ടുപറമ്പിന് സമീപം പറപ്പിള്ളിത്താഴത്ത് വച്ച് കാറിൽ എത്തിയ സംഘം വിദ്യാർത്ഥിനിയോട് പേരും മറ്റുവിവരങ്ങളും ചോദിച്ചെങ്കിലും കുട്ടി പ്രതികരിച്ചില്ല. കാറിൽനിന്ന് ഇറങ്ങിയ രണ്ടുപേർ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി കുതറിയോടുകയായിരുന്നു. ഈ സമയം പിന്നിൽനിന്നു മറ്റൊരു വാഹനം വരുകയും സമീപത്തുള്ള വീട്ടിലെ സ്ത്രീ വാതിൽതുറക്കുകയും ചെയ്തതോടെ അക്രമിസംഘം കടന്നുകളഞ്ഞു. പേടിച്ചോടിയ വിദ്യാർത്ഥി സ്‌കൂളിലെത്തി അദ്ധ്യാപകരെ വിവരം അറിയിച്ചു. സ്‌കൂൾ അധികൃതർ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി പൊലീസിനെ അറിയിച്ചു. പൊലീസ് വിദ്യാർത്ഥിനിയിൽ നിന്നും മൊഴിയെടുത്തശേഷം സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, ഓരോ എട്ടുമിനിറ്റിലും രാജ്യത്ത് ഒരു കുട്ടിയെ കാണാതാവുന്നുവെന്ന് ദേശീയ കുറ്റാന്വേഷണബ്യൂറോ. ഒരുവർഷം ഒരുലക്ഷത്തോളം കുട്ടികൾ അപ്രത്യക്ഷരാവുന്നു. കഴിഞ്ഞവർഷം കേരളത്തിൽനിന്ന് 487 കുട്ടികൾ കാണാതായ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ 30 കുട്ടികളെ കാണാതായി. പൊതുജന പങ്കാളിത്തത്തോടെ കുട്ടികളെ കണ്ടെത്താനാണ് 'ട്രാക് ചൈൽഡ്' എന്ന വെബ്‌സൈറ്റ് തുടങ്ങിയത്. ഈ സംവിധാനംവന്നശേഷം കേരളത്തിൽനിന്ന് 3851 കുട്ടികളെ കാണാതായെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇതിൽ, 3163 കുട്ടികളെ കണ്ടെത്താനായി. 688 കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP