Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിഫ്ബിയിൽ അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; സ്പീക്കർ സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചത് പ്രതിഷേധം ശക്തമായതോടെ; സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാപരമായ അവകാശങ്ങളോടുള്ള വെല്ലുവിളിയുമെന്ന് ചെന്നിത്തല

കിഫ്ബിയിൽ അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; സ്പീക്കർ സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചത് പ്രതിഷേധം ശക്തമായതോടെ; സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാപരമായ അവകാശങ്ങളോടുള്ള വെല്ലുവിളിയുമെന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബിയിൽ തട്ടി സഭ സ്തംഭിച്ചു. കിഫ്ബി, കിയാൽ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ നിയമസഭ പ്രക്ഷുബ്ധമായി. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചതോടെ നിയമസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന നിലപാട് സ്പീക്കർ തുടർന്നതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

ഇതേ വിഷയങ്ങൾ ഒക്ടോബർ 29, നവംബർ നാല് എന്നീ ദിവസങ്ങളിൽ സഭയിൽ ചർച്ചയ്ക്ക് വന്നിരുന്നു. ചോദ്യോത്തര വേളയിൽ ഈ വിഷയം വന്ന സ്ഥിതിക്ക് ഒരുതവണ കൂടി വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാനാകില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. ചോദ്യോത്തരവേളയിൽ വിഷയം വിശദമായി ചർച്ച ചെയ്യപ്പെട്ടതാണ്. അതിനാൽ അടിയന്തരപ്രമേയനോട്ടീസായി അനുവദിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചു.

എന്നാൽ പ്രതിപക്ഷ നേതാവ് ഇതിനെ എതിർത്തു. രണ്ടും രണ്ടായി കാണണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾകൂടി സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ആളാണ് സ്പീക്കർ എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും അധികം ആശങ്കയുള്ള, കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിൽ ഒരു ചോദ്യം ഉന്നയിക്കാൻ സ്പീക്കർ അനുവദിച്ചിട്ടില്ല. വിഷയത്തിൽ ഞങ്ങൾക്കുന്നയിക്കേണ്ട പ്രധാന ചോദ്യങ്ങൾ സഭയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്താൻ സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സ്പീക്കർക്കെതിരെ രൂക്ഷമായ വിമർശനമാണ് ചെന്നിത്തല നടത്തിയത്. അഴിമതി ചൂണ്ടിക്കാട്ടാനുള്ള അവസരം സ്പീക്കർ നിഷേധിച്ചു. സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാപരമായ അവകാശങ്ങളെ വെല്ലുവിളിക്കുകയുമാണ് സ്പീക്കർ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്ബിയിലൂടെ ലഭിക്കുന്ന ഒരു പൈസ പോലും നിയമസഭയിൽ ചർച്ച ചെയ്യുന്നില്ലെന്ന് മാത്രമല്ല, ഈ തുക ഓഡിറ്റ് ചെയ്യപ്പെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒഡിറ്റ് നടത്താത്തത് അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. സംസ്ഥാന സർക്കാറിന്റെ സോവറിൻ ഗ്യാരന്റിയിലൂടെയാണ് കിഫ്ബിയിൽ നിന്നും തുക സർക്കാറിന് ലഭിക്കുന്നത്. ഈ പണം സർക്കാറിലേക്ക് ലഭിക്കുമ്പോൾ ഇത് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ടോ വ്യവസ്ഥയ്ക്ക് വിരുദ്ധമായി തുക ചെലവഴിക്കപ്പെടുന്നുണ്ടോ എന്നുള്ള കാര്യങ്ങൾപരിശോധിക്കപ്പെടണം. അവകാശങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ് തോമസ് ഐസക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിലവിൽ ഫണ്ട് ട്രസ്റ്റി ബോർഡ് വഴി തുക ഒപ്പിട്ടു പോകുകയാണ്. ഫണ്ട് ട്രസ്റ്റി ബോർഡ് കൊടുക്കുന്ന ഫിഡിലിറ്റി സർട്ടിഫിക്കേറ്റ് മാത്രമാണ് നിയമസഭയിൽ വെയ്ക്കാറുള്ളത്.

കിഫ്ബി തുകയെ സംബന്ധിച്ച് ഓഡിറ്റ് നടത്താൻ നിയമസഭയ്ക്കോ ക്യാബിനറ്റിനോ സിഎൻഎജിക്ക് അധികാരമില്ല എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണഘടനയ്ക്ക് അതീതമായ ശക്തിയാണോ കിഫ്ബി എന്നത് എന്നും രമേസ് ചെന്നിത്തല ആരാഞ്ഞു.ഗുരുതരമായ അഴിമതിയാണിതെന്നും ഇത് ചൂണ്ടിക്കാണിക്കാനുള്ള അധികാരത്തെ സ്പീക്കർ വെല്ലുവിളിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കിഫ്ബിയിൽ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ധനമന്ത്രി പരസ്പര വിരുദ്ധമായ കാര്യമാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP