Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സംസ്ഥാന കാർഷിക യന്ത്രവൽക്കരണ ദൗത്യം' സ്‌പെഷ്യൽ ഓഫീസർ നിയമനം വിവാദത്തിൽ; ഡോ. യു.ജയകുമാരന് അഗ്രോണമി എന്ന വിഷയത്തിലാണ് ബിരുദമെന്നും കാർഷിക എൻജിനീയറിങ്ങിൽ ബിരുദമില്ലെന്ന കണ്ടെത്തലിന് പിന്നാലെ നിയമനത്തിന് പിന്നിൽ രാഷ്ട്രീയക്കളി എന്നും ആരോപണം

'സംസ്ഥാന കാർഷിക യന്ത്രവൽക്കരണ ദൗത്യം' സ്‌പെഷ്യൽ ഓഫീസർ നിയമനം വിവാദത്തിൽ; ഡോ. യു.ജയകുമാരന് അഗ്രോണമി എന്ന വിഷയത്തിലാണ് ബിരുദമെന്നും കാർഷിക എൻജിനീയറിങ്ങിൽ ബിരുദമില്ലെന്ന കണ്ടെത്തലിന് പിന്നാലെ നിയമനത്തിന് പിന്നിൽ രാഷ്ട്രീയക്കളി എന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

കാർഷിക മേഖലയിൽ മണ്ണ് മുതൽ വിപണിവരെ യന്ത്രവൽക്കരണം നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ദൗത്യം വിവാദത്തിൽ. സർക്കാരും കൃഷിവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഈ ദൗത്യത്തിന്റെ ചുക്കാൻ പിടിക്കുന്നത് കേരള കാർഷിക സർവ്വകലാശാലയിൽനിന്ന് വിരമിച്ച ഡോ. യു. ജയകുമാരനാണ്. ഈ നിയമനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.സംസ്ഥാനത്തെ കാർഷിക കർമ്മസേനകളെയും കാർഷിക യന്ത്ര സാമഗ്രികളുടെ സർവ്വീസ് കേന്ദ്രങ്ങളേയും ഏകോപിപ്പിക്കുന്നതിനായി ഡോ. യു.ജയകുമാരനെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചതാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

കാർഷിക യന്ത്രവൽക്കരണ ദൗത്യത്തിന്റെ സ്‌പെഷ്യൽ ഓഫീസറായി ഡോ. യു. ജയകുമാറിനെ മന്ത്രിസഭ തീരുമാനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നേരിട്ടാണ് നിയമിച്ചതെന്നും പറയപ്പെടുന്നു. പ്രതിമാസം 1,09,425 രൂപ ശമ്പളം നൽകിയാണ് കാർഷിക സർവ്വകലാശാലയിൽനിന്ന് വിരമിച്ച ഡോ.യു. ജയകുമാരനെ നിയമിച്ചിട്ടുള്ളതെന്ന് സർക്കാർ രേഖകളിൽ നിന്ന് വ്യക്തമാണ്. ഡോ. യു. ജയകുമാരന് അഗ്രോണോമി എന്ന വിഷയത്തിലാണ് ബിരുദവും ബിരുദാനന്തര ഗവേഷണ നേട്ടങ്ങളെന്നും, മറിച്ച് അദ്ദേഹത്തിന് കാർഷിക എഞ്ചിനീയറിങ്ങിൽ ബിരുദമില്ലെന്നതുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

അതേസമയം കാർഷിക സർവ്വകലാശാലയുടെ തവന്നൂരുള്ള കേളപ്പജി കാർഷിക എഞ്ചിനീയറിങ് കോളജിൽ ഫാം പവർ ആൻഡ് മെഷീനറി ഡിപ്പാർട്ട്‌മെന്റുണ്ട്. ഇതേ കോളജിൽ തന്നെ ഈ വിഷയത്തിൽ പ്രാപ്തരായ ശാസ്ത്രജ്ഞന്മാർ ഉണ്ടായിരുന്നിട്ടും ഡോ. യു. ജയകുമാരനെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചതിൽ രാഷ്ട്രീയക്കളി നടന്നതായാണ് ആരോപണം. മാത്രമല്ല, കൃഷി വകുപ്പിന്റെ  കീഴിൽ സുസജ്ജമായ ഒരു അഗ്രി എൻജിനീയറിങ് വിഭാഗവുമുണ്ട്. ഇവർക്കു ചെയ്യാവുന്ന ജോലിയാണ് ഡോ. ജയകുമാരന് പുനർ നിയമനം നൽകിക്കൊണ്ട് സർക്കാർ അധികച്ചെലവു വരുത്തിയിരിക്കുന്നതെന്നും ആരോപണമുയരുന്നു.

കൃഷിവകുപ്പിന്റെ ഡെപ്യുട്ടി സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അവസാനം കൃഷിമന്ത്രിയും ഒത്താശചെയ്ത കുറിപ്പ് 25-10-2017-ലെ മന്ത്രിസഭാ തീരുമാനമായി മുഖ്യമന്ത്രി ഒപ്പുവയ്ക്കുകയായിരുന്നു. 14-12-2016-മുതൽ 25-10-2017 വരെ വിജിലൻസ് വകുപ്പുവരെ സസൂക്ഷ്മം പഠിച്ച ഈ ഫയലിൽ സ്‌പെഷ്യൽ ഓഫീസറുടെ ബിരുദം, ശമ്പളം, ഫീസ് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾ കടന്നുകൂടിയതും വിവാദത്തെ കൊഴുപ്പിക്കുന്നുണ്ട്.

മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ സ്‌പെഷ്യൽ ഓഫീസറായി നിയമിതനായ ഡോ. ജയകുമാരന് പ്രതിമാസ ശമ്പളമാണോ ഫീസാണോ കൊടുക്കുന്നതെന്ന വ്യക്തതയും കാണുന്നില്ല. രണ്ടുവർഷം വരെ നീളുന്ന കാലാവധിയിലേക്കുള്ള ഈ താൽക്കാലിക നിയമനം നടത്തുന്ന മന്ത്രിസഭയുടെയും കൃഷിവകുപ്പിന്റെയും ഉത്തരവുകളിൽ രണ്ടിടത്തായി സൂചിപ്പിക്കുന്നത് പ്രതിമാസ ശമ്പളമെന്നും ഫീസുമെന്നാണ്. പ്രതിമാസ ശമ്പളമെങ്കിൽ ഡോ. ജയകുമാരന് പെൻഷന് അർഹതയുണ്ടാവില്ലെന്നും പറയപ്പെടുന്നു.

സംസ്ഥാനം മുഴുവനായും വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന കാർഷിക യന്ത്രവൽക്കരണ ദൗത്യത്തിന്റെ ആസ്ഥാനം ഡോ. ജയകുമാരന്റെ നേരത്തെ മണ്ണുത്തിയിലുള്ള ആസ്ഥാനം തന്നെയാണെന്ന് കൃഷിമന്ത്രി പറയുമ്പോഴും ഇതു സംബന്ധിച്ച ഉത്തരവുകളിൽ അതൊന്നും തന്നെ സൂചിപ്പിച്ചതായി കാണുന്നില്ല. ഈ വിവാദങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ ദിവസം തൃശൂരിൽ കാർഷിക യന്ത്രവൽക്കരണ ദൗത്യം കൃഷിമന്ത്രി ഉത്ഘാടനം ചെയ്തത്.

കാർഷിക മേഖലയിൽ പൂർണ്ണമായും യന്ത്രവൽക്കരണം സാധ്യമാക്കാൻ കഴിഞ്ഞില്ലെന്നും നെൽ കൃഷിയിൽ മാത്രമാണ് യന്ത്രവൽക്കരണം കൊണ്ടുവരാനായതെന്നും പറഞ്ഞ കൃഷിമന്ത്രി വി എസ്. സുനിൽകുമാർ മറ്റു കൃഷിമേഖലകളിലേക്കും യന്ത്രവൽക്കരണം വ്യാപിപ്പിക്കുന്ന സർക്കാരിന്റെ കാർഷിക യന്ത്രവൽക്കരണ ദൗത്യം ഉത്ഘാടനം ചെയ്യകയായിരുന്നു. അതേസമയം ഇപ്പോൾ സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാർഷിക കർമ്മസേന വളരെ പണ്ട് ഇപ്പോഴത്തെ വ്യവസായ മന്ത്രി എ.സി. മൊയ്തിൻ വടക്കാഞ്ചേരിയിൽ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ തുടർച്ചയാണെന്നും വ്യവസായ മന്ത്രി ശ്രീ. എ.സി. മൊയ്തിനെ അഭിനന്ദിച്ചുകൊണ്ട് കൃഷിമന്ത്രി തദവസരത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഉത്ഘാടനദിവസം തൃശൂരിൽ ഉണ്ടായിരുന്നെങ്കിലും പരിപാടിയിൽ പങ്കെടുക്കാതെ തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

പ്രധാന രേഖകൾ ഇവ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP