Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദ്യുത ബോർഡ് ചെലവാക്കിയത് 70 കോടി; നഷ്ടമാകുന്നത് 900 കോടിയുടെ കേന്ദ്രസഹായവും; കാസർകോട്ടെ സോളാർ പാർക്ക് പദ്ധതി വേണ്ടെന്ന് വച്ചത് തിരിച്ചടിയാകും; പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ സർക്കാരെടുത്ത തീരുമാനം തളർത്തുന്നത് കെ എസ് ഇ ബിയെ

വൈദ്യുത ബോർഡ് ചെലവാക്കിയത് 70 കോടി; നഷ്ടമാകുന്നത് 900 കോടിയുടെ കേന്ദ്രസഹായവും; കാസർകോട്ടെ സോളാർ പാർക്ക് പദ്ധതി വേണ്ടെന്ന് വച്ചത് തിരിച്ചടിയാകും; പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ സർക്കാരെടുത്ത തീരുമാനം തളർത്തുന്നത് കെ എസ് ഇ ബിയെ

തിരുവനന്തപുരം: കേരളത്തിൽ സരിതാ എസ് നായർ തിരികൊളുത്തിയ സോളാർ ബോംബിൽ വിവാദം കെട്ടടങ്ങുന്നില്ല. സോളാറിനേയും സരിതയേയും ചർച്ചയാക്കുന്നതിനിടെ കേന്ദ്രസർക്കാർ അനുവദിച്ച ഏക സോളർ പാർക്ക് പദ്ധതി ഉപേക്ഷിക്കാനാണ് സർക്കാർ തീരുമാനം. വൻ സാമ്പത്തിക നഷ്ടമാകും ഇതുമൂലം സംസ്ഥാനത്തിനുണ്ടാവുക. പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലാണ് കേരളം പദ്ധതിയിൽ നിന്ന് പിന്മാറുന്നത്.

പരിസ്ഥിതി പ്രശ്‌നങ്ങൾമൂലം ജലവൈദ്യുത പദ്ധതികളും കൽക്കരി നിലയങ്ങളും സ്ഥാപിക്കാൻ സാധിക്കാതിരിക്കെയാണ് കേരളം കേന്ദ്ര സൗരോർജ പദ്ധതിയിലേക്കു നീങ്ങിയത്. പുതിയ തീരുമാനത്തോടെ പരിസ്ഥിതി സൗഹാർദ വൈദ്യുത ഉൽപാദനവും അസാധ്യമായി. ഇത് സംസ്ഥാനത്തെ ഊർജ്ജ പ്രതിസന്ധി ഇരട്ടിയാക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയ കെ എസ് ഇ ബിക്കും ഈ തീരുമാനം വലിയ തിരിച്ചടിയാണ്.

200 മെഗാവാട്ടിന്റെ സോളർ പാർക്ക് വരുമെന്നു പ്രതീക്ഷിച്ചു കാസർകോട്ട് 70 കോടിയോളം രൂപ ചെലവഴിച്ചു വൈദ്യുതി ബോർഡ് നിർമ്മിച്ച 220 കെവി സബ്‌സ്റ്റേഷൻ പാഴായി. പുറമേ, സംസ്ഥാനത്തിനു 900 കോടി രൂപയുടെ കേന്ദ്ര സഹായവും നഷ്ടമാവും. കർണാടകയും ആന്ധ്രയും ഗുജറാത്തും 4,000 മെഗാവാട്ടിന്റെ സോളർ പാർക്കുകൾ സ്ഥാപിക്കുമ്പോൾ രണ്ടു ഘട്ടമായി 400 മെഗാവാട്ടിന്റെ സോളർ പാർക്ക് ആണു സംസ്ഥാന സർക്കാർ കാസർകോട്ട് സ്ഥാപിക്കാനിരുന്നത്. പ്രാദേശിക കാരണങ്ങളുടെ പേരിൽ ഇത് 50 മെഗാവാട്ട് ആയി കുറയ്ക്കാൻ തീരുമാനിച്ചു. ഇതോടെ കേന്ദ്ര പദ്ധതിയിൽ നിന്നു സംസ്ഥാനം പുറത്തായി.

വിപുലമായ സോളർ പാർക്ക് പദ്ധതി കേവലം ചെറിയ സൗരോർജനിലയമായി മാറും. കുറഞ്ഞത് 200 മെഗാവാട്ട് ഉൽപാദിപ്പിച്ചാലേ സോളർ പാർക്ക് ആയി കേന്ദ്രം അംഗീകരിക്കൂ. കേരളത്തിനു വേണ്ടിയാണ് 500 മെഗാവാട്ട് എന്ന നിബന്ധന 200 ആയി കേന്ദ്രം കുറച്ചുകൊടുത്തത്. സോളർ പാർക്ക് സ്ഥാപിക്കുമ്പോൾ ഒരു മെഗാവാട്ടിനു പരമാവധി 50 ലക്ഷം രൂപ വരെ കേന്ദ്രം നൽകും. ഈയിനത്തിൽ 200 കോടി രൂപ വരെ ലഭിക്കുമായിരുന്നു. കാസർകോട്ടു നിന്നു വൈദ്യുതി കൊണ്ടുപോകുന്നതിന് 1200 കോടി രൂപ ചെലവിൽ ഹരിതോർജ ഇടനാഴി (400 കെവി ലൈൻ) സ്ഥാപിക്കാൻ 700 കോടി രൂപയാണു കേന്ദ്രം സബ്‌സിഡിയായി അനുവദിച്ചിരുന്നത്.

50 മെഗാവാട്ട് പദ്ധതിക്ക് ഇതിന്റെ ആവശ്യമില്ല. ബോർഡ് നിർമ്മിച്ച 220 കെവി സബ്‌സ്റ്റേഷനും 50 മെഗാവാട്ടിന്റെ പദ്ധതിക്കു വേണ്ട. സോളർ പാർക്കിൽ ഒരു മെഗാവാട്ട് ഉൽപാദിപ്പിക്കാൻ അഞ്ച് ഏക്കർ സ്ഥലം വേണം. ഇതനുസരിച്ച് രണ്ടു ഘട്ടമായി 1000 ഏക്കർ വീതം മൊത്തം 2000 ഏക്കറാണ് ആവശ്യം. ഇതിനായി സർക്കാർ ഉടമസ്ഥതയിലുള്ള തരിശുഭൂമി കണ്ടെത്തിയിരുന്നു. കേന്ദ്ര ഏജൻസിയായ ഐആർഇഡിഎ ആണ് ആദ്യഘട്ടം 50 മെഗാവാട്ട് പദ്ധതി നിർമ്മിച്ചത്. ഇതു പ്രവർത്തിച്ചുതുടങ്ങി. രണ്ടാം ഘട്ടം 50 മെഗാവാട്ട് പൊതുമേഖലാ സ്ഥാപനമായ തേഹ്രി ഹൈഡ്രോ പവർ കോർപറേഷൻ നിർമ്മിക്കാൻ കരാറായിരുന്നു. തുടർന്നുള്ള ഘട്ടങ്ങൾ ടെൻഡർ ചെയ്തു കൊടുക്കാനിരിക്കെയാണു പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP