Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കായൽ രാജാവ് മുരിക്കൻ ജോസഫിന്റെ അനുചരൻ 73-ാം വയസ്സിലും കർമ്മനിരതൻ; എഞ്ചിനീയർമാർ രണ്ടുമാസം ആവശ്യപ്പെട്ട മട എ കെ മതിമോഹനൻ പുനർനിർമ്മിച്ചത് കേവലം 7 ദിവസം കൊണ്ട്; കുട്ടനാടിന്റെ കരുത്തും ഇച്ഛാശക്തിയും മനസ്സിൽ ആവാഹിച്ച മനുഷ്യന്റെ പ്രവർത്തനങ്ങൾ ഇങ്ങനെ

കായൽ രാജാവ് മുരിക്കൻ ജോസഫിന്റെ അനുചരൻ 73-ാം വയസ്സിലും കർമ്മനിരതൻ; എഞ്ചിനീയർമാർ രണ്ടുമാസം ആവശ്യപ്പെട്ട മട എ കെ മതിമോഹനൻ പുനർനിർമ്മിച്ചത് കേവലം 7 ദിവസം കൊണ്ട്; കുട്ടനാടിന്റെ കരുത്തും ഇച്ഛാശക്തിയും മനസ്സിൽ ആവാഹിച്ച മനുഷ്യന്റെ പ്രവർത്തനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കുട്ടനാട്: മനുഷ്യന്റെ ഇച്ഛാശക്തിയുടെയും കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് കുട്ടനാട്. സമുദ്ര നിരപ്പിനും താഴെ, കായലിന് അതിരുകെട്ടി കാത്ത് പൊന്ന് വിളയിക്കുന്ന കർഷകരുടെ നാട്. കുട്ടനാടിന്റെ കരുത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമാണ് കൈനകരി കുട്ടമംഗലം എട്ടിന്റെ മൂലയിൽ എ.കെ.മതിമോഹനൻ. മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫ് എന്ന കായൽരാജാവ് മുരിക്കൻ ജോസഫിന്റെ സഹായിയായി പതിനഞ്ചാം വയസ്സിൽ കൂടിയതാണ് എ കെ മതിമോഹനൻ. ഇപ്പോൾ 73ാം വയസിലും കുട്ടനാട്ടിലെ മടകെട്ടുജോലികളിൽ സജീവം. മടകളാണ് കുട്ടനാട്ടിലെ പാടങ്ങളെ സംരക്ഷിച്ച് നിർത്തുന്നത്. മടവീണ് വെള്ളം കയറിയാൽ കൃഷി മുഴുവൻ നശിച്ച് പോകും.

ഇപ്പോൾ കുട്ടനാട്ടിലെ കനകാശേരി പാടത്തിന്റെ മടകുത്തുകയാണ് മതിമോഹനൻ. അതു നാലു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും ' ഈ പ്രായത്തിലും സാഹസികമായ ജോലി ചെയ്യുന്നതിൽ ഭാര്യ ഇന്ദിരയ്ക്ക് എതിർപ്പില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ആറായിരപ്പറ നിലങ്ങളായ (600 ഏക്കർ) റാണിയും മാർത്താണ്ഡവും ഒൻപതിനായിരപ്പറ (900 ഏക്കർ) നിലമായ ചിത്തിരയും കുത്തിയെടുത്തതാണു തുടക്കം. മുരിക്കന്റെ മച്ചുനൻ മാത്തച്ചനാണ് എൻജിനീയറിങ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. രാജാവിന്റെ ഉദ്യോഗസ്ഥർ കായലിൽ സ്ഥലം കണ്ടെത്തിക്കൊടുത്താൽ മുരിക്കന്റെ ആളുകൾ ഈറ കുത്തി സ്ഥലം പിടിക്കും. തെങ്ങിൻതടി നാലായി കീറി കായലിൽ കുത്തിയിറക്കും. 30 കിലോ ഭാരമുള്ള വലിയ കട്ട അഞ്ചു പേർ ചേർന്നു പൊക്കിയാണ് അടിക്കുക. പിന്നെ പരമ്പും മറ്റും ചേർത്തു വരമ്പിനുള്ള അതിരുപിടിക്കും.ആര്യാട്, മണ്ണഞ്ചേരി പ്രദേശങ്ങളിൽ നിന്നു കടപ്പുറം മണ്ണ് കൊണ്ടു വന്ന് കുട്ടനാട്ടിലെ ചെളിയുമായി ചേർത്തു വരമ്പ് പിടിക്കും. ഒരു കായൽ കുത്തിയെടുക്കാൻ മൂന്നോ നാലോ മാസം മതി

മതിമോഹനന്റെ പരിചയ സമ്പത്ത് അറിഞ്ഞാണു കഴിഞ്ഞ പ്രളയത്തിൽ മടവീണ തൃശൂർ കോൾ നിലങ്ങളെ വീണ്ടെടുക്കാൻ മന്ത്രി വി എസ്.സുനിൽകുമാർ ഹെലികോപ്റ്റർ അയച്ചു കൊണ്ടുപോയത്. കഴിഞ്ഞ പ്രളയത്തിൽ മങ്കൊമ്പ് മൂലപൊങ്ങമ്പ്ര പാടത്തെ മട കുത്തിയതു കണ്ടാണു തൃശൂരിലേക്കു വിളിക്കുന്നത്. അപ്പോഴേക്കും വീട്ടുകാർ ആലപ്പുഴയിലെ ക്യാംപിലേക്കു പോയിരുന്നു. സഹായിക്കാൻ പട്ടാളക്കാരും അവിടെയുള്ള ചെറുപ്പക്കാരും ഉണ്ടായിരുന്നു. ഒരു ലക്ഷം ചാക്കും 1400 ലോഡ് എംസാൻഡും ഉപയോഗിച്ചു. എൻജിനീയർമാർ 2 മാസം ആവശ്യപ്പെട്ട പണി 7 ദിവസം കൊണ്ട് പൂർത്തിയാക്കി, ബണ്ടിലൂടെ ലോറിയോടിച്ചു കാണിച്ചു.

കുട്ടനാട് രണ്ട് മേഖലകളാണ്. 31,000 ഹെക്ടർ വരുന്ന വരണ്ട പ്രദേശവും 66,000 ഹെക്ടർ വെള്ളം കെട്ടി നിൽക്കുന്ന താഴ്ന്ന പ്രദേശവും. സമുദ്ര നിരപ്പിൽ നിന്ന് 0.5 മീറ്റർ മുതൽ 2.5 മീറ്റർ വരെ ഉയർന്ന് കിടക്കുന്ന വരണ്ട പ്രദേശത്ത് സാധാരണഗതിയിൽ വെള്ളപ്പൊക്കം അനുഭവപ്പെടാറില്ല. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 0.6 മീറ്റർ ഉയരത്തിലുള്ളവയും 2.2 മീറ്റർ താഴ്ന്ന പ്രദേശങ്ങളും പെടും. ഇതിൽ സമുദ്രനിരപ്പിൽ നിന്ന് താഴെയുള്ള അമ്പതിനായിരത്തോളം ഹെക്ടറാണ് പുഞ്ചപ്പാടങ്ങൾ. ഇതിൽ മുപ്പതിനായിരം ഹെക്ടർ കരപ്പാടങ്ങളും ഒമ്പതിനായിരം ഹെക്ടർ കരിനിലങ്ങളുമാണ്; 13,000 ഹെക്ടർ കായൽ നികത്തിയെടുത്ത നിലങ്ങളും. കായൽ നിലങ്ങൾ സാധാരണ കൃഷിനിലങ്ങളേക്കാൾ താഴ്ന്നാണ് കിടപ്പ്.

കുട്ടനാടിനെ ആറ് കാർഷിക പാരിസ്ഥിതിക മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്. അപ്പർകുട്ടനാട്, ലോവർകുട്ടനാട്, വടക്കൻ കുട്ടനാട്, പുറംകരി, കായൽ നിലങ്ങൾ, വൈക്കംകരി എന്നിങ്ങനെ. പമ്പ, മണിമല, അച്ചൻകോവിൽ നദികൾ വന്നെത്തുന്ന മുകൾ ഭാഗമാണ് അപ്പർകുട്ടനാട്. വേമ്പനാട് കായലിൽ നിന്ന് നികത്തിയെടുത്തവയാണ് കായൽ നിലങ്ങൾ. തണ്ണീർമുക്കം ബണ്ടിന് വടക്കായി എക്കൽ കുറഞ്ഞ ചെളി നിറഞ്ഞ പ്രദേശമാണ് വൈക്കം കരി. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിച്ചേരുന്ന താഴ്ന്ന പ്രദേശമാണ് ലോവർ കുട്ടനാട്. വെള്ളപ്പൊക്കം ഏറെ അനുഭവപ്പെടുന്ന പ്രദേശവും ഇത് തന്നെ. കുട്ടനാടിന് വടക്ക് വൈക്കത്തിനും താഴെയുള്ള മേഖലയാണ് വടക്കൻ കുട്ടനാട്. നാലായിരത്തോളം ഏക്കറിൽ അമ്പലപ്പുഴ, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളിൽ വ്യാപിച്ച് കിടക്കുന്നതാണ് പുറക്കാട് കരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP