Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് വലിയ സൂര്യഗ്രഹണം; രാവിലെ 8:07 ന് ആരംഭിക്കുന്ന ഗ്രഹണം 11:11 ന് അവസാനിക്കും; യാതൊരു കാരണവശാലും ആരും സൂര്യനെ നേരിട്ട് വീക്ഷിക്കരുത്; കരുതൽ എടുക്കേണ്ടത് ഇങ്ങനെയൊക്കെ

ഇന്ന് വലിയ സൂര്യഗ്രഹണം; രാവിലെ 8:07 ന് ആരംഭിക്കുന്ന ഗ്രഹണം 11:11 ന് അവസാനിക്കും; യാതൊരു കാരണവശാലും ആരും സൂര്യനെ നേരിട്ട് വീക്ഷിക്കരുത്; കരുതൽ എടുക്കേണ്ടത് ഇങ്ങനെയൊക്കെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ന് വലിയ സൂര്യ ഗ്രഹണം. തിരുവനന്തപുരത്ത് ഗ്രഹണം രാവിലെ 8:07 ന് ആരംഭിച്ച് 11:11 ന് അവസാനിക്കും. 9:30 നാണ് ഗ്രഹണം അതിന്റെ മൂർദ്ധന്യത്തിൽ എത്തുക. ആ സമയം സൂര്യൻ 90 ശതമാനത്തോളം മറയ്ക്കപ്പെടും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാസർഗോഡ് ചെറുവത്തൂരിലെ കടാങ്കോട്ടാണ് വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ വലയ സൂര്യഗ്രഹണവും മറ്റു ജില്ലകളിൽ ഭാഗിയ ഗ്രഹണവുമാണ് ദൃശ്യമാവുക.

വടക്കൻ കേരളത്തിൽ വലയ സൂര്യഗ്രഹണവും തിരുവനന്തപുരത്ത് ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാകുക. കേരളത്തെ കൂടാതെ തെക്കൻ കർണാടകയിലും മധ്യ തമിഴ്‌നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും. തിരുപ്പൂർ, ദിണ്ഡിഗൽ, കോയമ്പത്തൂർ, തിരുച്ചി, കോഴിക്കോട്, മംഗളൂരു എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഗ്രഹണം ഏറ്റവും നന്നായി ദൃശ്യമാവുക എന്നാണ് വിവിധ ഏജൻസികൾ വ്യക്തമാക്കുന്നത്. 9.26 മുതൽ 9.30 വരെയാകും ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തുക.

വലയ സൂര്യഗ്രഹണം കാണാൻ വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും നിരീക്ഷകരും കേരളത്തിൽ എത്തുന്നുണ്ട്. ഗ്രഹണം കാണാൻ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം 4 ഇടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങൾക്കായുള്ള പ്രധാന നിരീക്ഷണ കേന്ദ്രം. സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല നട നാളെ നാലുമണിക്കൂർ അടച്ചിടും.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി ചേർന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുജനങ്ങൾക്കായുള്ള പ്രധാന നിരീക്ഷണ കേന്ദ്രമൊരുക്കുന്നത്. സൂര്യഗ്രഹണം ഇവിടെ വലിയ എൽഇഡി സ്‌ക്രീനിൽ പ്രൊജക്ട് ചെയ്യും. സൂര്യ ഗ്രഹണം സുരക്ഷിതമായി വെൽഡിങ് ഗ്ലാസ്സുകളിലൂടെയും, സോളാർ ഫിൽട്ടറുകളിലൂടെയും പിൻഹോൾ ക്യാമറകളിലൂടെയും കാണുന്നതിനും ഇവിടെ സൗകര്യമുണ്ടായിരിക്കും. പോസ്റ്റർ എക്സിബിഷനുകളുൾപ്പടെ സൂര്യഗ്രഹണത്തെക്കുറിച്ച് വിവരിക്കുന്ന നിരവധി ശാസ്ത്ര പ്രദർശനങ്ങളും ഗ്രൗണ്ടിലൊരുക്കുന്നുണ്ട്.

സെൻട്രൽ സ്റ്റേഡിയത്തിന് പുറമെ കിഴക്കേക്കോട്ട ഗാന്ധി പാർക്കിലും നിരീക്ഷണ കേന്ദ്രമൊരുക്കുന്നുണ്ട്. ശ്രീചിത്ര തിരുനാൾ എഞ്ചിനീയറിങ് കോളേജിലെ എയ്റോ (അശൃീ) ക്ലബ്ബുമായും അഡ്വെന്റുമായും (അറ്‌ലി)േ ചേർന്നാണ് ഇവിടെ സൗകര്യമൊരുക്കുന്നത്. ഇതുകൂടാതെ നിരവധി പ്രദേശങ്ങളിൽ വായനശാലകളുമായും എൻഎസ്എസ് ക്യാമ്പുകളുമായും ചേർന്ന് പ്രാദേശിക നിരീക്ഷണ കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്.

എന്താണ് സൂര്യഗ്രഹണം?
അമാവാസി ദിനത്തിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരികയും ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രന്റെ പൂർണനിഴൽ പതിക്കുന്ന ഭാഗമാണ് 'ഛായ'. ചന്ദ്രന്റെ ഭാഗികനിഴൽ പതിക്കുന്ന ഭാഗമാണ് 'ഉപഛായ'. ചന്ദ്രന്റെ വലുപ്പം വളരെ കുറവായതിനാൽ ഭൂമിയുടെ ഉപരിതലത്തിൽ ചെറിയൊരു പ്രദേശത്ത് മാത്രമാണ് സൂര്യഗ്രഹണ സമയത്തു് ചന്ദ്രന്റെ നിഴൽ ഉണ്ടാകുന്നത്.

സൂര്യഗ്രഹണം നിരീക്ഷിക്കുന്നതെങ്ങനെ?
സുരക്ഷിതമായ സോളാർ ഫിൽറ്ററുകൾ ഉപയോഗിച്ചോ പ്രൊജക്ഷൻ സംവിധാനം ഉപയോഗിച്ചോ സൂര്യഗ്രഹണം നിരീക്ഷിക്കാം.
സൗരകണ്ണടകൾ ഉപയോഗിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗം. ഇതിലുള്ള സോളർ ഫിൽറ്ററുകൾ അൾട്രാവയലറ്റ് രശ്മികളെ തടയും. വിശ്വാസ്യതയുള്ള ഗുണനിലവാരമുള്ള സൗരക്കണ്ണടകൾ തന്നെ ഉപയോഗിക്കണം. അത്തരം കണ്ണടകളിൽ ഐഎസ്ഒ123122 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. പോറലുകൾ ഇല്ലാത്ത ഫിൽറ്ററുകൾ നോക്കിവാങ്ങണം.

സൂര്യഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത്. ടെലിസ്‌കോപ്പ്, ബൈനോക്കുലർ, സൺഗ്ലാസ്സ് എന്നിവയിലൂടെ സൂര്യനെ നോക്കരുത്. പുകഗ്ലാസ്സുകളോ എക്സ്റേ ഫിലിമോ മൈലാർ ഷീറ്റോ ഉപയോഗിച്ച് സൂര്യനെ നോക്കുന്നതും സുരക്ഷിതമല്ല.

ഗ്രഹണ സമയത്ത് സൂര്യനെ നോക്കിയാൽ എന്ത് സംഭവിക്കും
നഗ്‌നനേത്രങ്ങൾ കൊണ്ട് ഗ്രഹണം കണ്ടാൽ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ നേരിട്ട് കണ്ണിനുള്ളിൽ പതിക്കും. ഇത് കണ്ണിന്റെ റെറ്റിനയിൽ പൊള്ളലോ ചെറിയ ദ്വാരമോ വലിയ ദ്വാരമോ ഉണ്ടാക്കും. അതോടെ കാഴ്ച ഭാഗികമായോ പൂർണമായോ നഷ്ടപ്പെടും. ഇത് ചികിൽസിച്ച് ഭേദമാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ അങ്ങേയറ്റം കരുതലോടെ മാത്രമേ സൂര്യഗ്രഹണം കാണാവൂ.

അടുത്ത സൂര്യഗ്രഹണം എന്ന്?
2021ജൂൺ മാസം 21 ന് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ വലയ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും കേരളത്തിൽ വളരെ ദുർബ്ബലമായ ഭാഗിക സൂര്യഗ്രഹണമായിരിക്കും കാണുക. അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് മാസം 21 നാണ്. അന്ന് 10 :58 മുതൽ 03:04 വരെ മധ്യകേരളത്തിൽ വലയ സൂര്യഗ്രഹണം ദൃശ്യമാകും. അന്നും തിരുവനന്തപുരത്ത് ശക്തമായ ഭാഗിക സൂര്യഗ്രഹണമാകും കാണുക. പിന്നീട് അടുത്തെങ്ങും ഇതുപോലെ ശക്തമായ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമാകില്ല.

ശാസ്ത്രത്തെ ഉയർത്തിപ്പിടിക്കാനുള്ള അവസരമായി സൂര്യഗ്രഹണ നിരീക്ഷണത്തെ മാറ്റി ഈ അവസരം വമ്പിച്ച ശാസ്ത്രീയ മുന്നേറ്റത്തിനുള്ള അടിത്തറയാക്കണമെന്ന് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രൊഫ. പിഎൻ തങ്കച്ചൻ ആഹ്വാനം ചെയ്തു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP