Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

യെച്ചൂരിക്ക് പിണറായി ഭയം; ബുള്ളറ്റ് ട്രെയിനിനെ എതിർത്ത യെച്ചൂരി പിണറായിയുടെ കെ റയിലിൽ മൗനിബാബ ; അതിവേഗ റയിലിൽ ഇരട്ടതാപ്പുമായി സി പി എം; വിമർശനവുമായി ശൂരനാട് രാജശേഖരൻ

യെച്ചൂരിക്ക് പിണറായി ഭയം; ബുള്ളറ്റ് ട്രെയിനിനെ എതിർത്ത യെച്ചൂരി പിണറായിയുടെ കെ റയിലിൽ മൗനിബാബ ; അതിവേഗ റയിലിൽ ഇരട്ടതാപ്പുമായി സി പി എം; വിമർശനവുമായി ശൂരനാട് രാജശേഖരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അതിവേഗ റെയിൽ പാതയിൽ സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമർശിച്ച് കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പദ്ധതിയെന്ന് ശൂരനാട് വിശദീകരിക്കുന്നു.

അതിവേഗ റെയിൽപാത :സി.പിഎമ്മിന്റെ ഇരട്ടത്താപ്പ്

സംസ്ഥാനത്തിന്റെ റെയിൽ ഗതാഗത വികസനത്തിന് സെമി അതിവേഗ റെയിൽപ്പാത അനിവാര്യമാണെന്ന് വാദിക്കുന്ന സി.പിഎമ്മും അവരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരും ജനങ്ങളെ കബളിപ്പിക്കുകയും നിലപാടുകളിൽ വെള്ളം ചേർക്കുകയുമാണ്. ദേശീയ തലത്തിൽ ഒരു നിലപാടും സംസ്ഥാനത്ത് വേറൊരു നിലപാടുമാണ് പാർട്ടിസ്വീകരിച്ചിരിക്കുന്നത്
1. 2014ലെ റെയിൽവേ ബജറ്റിൽ അവതരിപ്പിക്കപ്പെട്ട രാജ്യത്തെ ആദ്യ പ്രഥമ അതിവേഗ റെയിൽപ്പാതയായ അഹമ്മദബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വെറും തട്ടിപ്പാണെന്നും പൊതുമുതൽ കൊള്ളയടിക്കാനുള്ള തട്ടി ക്കൂട്ട് പരിപാടിയാണെന്നു മായിരുന്നു സി പി എമ്മിന്റെ നിലപാട്. റെയിൽ ബജറ്റിനെക്കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പാർട്ടി ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരി അടക്കമുള്ള സി.പിഎം അംഗങ്ങൾ ശക്തിയുക്തമായാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വിമർശിച്ചതെന്ന് പാർട്ടിയുടെ ഇംഗ്ലീഷ് മുഖപത്രമായ 'പീപ്പിൾസ് ഡെമോക്രസി' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യസഭാ മുൻ അംഗവും നിലവിൽ സംസ്ഥാനത്തെ ധനകാര്യ മന്ത്രിയുമായ കെ എൻ ബാലഗോപാൽ അതിവേഗ റെയിൽ പാതയെ എതിർത്തു കൊണ്ട് രാജ്യസഭയിൽ പറഞ്ഞത് ഇങ്ങനെയാണ്.
' റെയിൽ ബജറ്റിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ വിഹിതം നൽകിയിട്ടില്ല, അങ്ങേയറ്റം വിവേചന പരമായാണ് കേന്ദ്രം പെരുമാറിയിട്ടു ള്ളത്. ഓഹരി വിൽപ്പന ഈ വകുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. സ്വകാര്യ - പൊതു മേഖല സംരംഭങ്ങളിലൂടെ സ്വകാര്യ മേഖലയ്ക്ക് വൻതോതിൽ ഭൂമി തീറെഴുതി നൽകിയിരിക്കുകയാണ്. അതിവേഗ( ബുള്ളറ്റ് ട്രെയിൻ) പദ്ധതിക്ക് താൻ എതിരല്ല. എന്നാൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ വിധം നമ്മുടെ രാജ്യം വളർച്ച നേടിയിട്ടുണ്ടോ. നിലവിലുള്ള റെയിൽവേ പദ്ധതികൾ നന്നാക്കുകയും വികസിപ്പിക്കുകയുമാണ് അഭികാമ്യം. ഇപ്പോൾ സർവ്വീസ് നടത്തുന്ന തീവണ്ടികളുടെ വേഗതയും സാങ്കേതിക സൗകര്യങ്ങളും വർധിപ്പിക്കുകയാണ് വേണ്ടത്. ഹ്രസ്വദൂര യാത്രകൾക്കായി കൂടുതൽ മെമു സർവ്വീസുകൾ നടത്തുകയാണ് ഏറ്റവും ആവശ്യമുള്ളത്. പാത ഇരട്ടിപ്പിക്കലും റെയിൽവേ സ്റ്റേഷനുകളുടെ വികസനവും വേഗത്തിലാക്കുകയും വേണ'മെന്നാണ് ബാലഗോപാൽ ആവശ്യപ്പെട്ടത്. .
(The week in P 'arliament - CPM parliamentary office - Peoples Democracy 3 August 2014)
2) അതിവേഗ റെയിൽ ( ബുള്ളറ്റ് ടെയിൻ) എന്ന പദ്ധതി 'രാജ്യത്തെ വളരെ മോശമായ ആശയമെന്നാണ് ' പീപ്പിൾസ് ഡെമോക്രസി വിശേഷിപ്പിച്ചിരിക്കുന്നത്.
( Peoples Democracy-08 August 2014- Bullet trains: Bad idea for India)
കോടികൾ ചിലവഴിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി വെള്ളാനയായി തീരുമെന്നാണ് പാർട്ടി പത്രം മുന്നറിയിപ്പ് നൽകുന്നത്.
റെയിൽവേ വികസനമെന്ന പേരിൽ നടപ്പാക്കുന്ന ഈ പദ്ധതി കൊണ്ട് യാത്രക്കാർക്ക് കാര്യമായ ഒരു നേട്ടവും ഉണ്ടാവാൻ പോകുന്നില്ല. വെറുതെ ജാഡയ്ക്കായി ഈ പദ്ധതിയെക്കുറിച്ച് വാഴ്‌ത്തിപ്പാടാമെങ്കിലും ലോകത്ത് മിക്കയിടങ്ങളിലും അതിവേഗ റെയിൽവേ പദ്ധതികൾ നഷ്ടത്തിലാണ് കലാശിച്ചിരിക്കുന്നതെന്നും ലേഖനം അടിവരയിട്ട് പറയുന്നുണ്ട്.
പൊതുമേഖലയിൽ ഒരുപാട് വെള്ളാനകളെ തീറ്റിപ്പോറ്റുന്ന നമ്മുടെ രാജ്യത്ത് മറ്റൊരു വെള്ളാനയെക്കൂടി സൃഷ്ടിക്കുകയാണ്. ജനങ്ങളുടെ പട്ടിണിയും ദുരിതവുമകറ്റാതെ ഇമ്മാതിരി പദ്ധതികൾക്ക് പിന്നാലെ പായുന്നത് ഒട്ടും ആശാസ്യമല്ല. ധനിക ന്യൂനപക്ഷത്തിന്റെ ആഡംബരത്തിന് വേണ്ടി രാജ്യത്തിന്റെ സമ്പത്ത് ധൂർത്തടിക്കുകയാണ്. നിലവിലുള്ള റെയിൽ പാളങ്ങളിലൂടെ 200 കിലോമീറ്റർ വേഗതയിൽ ട്രെയിനോടിക്കാൻ കഴിയുന്നുണ്ട്. കൂടുതൽ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും വിധം പാളങ്ങൾ ബലപ്പെടുത്തുകയാണ് വേണ്ടതെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
ഒരു കിലോമീറ്ററിന് 250 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന അഹമ്മദബാദ്-മുംബൈ അതിവേഗ റെയിൽ പാതയ്ക്കായി ഒന്നേകാൽ ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് വിലയിരുത്തുന്നത്. ഒരു കിലോമീറ്ററിന് ശരാശരി 8 രൂപ യാത്രാക്കൂലി നൽകേണ്ടി വരുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. മേൽപ്പറഞ്ഞ റൂട്ടിലുള്ള വിമാനക്കൂലിയേക്കാൾ കൂടുതൽ തുക ബുള്ളറ്റ് ട്രെയിനിൽ കൊടുക്കേണ്ടി വരുമെന്നാണ് ലേഖനത്തിൽ എഴുതിയിരിക്കുന്നത്.
3) ഇന്ത്യൻ പരിസ്ഥിതിക്കും, വികസന ആശയങ്ങൾക്കും ഒട്ടും നിരക്കാത്ത പദ്ധതിയാണ് അതിവേഗ റെയിൽപ്പാതയെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന പാർട്ടിയാണ് കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.
ബുള്ളറ്റ് ട്രെയിൻ പദ്ധതി വെള്ളാനയാണെന്നും, പൊതുമുതൽ കട്ടുമുടിക്കാനുള്ള ഉപാധിയാണെന്നും പറയുന്നവർ എന്തിനാണ് കേരളത്തിലെ ജനങ്ങൾക്ക് മേൽ അതിവേഗ റെയിൽ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കുന്നില്ല.
4) അഹമ്മദബാദ് - മുംബൈ അതിവേഗ റെയിൽപ്പാത കടന്നു പോകുന്ന മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലെ കർഷകരെയും ജനങ്ങളെയും സംഘടിപ്പിച്ച്
കഴിഞ്ഞ രണ്ട് വർഷമായി ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ നിരന്തര സമരത്തിലാണ് മഹാരാഷ്ട്ര സിപിഎം ഘടകവും അഖിലേന്ത്യാ കിസാൻ സഭയും. പാർട്ടി കേന്ദ്ര കമ്മറ്റിയുടെ അനുവാദത്തോടെയാണ് മഹാരാഷ്ട്ര സി പി എം സമരം നടത്തുന്നത്. റെയിൽപ്പാത വരുമ്പോൾ ആയിരക്കണക്കിന് ഏക്കർ കൃഷി ഭൂമി അന്യാധീനപ്പെടുകയും കർഷകർ തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്ന ത്. അതിവേഗ റെയിൽപ്പാതെയ്‌ക്കെതിരായുള്ള സമരത്തെ ഐതിഹാസിക സമരമെന്നാണ് ദേശാഭിമാനി വിശേഷിപ്പിച്ചിരിക്കുന്നത്.(deshabhimani.com/english- Maharashtra: joint convention against pet bullet train project Friday 8 July 2018)
ഗുജറാത്തിൽ മാത്രം തുടക്കത്തിൽ 612.9 ഹെക്ടറും മഹാരാഷ്ട്രയിൽ 398.91 ഹെക്ടർ കൃഷിഭൂമിയുമാണ് ഏറ്റെടുക്കുന്നത്. പാവങ്ങളായ ആദിവാസികളാണ് ഈ മേഖലയിൽ കൃഷി ചെയ്യുന്നത്. ഇവരുടെ ഭൂമി ഏറ്റെടുക്കുന്നതോടെ ജീവിതമാർഗങ്ങൾ പൂർണ്ണമായി ഇല്ലാതാവുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സമാനമായ തോതിലാണ് കേരളത്തിലും അതിവേഗ പാതയ്ക്കായി കൃഷി ഭൂമി ഏറ്റെടുക്കാൻ ആലോചിക്കുന്നത്. മഹാരാഷ്ട്രയിൽ അതിവേഗ പാതയ്ക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന സി.പിഎമ്മും അവരുടെ കർഷക സംഘടനയും കേരളത്തിൽ സമാന സ്വഭാവമുള്ള പാതയ്ക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ കൈ -മെയ് മറന്ന് പിന്തുണയ്ക്കുകയാണ്.
5. സമ്പന്നരെ ലക്ഷ്യമാക്കിയാണ് മുംബൈ- അഹമ്മദബാദ് അതിവേഗ റെയിൽപ്പാത നിർമ്മിക്കുന്നതെന്നാണ് ദേശാഭിമാനി ഉദ്‌ബോധിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് പട്ടിണി പാവങ്ങൾക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒന്നേകാൽ ലക്ഷം കോടി ചിലവഴിച്ച് ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുന്ന മോദി സർക്കാർ, അറ്റകുറ്റപ്പണിക്കായി നാലിലൊന്നു തുക പോലും ചെലവാക്കുന്നില്ലെന്നും ദേശാഭിമാനി പരിതപിക്കുന്നുണ്ട്.
6. ബുള്ളറ്റ് ട്രെയിൻ പദ്ധതി ഉൾപ്പെടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 10 മെഗാ പദ്ധതികൾക്കെതിരെ 2018 ഒക്ടോബറിൽ സി.പിഎം കേന്ദ്ര നേതൃത്വം രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ചിരുന്നു. എങ്കിൽ പിന്നെ എന്തിനാണ് സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കുവാൻ തയ്യാറാവണം.
7. മുംബൈ- അഹമ്മദബാദ് അതിവേഗ പാത നിർമ്മിക്കുമ്പോൾ 14 ഹെക്ടറിലധികം പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 54000 കണ്ടൽ ചെടികൾ നഷ്ടപ്പെടുമെന്ന ഹിന്ദുസ്ഥാൻ ടൈംസിന്റെ വാർത്ത സമൂഹമാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിൽ സമാനസ്വഭാവമുള്ള പാത നിർമ്മിക്കുമ്പോൾ നഷ്ടപ്പെടാനിടയുള്ള മരങ്ങളെക്കുറിച്ചും കൃഷിസ്ഥലങ്ങളെ കുറിച്ചും മൗനം അവലംബിക്കുകയാണ്. കണ്ടൽ ചെടികൾ വെട്ടിനശിപ്പിച്ചാൽ വെള്ളപ്പൊക്കമുണ്ടാകാൻ ഇടയുണ്ടെന്നും പ്രകൃതി നാശം സംഭവിക്കുമെന്നുമൊക്കെ ഒരു ഫെയ്‌സ് ബുക്ക് കുറിപ്പിൽ യെച്ചൂരി മുന്നറിയിപ്പും നൽകുന്നുണ്ട്. (Sitaram Yechury FB post 25 June 2019)
8.ജീവസന്ധാരണത്തി
നായി ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾ പ്രതിദിനം സഞ്ചരിക്കുന്ന ഓർഡിനറി ട്രെയിനുകളുടെ സുരക്ഷയെ മറന്നു കൊണ്ടാണ് മോദി സർക്കാർ സങ്കൽപ്പ ലോകത്തെ ബുള്ളറ്റ് ട്രെയിനുകൾക്കായി പണം ചെലവാക്കുന്നതെന്നും യെച്ചൂരി 2017 സെപ്റ്റംബർ 29 ന് തന്റെ ട്വീറ്റർ അക്കൗണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പിണറായി സർക്കാരിന്റെ സെമി ഹൈസ്പീഡ് പദ്ധതിയെന്ന സങ്കൽപ്പ ലോകത്തെ പറക്കും ട്രെയിനിനെക്കുറിച്ച് മൗനിബാബയായി പാർട്ടി അഖിലേന്ത്യാ സെക്രട്ടറി മാറുകയും ചെയ്യുന്നു.
9. അടിമുടി പ്രകൃതി സ്‌നേഹിയും തികഞ്ഞ സോഷ്യലിസ്റ്റുമായ യെച്ചൂരിക്ക് മോദി സർക്കാരിന്റെ ബുള്ളറ്റ് ട്രെയിനിനോടുള്ള കോപവും താപവും അവസാനിക്കുന്നില്ല.
2019 ഡിസംബർ നാലിന് അദ്ദേഹം ബുള്ളറ്റ് ട്രെയിനിനെതിരെ ട്വിറ്ററിലൂടെ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. 'ബിജെപിക്ക് കനത്ത സംഭാവനകൾ നൽകിയവർക്കാണോ ബുള്ളറ്റ് ട്രെയിനിന്റെ കരാറുകൾ നൽകിയിരിക്കുന്നത്?. ഇതിനായി പ്രത്യേകം തെളിവുകൾ ആവശ്യമില്ല. ചങ്ങാത്ത മുതലാളിത്തവും കൊള്ളയടിയുമാണ് ബുള്ളറ്റ് ട്രെയിനിന്റെ മറവിൽ നടക്കുന്നത് '. അഴിമതിയുടെ കാര്യത്തിൽ മുമ്പുണ്ടായിരുന്ന സകല മാതൃകകളെയും മോദി സർക്കാർ കടത്തി വെട്ടിയിരിക്കുകയാണെന്നും യെച്ചൂരി ട്വീറ്റിൽ വ്യക്തമാക്കുന്നു.
10. രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ വർഗീയ അജൻഡകൾ ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള മോദി സർക്കാർ നടപ്പിലാക്കുന്നതിനോടൊപ്പം പൊതു സമ്പത്തുകൊള്ളയടിക്കുന്നതിനായി ബുള്ളറ്റ് ട്രെയിൻ പദ്ധതി, പ്രതിമ നിർമ്മാണം, പുതിയ പാർലമെന്റ് സമുച്ചയ നിർമ്മാണമൊക്കെ നടത്തുകയാണെന്നും 2021 മെയ് മാസത്തിലെ പീപ്പിൾസ് ഡെമോക്രസിയിൽ എഴുതിയ Two Agonising years of devastation എന്ന ലേഖനത്തിൽ യെച്ചൂരി കുറ്റപ്പെടുത്തുന്നുണ്ട്.
പ്രധാനമന്ത്രി മോദി പിന്തുടരുന്ന ജനാധിപത്യ നിലപാടുകളും വികസന മാതൃകകളും അതേപടി നടപ്പാക്കുന്ന പിണറായി വിജയനെതിരെ പ്രതികരിക്കാൻ യെച്ചൂരിക്ക് കഴിയുന്നില്ല. മോദിയെ ആരാധിക്കുന്ന പിണറായിയെ തിരുത്താൻ ശേഷിയില്ലാത്ത യെച്ചൂരിയുടെ മുതലക്കണ്ണീർ മലയാളികൾ തിരിച്ചറിയുക തന്നെ വേണം.
കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സെമി അതിവേഗ റെയിൽപ്പാത സൃഷ്ടിക്കാനിടയുള്ള ആപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയാൽ പിണറായി വിജയന്റെ ഔദാര്യത്തിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന സീതാറാം യെച്ചൂരി പിന്നെ ഈ പാർട്ടിയിലുണ്ടാവില്ലെന്നതാണ് പരമാർത്ഥം.
ആയിരങ്ങളെ പെരുവഴിയിലാക്കുന്ന സംസ്ഥാനത്തെ സെമി അതിവേഗ പാതയെക്കുറിച്ച് അണികളെ ഉദ്‌ബോധിപ്പിക്കാൻ യെച്ചൂരി മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി കാത്തിരിക്കുകയാണെന്നും തോന്നുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP