Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എസ്എൽസി-പ്ലസ്ടു പരീക്ഷകൾ മാറ്റില്ല; മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നടത്തും; സ്‌കൂൾതല പൊതുപരീക്ഷകൾ മുന്നോട്ട് കൊണ്ടുപോകാനുറച്ച് വിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി-പ്ലസ്ടു പരീക്ഷകൾ മാറ്റില്ല; മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നടത്തും; സ്‌കൂൾതല പൊതുപരീക്ഷകൾ മുന്നോട്ട് കൊണ്ടുപോകാനുറച്ച് വിദ്യാഭ്യാസ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. സ്‌കൂൾതല പൊതുപരീക്ഷകൾ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

സ്‌കൂളുകളിൽ മൈക്രോ പ്ലാൻ നടപ്പാക്കുന്നെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഓരോ സ്‌കൂളിന്റെയും സാഹചര്യമനുസരിച്ച് കോവിഡ് സുരക്ഷ ക്രമീകരിക്കും. എസ്എസ്എൽസിക്ക് ഇനി നാലു പരീക്ഷകളും പ്ലസ് ടുവിന് വിവിധ ബ്രാഞ്ചുകളിലായി നാലു ദിവസത്തെ പരീക്ഷകളുമാണ് അവശേഷിക്കുന്നത്.

കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ നേരത്തെ തന്നെ കൈമാറിയിട്ടുള്ളതാണ്. പരീക്ഷ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂർത്തീകരിക്കുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊണ്ടിട്ടുള്ളതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

അദ്ധ്യാപകരും അനധ്യാപക ജീവനക്കാരും പരീക്ഷ കേന്ദ്രങ്ങളിൽ നിർബന്ധമായും ട്രിപ്പിൾ ലെയർ മാസ്‌ക് ഉപയോഗിക്കണം. വിദ്യാർത്ഥികൾ കഴിയുന്നതും ട്രിപ്പിൾ ലെയർ മാസ്‌ക് ധരിക്കണം. ഇക്കാര്യം ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം.

സ്‌കൂൾ കോമ്പൗണ്ടിലേക്ക് ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ കടത്തിവിടാവൂ. സാനിറ്റൈസറിന്റേയും സോപ്പിന്റേയും ലഭ്യത ഉറപ്പുവരുത്തണം. കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ, ക്വാറന്റീനിലുള്ളവർ, ശരീരോഷ്മാവ് കൂടിയവർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളിൽ പരീക്ഷ എഴുതുന്നതിനുള്ള സജ്ജീകരണങ്ങൾ സ്‌കൂൾ തലങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

പരീക്ഷ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തിചേരുന്നതിനുള്ള ഗതാഗത സൗകര്യം ഉറപ്പുവരുത്താൻ പ്രഥമധ്യമാപകർ നടപടി സ്വീകരിക്കണം. ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണതോതിൽ പാലിക്കപ്പെടുന്നതിന് ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും പിടിഎ/എസ്.എം.സി തുടങ്ങിയവരുടെയും പൂർണ്ണതോതിലുള്ള സാന്നിധ്യവും സഹകരണവും ലഭ്യമാകുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കൂട്ടിച്ചേർത്തു.

ബുധനാഴ്ച കെമിസ്ട്രി പരീക്ഷ കഴിഞ്ഞാൽ പിന്നീട് എസ്എസ്എൽസിക്ക് മൂന്ന് പരീക്ഷകളാണുള്ളത്. 27, 28, 29 തീയതികളിലായാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. സോഷ്യൽസയൻസ്, ബയോളജി , മലയാളം അല്ലെങ്കിൽ ഒന്നാംഭാഷ ഏതാണോ അത് എന്നിവയാണ് ഇനി നടക്കാനുള്ള പരീക്ഷകൾ. നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരം കുട്ടികളാണ് എസ്എസ്എൽസി പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ചയും 22, 24, 26 തീയതികളിലായി വിവിധ ബ്രാഞ്ചുകളിലെ പ്ലസ് 2 പരീക്ഷയും നടക്കുന്നു. നാല് ലക്ഷത്തി നാൽപ്പത്തി ആറായിരം പേരാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്.

എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ക്രമീകരണങ്ങളുണ്ട്. കൂടാതെ കോവിഡ് ബാധിതർ, നിരീക്ഷണത്തിലുള്ളവർ എന്നിവർക്ക് പരീക്ഷ എഴുതാൻ അതീവ സുരക്ഷയുള്ള് പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ പരീക്ഷ മാറ്റിവയ്ക്കരുതെന്നും മുൻനിശ്ചയിച്ച തീയതികളിൽ തന്നെ നടത്തണമെന്നുമുള്ള അഭിപ്രായത്തിനാണ് മുൻതൂക്കം. കോവിഡ് വ്യാപനത്തെക്കുറിച്ച് ആശങ്ക ഉണ്ടെങ്കിലും പരീക്ഷ പൂർത്തിയാക്കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ളതെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

പൊതുവിഭ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്:

സംസ്ഥാനത്തെ എസ്എസ്എൽസി/ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകളുടെ നടത്തിപ്പിനോടനുബന്ധിച്ച് പാലിക്കപ്പെടേണ്ട കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കും ചീഫ് സൂപ്രണ്ടുമാർക്കും പരീക്ഷയ്ക്കുമുമ്പായി നൽകുകയും, നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് പരീക്ഷകൾ തുടർന്നു വരുകയും ചെയ്യുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂർത്തീകരിക്കുന്നതിനുള്ള മുൻകരുതലുകൾ കൈകൊണ്ടിട്ടുള്ളതാണ്.

പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന അദ്ധ്യാപക - അനധ്യാപക ജീവനക്കാർ, നിശ്ചയമായും ട്രിപ്പിൾ ലെയർ മാസ്‌ക് ഉപയോഗിക്കേണ്ടതാണെന്നും വിദ്യാർത്ഥികൾ കഴിയുന്നതും ട്രിപ്പിൾ ലെയർ മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഐ.ആർ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച് വിദ്യാർത്ഥികളെ സ്‌കൂൾ കോമ്പൗണ്ടിനുള്ളിലേയ്ക്ക് കടത്തുവാനും, ഇവർക്കായി സാനിറ്റൈസർ/സോപ്പ് എന്നിവയുടെ ലഭ്യത ഓരോ പരീക്ഷാ കേന്ദ്രത്തിലും ഉറപ്പുവരുത്തുവാനും ചീഫ് സൂപ്രണ്ടുമാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട് കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിർണ്ണയ ക്യാംപിലേയ്ക്ക് അയക്കുവാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ, ക്വാറന്റൈനിലുള്ള വിദ്യാർത്ഥികൾ, ശരീരോഷ്മാവ് കൂടിയവർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളിൽ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങൾ സ്‌കൂൾ തലങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാനുള്ള ഗതാഗത സൗകര്യം ഉറപ്പുവരുത്തുവാൻ പ്രഥമാധ്യാപകർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓരോ പരീക്ഷ കഴിയുമ്പോഴും പരീക്ഷാ ഹാളുകൾ സാനിറ്റൈസ് ചെയ്ത് അടുത്ത പരീക്ഷയ്ക്കായി ഹാളുകൾ സജ്ജീകരിക്കുവാൻ ആവശ്യമായ നടപടികൾ ചീഫ് സൂപ്രണ്ടുമാർ കൈകൊണ്ടിട്ടുണ്ട്.

ഓരോ വിദ്യാലയത്തിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് പരീക്ഷ അതീവ സുരക്ഷയോടുകൂടി നടപ്പിലാക്കുന്നതിന് വിദ്യാലയാടിസ്ഥാനത്തിൽ മൈക്രോപ്ലാൻ രൂപീകരിച്ച് പരീക്ഷാ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുപോകുന്നു. സംസ്ഥാനതലത്തിലും റവന്യൂ ജില്ലാ, വിദ്യാഭ്യാസ ജില്ലാതലത്തിലും രൂപീകരിച്ചിട്ടുള്ള വിദ്യാഭ്യാസ ഓഫീസർമാരുടെ മോണിറ്ററിങ് ടീം ഓരോ വിദ്യാലയത്തിലും പരീക്ഷയോടനുബന്ധിച്ച് നടപ്പിലാക്കിയിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ചീഫ് സൂപ്രണ്ടുമാർക്ക് നൽകി വരുന്നു. ഇതോടൊപ്പം ഓരോ പരീക്ഷാകേന്ദ്രത്തിലും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണതോതിൽ പാലിക്കപ്പെടുന്നതിന് ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും പി.ടി.എ/എസ്.എം.സി തുടങ്ങിയവയുടെയും പൂർണ്ണതോതിലുള്ള സാന്നിദ്ധ്യവും സഹകരണവും ലഭ്യമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP