Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

ശ്രീജിവ് ലോക്കപ്പ് മരണം; സത്യങ്ങൾ കുഴിച്ചു മൂടിയുള്ള സിബിഐയുടെ റഫർ റിപ്പോർട്ട്; ശ്രീജിവിന്റെ മാതാവ് റിപ്പോർട്ടിൽ ആക്ഷേപം ബോധിപ്പിക്കാൻ കോടതിയിൽ സമയം തേടി; ലിംഗവും വൃഷണസഞ്ചിയും ഞെരിച്ച് ഉടച്ച നിലയിലെന്ന് ആർഡിഒയുടെയും മജിസ്‌ട്രേട്ടിന്റെയും റിപ്പോർട്ട് സിബിഐ അവഗണിച്ചു: പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തിയ 10 ചതവുകളും  മുക്കിയെന്ന് ആക്ഷേപം

ശ്രീജിവ് ലോക്കപ്പ് മരണം; സത്യങ്ങൾ കുഴിച്ചു മൂടിയുള്ള സിബിഐയുടെ റഫർ റിപ്പോർട്ട്; ശ്രീജിവിന്റെ മാതാവ് റിപ്പോർട്ടിൽ ആക്ഷേപം ബോധിപ്പിക്കാൻ കോടതിയിൽ സമയം തേടി; ലിംഗവും വൃഷണസഞ്ചിയും ഞെരിച്ച് ഉടച്ച നിലയിലെന്ന് ആർഡിഒയുടെയും മജിസ്‌ട്രേട്ടിന്റെയും റിപ്പോർട്ട് സിബിഐ അവഗണിച്ചു: പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തിയ 10 ചതവുകളും  മുക്കിയെന്ന് ആക്ഷേപം

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം: പാറശ്ശാല പൊലീസ് സ്റ്റേഷൻ ശ്രീജിവ് ലോക്കപ്പ് മരണക്കേസിൽ സിബിഐ സമർപ്പിച്ച റഫർ റിപ്പോർട്ടിനെതിരെ ആക്ഷേപം ബോധിപ്പിക്കാൻ ശ്രീജിവിന്റെ മാതാവ് പ്രമീള കോടതിയിൽ സമയം തേടി. കേസിൽ ഉൾപ്പെട്ട പൊലീസുദ്യോസ്ഥരെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ സത്യങ്ങൾ കുഴിച്ചു മൂടിയുള്ള റഫർ റിപ്പോർട്ടാണ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചിട്ടുള്ളതെന്ന ആരോപണം ശക്തമായി.

ആർഡിഒയും മജിസ്‌ട്രേട്ടും മെഡിക്കൽ കോളേജാശുപത്രിയിൽ വന്ന് നടത്തിയ ഇൻക്വസ്റ്റ് ദേഹപരിശോധനയിൽ ശ്രീജിവിന്റെ ലിംഗവും വൃഷണ സഞ്ചികളും ഞെരിച്ച് ഉടച്ച നിലയിലായിരുന്നെന്ന് കണ്ടെത്തിയ റിപ്പോർട്ടും സിബിഐ അവഗണിച്ചു. കസ്റ്റഡി മർദനത്തിനിരയായ ശ്രീജിവിന്റെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ശരീരത്തിൽ കാണപ്പെട്ട 10 ചതവുകളും സിബിഐ കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ച് ഇരുട്ടാക്കി. ആത്മഹത്യയാണെന്ന റെഫർ റിപ്പോർട്ട് സാധൂകരിക്കാൻ ഉള്ള തെളിവുകൾ ഇല്ലാത്തതിനാൽ കോടതിയിൽ സിബിഐക്ക് വിയർക്കേണ്ടി വരുമെന്ന് നിയമജ്ഞർ വിലയിരുത്തുന്നു.

എറണാകുളം പാലാരിവട്ടം പോളക്കുളം ബാറുടമ 'നാരായണൻ തന്റെ മകളുടെ കാമുകനായ തന്റെ ഡ്രൈവറെ ഗുണ്ടകളെ ഉപയോഗിച്ച് ഇഷ്ടിക കൊണ്ട് വൃഷണ സഞ്ചികൾ അടിച്ചുടച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴേക്കിട്ട് കൊലപ്പെടുത്തിയ മോഡലിലാണ് ഇവിടെയും കൊല നടന്നിട്ടുള്ളത്. സി ബി ഐ ഡമ്മി പരീക്ഷണം ആദ്യമായി നടത്തിയ കേസിനാസ്പദമായ ഈ സംഭവമാണ് പിൽക്കാലത്ത് കെ. മധു സംവിധാനം ചെയ്ത ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന ചലച്ചിത്രത്തിന് നിദാനമായത്.

ശ്രീജിവിനെ കസ്റ്റഡിയിലെടുക്കുന്നതും പാറശ്ശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഫിലിപ്പോസിന്റെ ബന്ധുവായ വർഗ്ഗീസിന്റെ മകളായ ഹെലൻ സോഫിയയെ സ്‌നേഹിച്ചതിന്റെ പേരിലാണ്. 2014 മെയ് 21ന് നടക്കുന്ന ഹെലന്റെ വിവാഹത്തിന്റെ രണ്ട് ദിവസം മുമ്പാണ് ശ്രീജിവിനെ 2 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ കസ്റ്റഡിയിലെടുക്കുന്നത്. ശ്രീജിവ് പെൺകുട്ടിയുമായി ഒളിച്ചോടുകയോ വിവാഹം മുടക്കുകയോ ചെയ്യാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ശ്രീജിവിനെ കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നു.

തുടർന്ന് ഫ്യൂരിഡാൻ വിഷം പൊലീസുകാർ ബലം പ്രയോഗിച്ച് ശ്രീജിവിന്റെ വായിൽ തിരുകി ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന ജസ്റ്റിസ് : നാരായണ കുറുപ്പിന്റെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പാടെ കണ്ടില്ലെന്ന് നടിച്ചാണ് സി ബി ഐ ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്ന് കാട്ടി കേസ് എഴുതിത്ത്ത്തള്ളാൻ അനുമതി തേടി റഫർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. വാദി ഭാഗത്തേക്ക് ഫോറൻസിക് വിദഗ്ധൻ ഡോ. പി.വി. ഗുഹ രാജ് , കീടനാശിനി വിദഗ്ധൻ ഡോ.തോമസ് ബിജു മാത്യു , വിരലടയാള വിദഗ്ധൻ ഡോ. ഉണ്ണികൃഷ്ണ മേനോൻ എന്നിവരടക്കം 9 സാക്ഷികളെയും പ്രതിഭാഗത്തേക്ക് 13 സാക്ഷികളെയും വിസ്തരിക്കുകയും ചെയ്തു.

7 രേഖകൾ അന്വേഷണകമ്മീഷൻ രേഖളായി തെളിവിൽ സ്വീകരിച്ചാണ് ജസ്റ്റീസ്.നാരായണക്കുറുപ്പ് പൊലീസുദ്യേഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തി അവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയത്.ശ്രീജിവ് എഴുതിയതായ ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം ശ്രീജിവിന്റേതല്ലെന്ന ഡോ.ഉണ്ണികൃഷ്ണമേനോന്റെ റിപ്പോർട്ട് സിബിഐ റഫർ റിപ്പോർട്ടിൽ മറച്ചു വച്ചു.

ശ്രീജിവ് ആറ്റിങ്ങൽ ലോഡ്ജിൽ മാസവാടകക്ക് മുറിയെടുത്ത സമയം സ്വന്തം കൈപ്പടയിൽ എഴുതിക്കൊടുത്ത ലോഡ്ജിലെ അഡ്‌മിഷൻ രജിസ്റ്ററിലെയും ശ്രീജിവിന്റെ മറ്റു കൈപ്പടകളുമായി ഒത്തു നോക്കി നൽകിയ ശാസത്രീയ റിപ്പോർട്ടാണ് സി ബി ഐ കൃത്യത്തിൽ ഉൾപ്പെട്ട പൊലീസുദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകാനായി അവഗണിച്ചത്. ശ്രീജിവിനെ അടിവസ്ത്രമടക്കം ഊരിമാറ്റി ദേഹ പരിശോധന നടത്തിയ ശേഷമാണ് സി ഐ അദ്ദേഹവും മറ്റും ലോക്കപ്പ് മുറിക്കത്തിട്ട് പൂട്ടിയതെന്ന് പൊലീസുകാർ കമ്മീഷന് നൽകിയ മൊഴികളും സിബിഐ കാറ്റിൽ പറത്തി. ഫ്യൂരിഡാൻ ആമാശയത്തിലെത്തിയിട്ടില്ലെന്ന റിപ്പോർട്ടും സിബിഐ അവഗണിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP