Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വനിതാ ജീവനക്കാരുടെ വസ്ത്രമുരിഞ്ഞ് പരിശോധനക്കെതിരെ സോഷ്യൽ മീഡിയയുടെ പ്രതിഷേധം തെരുവിലേക്കും; പ്രതിഷേധ മാർച്ചുമായി വനിതാ സംഘടനകൾ; മൂന്ന് പേരെ സസ്‌പെന്റ് ചെയ്ത് കൈകഴുകി കമ്പനി അധികൃതർ

വനിതാ ജീവനക്കാരുടെ വസ്ത്രമുരിഞ്ഞ് പരിശോധനക്കെതിരെ സോഷ്യൽ മീഡിയയുടെ പ്രതിഷേധം തെരുവിലേക്കും; പ്രതിഷേധ മാർച്ചുമായി വനിതാ സംഘടനകൾ; മൂന്ന് പേരെ സസ്‌പെന്റ് ചെയ്ത് കൈകഴുകി കമ്പനി അധികൃതർ

കൊച്ചി: കൊച്ചിയിലെ സെപ്ഷ്യൽ എക്കണോമിക് സോണി(സെസിലെ)ലെ സ്വകാര്യ കമ്പനിയിൽ വനിതാ ജീവനക്കാരുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതിഷേധം തെരുവിലേക്ക് നങ്ങുന്നു. സെസിലെ അസ്മ റബർ പ്രൊഡക്ട്‌സ് എന്ന കമ്പനിയിലാണ് ബാത്ത്‌റൂമിൽ ഉപയോഗിച്ച നാപ്കിൻ കണ്ടെത്തിയെന്നതിനെ തുടർന്ന് വനിതാ ജീവനക്കാരുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയത്. കമ്പനി അധികൃതരുടെ നടപടിക്കെതിരെ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ഡിവൈഎഫ്‌ഐയുടെയും ജനാധിപത്യ മഹിളാ അസോസിയേഷനും സംയുക്തമായാണ് സ്‌പെഷ്യൽ എക്കണോമിക് സോണിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സോണി കോമത്ത് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തും. നാളെ എഐടിയുസിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപരോധ സമരം സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സൂപ്പർവൈസർമാരെ ബലിയാടാക്കി തടിയൂരാനാണ് കമ്പനി അധികൃതരുടെ ശ്രമം. വനിതാ ജീവനക്കാരെ പരിശോധിച്ച ഒരു സൂപ്പർവൈസറെയും രണ്ട് ജീവനക്കാരെയും കമ്പനി അധികൃതർ സസ്‌പെന്റ് ചെയ്തു. ഉപയോഗിച്ച നാപ്കിൻ ബാത്ത്‌റൂമിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് 45 ഓളം വരുന്ന വനിതാ ജീവനക്കാരെ സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ ദേഹപരിശോധന നടത്തിയത്. അതേസമയം മുകളിൽ നിന്നും കിട്ടിയ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ജീവനക്കാർ ചെയ്തതെന്നാണ് അറിയുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം നേരത്തെ ആരംഭിച്ചിരുന്നു. സെസ് ഡെവലപ്പ്‌മെന്റ് ഓഫീസർ നിയോഗിച്ച സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം മുമ്പാകെ ജീവനക്കാർ തങ്ങളുടെ ബുദ്ധിമുട്ടുകൾ ബോധിപ്പിക്കുകയുണ്ടായി. സ്ഥാപനത്തിൽ ഒന്നിലധികം തവണ മൂത്രമൊഴിക്കാനും വെള്ളം കുടിക്കാനും അനുമതിയില്ലെന്നും ഇതാദ്യമായല്ല വസ്ത്രമുരിഞ്ഞുള്ള പരിശോധന നടത്തുന്നതെന്നും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

വനിതാ ജീവനക്കാരുടെ വസ്ത്രുമുരിഞ്ഞ് പ്രതിഷേധം തുടങ്ങിയതോടെ അസ്മ കമ്പനിയുടെ എംഡിക്ക് തപാലിലൂടെ നാപ്കിൻ അയച്ച് പ്രതിഷേധിക്കാൻ സോഷ്യൽ മീഡിയ ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ പ്രതിഷേധമാണ് പൊതു ഇടങ്ങളിലേക്കും വ്യാപിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസിൽ ആദ്യം പരാതി നൽകിയിരുന്നെങ്കിലും കേസ് എടുക്കാനാവില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP