Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദൈവ നാമത്തിൽ മൈക്ക് തിന്നുന്നത് കോടികൾ! നിർധന പെൺകുട്ടികളുടെ വിവാഹ ധനശേഖരണാർത്ഥം നടത്തിയ മതപ്രഭാഷണ പരമ്പരയിൽ പ്രഭാഷകർ കൈപ്പറ്റിയത് ലക്ഷങ്ങൾ; പ്രഭാഷണ മാഫിയക്കാരുടെ മുഖംമൂടി വലിച്ചുകീറി സോഷ്യൽ മീഡിയ

ദൈവ നാമത്തിൽ മൈക്ക് തിന്നുന്നത് കോടികൾ! നിർധന പെൺകുട്ടികളുടെ വിവാഹ ധനശേഖരണാർത്ഥം നടത്തിയ മതപ്രഭാഷണ പരമ്പരയിൽ പ്രഭാഷകർ കൈപ്പറ്റിയത് ലക്ഷങ്ങൾ; പ്രഭാഷണ മാഫിയക്കാരുടെ മുഖംമൂടി വലിച്ചുകീറി സോഷ്യൽ മീഡിയ

കോഴിക്കോട്: മലബാർ മേഖലയിലെ മുസ്ലിം സമുദായങ്ങംഗൾക്കിടയിൽ മതപ്രഭാഷണ സദസ്സുകൾ നിത്യസംഭവമാണ്. ദൈവത്തിന്റ നാമത്തിൽ യത്തീംമുകളെ സഹായിക്കാനും മറ്റുമായാണ് പ്രധാനമായും ഇത്തരം മതപ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നത്. മുൻകാലങ്ങളിൽ പ്രഭാഷകർ യാതൊരു പണവും വാങ്ങാതെയാണ് പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ എത്തിയതെങ്കിൽ ഇന്ന് പ്രഭാഷണത്തിന്റെ പേരിൽ കോടികളാണ് ഇത്തരം പ്രഭാഷകർ കൈപ്പറ്റുന്നത്. പ്രഭാഷണം കേൾക്കാനെത്തുന്ന ആളുകളുടെ എണ്ണവും പരിപാടിയുടെ വലിപ്പവും കണക്കാക്കി പ്രതിഫലം നിശ്ചയിക്കുന്ന വിധത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നത്. ഇങ്ങനെ കോടികളാണ് ദൈവത്തിന്റെ പേരിൽ പ്രമുഖ പ്രഭാഷകർ പോക്കറ്റിലാക്കുന്നത്. ദൈവത്തിന്റെ മഹത്വവും പ്രവാചക വാക്കുകളും ഉദ്ധരിക്കുന്നതിനായാണ് ലക്ഷങ്ങൾ പ്രതിഫലമായി ഇവർ കൈപ്പറ്റുന്നത്. ഇങ്ങനെ പണം വാങ്ങുന്നപ്രഭാഷകരുടെ മുഖമൂടി വലിച്ചുകീറി സോഷ്യൽ മീഡിയ രംഗത്തെത്തി.

പാവപ്പെട്ട പെൺക്കുട്ടികൾക്കായി നടത്തിയ സമൂഹ വിവാഹത്തിന്റെ ധനശേഖരണാർത്ഥം നടത്തിയ മതപ്രഭാഷണ പരമ്പരയ്ക്ക് പോലും പ്രഭാഷകർ ലക്ഷക്കണക്കിന് രൂപ വാങ്ങിയെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരിക്കുന്നത്. കാസർകോട്ടെ പ്രാദേശിക ക്ലബ് മഹർ 2015 എന്ന പേരിൽ സംഘടിപ്പിച്ച സമൂഹ വിവാഹത്തിന്റെ വരവു ചിലവു കണക്കുകളുടെ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് പ്രമുഖ പ്രഭാഷകർ വിവാദത്തിൽ ചാടിയത്. ഇത് സോഷ്യൽ മീഡിയയിൽ ചൂടുള്ള സംവാദത്തിനും ഇടയാക്കി. പരിപാടിയിൽ പ്രസംഗിക്കാൻ എത്തുന്നതിനായി സംഘാടകർ ഒരുക്കേണ്ടി വന്നത് വൻസംവിധാനങ്ങൾ ആയിരുന്നു. ചടങ്ങിൽ പങ്കെടുത്ത മൗലവിമാർ ഫീസ് ഇനത്തിലും താമസ യാത്രാ ചെലവിനത്തിലും വൻ തുക ഈടാക്കിയതിനെ ചൊല്ലിയാണ് സൈബർ ലോകത്ത് യുദ്ധം മുറുകുന്നത്.

ഈ മാസം അഞ്ചിന് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയടക്കമുള്ള പ്രമുഖർ പങ്കെടുത്ത സമൂഹ വിവാദത്തിന്റെ കണക്കുകളാണ് പുറത്തുവന്നത്. സിറാജുദ്ദീൻ ബാഖവി, മുഹമ്മദ് ഷംസാദ് നിസാമി, ഇപി അബൂബക്കർ ഖാസിമി, സിറാജുദ്ദീൻ ഖാസിമി, നൗഷാദ് ബാഖവി, കബീർ ബാഖവി എന്നിവരാണ് ചടങ്ങിനോടനുബന്ധിച്ച് മതപ്രഭാഷണം നടത്തിയത്. അഞ്ച് ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത പ്രഭാഷകർ സംഘാടകരിൽ നിന്നും കൈപ്പറ്റിയത് 3.73 ലക്ഷം രൂപയാണ്.

ഇ പി അബൂബക്കർ ഖാസിമിയാണ് ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത്. ഒരു ലക്ഷം രൂപ. ഇതു കൂടാതെ 12,000 രൂപ മറ്റ് ചെലവുകൾക്കെന്ന പേരിലും വാങ്ങിയിട്ടുണ്ട്. നൗഷാദ് ബാഖവി വിമാന ടിക്കറ്റ് ഉൾപ്പെടെ എഴുപതിനായിരം രൂപ വാങ്ങിയപ്പോൾ കബീർ ബാഖവി 66,000 രൂപയാണ് വാങ്ങിയത്. അൻപതിനായിരം രൂപ വീതമാണ് ഇരുവർക്കും പ്രഭാഷണത്തിനായി സംഘാടകർക്ക് നൽകേണ്ടി വന്നത്. ദുബൈയിലുണ്ടായിരുന്ന നൗഷാദ് ബാഖവിക്ക് വിമാന ടിക്കറ്റ് ഇനത്തിൽ ഇരുപതിനായിരം രൂപയും നൽകിയിട്ടുണ്ട്. കബീർ ബാഖവിയാകട്ടെ വാഹന വാടക, സെക്രട്ടറി എന്നിവക്കായി 19,000വും ഹോട്ടൽ ചെലവിന് ഏഴായിരം രൂപയും വാങ്ങി.

നൗഷാദ് ബാഖവിയുടെ ക്യാമറ ഉപയോഗിച്ചതിന് 3000 രൂപയും നൽകിയിട്ടുണ്ട്. സിറാജുദ്ദീൻ ഖാസിമി പ്രഭാഷണത്തിന് അറുപതിനായിരം രൂപയാണ് ഈടാക്കിയത്. മറ്റ് ചെലവുകൾക്കായി 12,000 രൂപയും ഇദ്ദേഹം വാങ്ങിയിട്ടുണ്ട്. സിറാജുദ്ദീൻ ബാഖവിക്കും മുഹമ്മദ് ഷംനാദ് നിസാമിക്കുമാണ് താരതമ്യേന കുറഞ്ഞ തുക നൽകേണ്ടി വന്നിട്ടുള്ളത്. ഇരുപതിനായിരം രൂപ വീതമാണ് രണ്ട് പേർക്കും നൽകിയത്. ഇവരെല്ലാം കച്ചവടം ഉറപ്പിച്ചതിന് ശേഷമാണ് പ്രഭാഷണത്തിന് തയ്യാറായതെന്ന് സംഘാടകർ പറഞ്ഞു. നൗഷാദ് ബാഖവി ഒന്നര ലക്ഷം രൂപയാണത്രെ ആവശ്യപ്പെട്ടത്. പിന്നീട് അൻപതിനായിരം രൂപയും ചെലവുകളും വഹിക്കാമെന്ന ഉറപ്പിലാണ് പ്രഭാഷണത്തിനെത്തിയത്. ഇത്രയും തുക കൈപറ്റിയിട്ടും ഇവരിൽ പലരും ഒരു മണിക്കൂർ സമയം പ്രസംഗിക്കുക പോലും ചെയ്തിട്ടില്ല

പാവപ്പെട്ടവർക്ക് കൈതാങ്ങായി സംഘടിപ്പിച്ച പരിപാടിക്ക് പോലും മതപ്രഭാഷകർ വൻതുക ഫീസായി വാങ്ങിയതിനെ വിമർശിച്ച് ഫേസ്‌ബുക്കടക്കമുള്ള സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ പ്രതിരോധവുമായി പ്രഭാഷകരെ അനുകൂലിക്കുന്നവരും രംഗത്തെത്തി. പ്രഭാഷണങ്ങൾക്ക് പണം വാങ്ങുന്നതിൽ തെറ്റില്ലെന്നും ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മാത്രം ചലച്ചിത്ര താരങ്ങൾക്ക് ലക്ഷങ്ങൾ നൽകുമ്പോൾ ഇത് മാത്രം പ്രശ്‌നമാക്കുന്നതെന്തിനാണെന്നും ഇവരുടെ ചോദ്യം.

സംഭവം വിവാദമായതോടെ വാട്‌സ് ആപ്പിലൂടെ നൗഷാദ് ബാഖവി ഇത്രയും പണം താൻ വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് വോയ്‌സ് മെസേജ് അയച്ചിട്ടുണ്ട്. ഇതോടെ നേരിട്ട് വന്ന് പണം വാങ്ങിയിട്ടില്ലെന്ന് തെളിയിക്കണമെന്നും സത്യം ചെയ്യണമെന്നുമാണ് ആവശ്യം. 2012ലും ഇത്രയും തുക ഇദ്ദേഹം വാങ്ങിയതായും സംഘാടകർ പറയുന്നു. വിവിധ ജില്ലകളിൽ ഇവരെ പ്രസംഗത്തിനായി കൊണ്ടുവന്ന പല സംഘാടകരും പരിപാടി നടത്താൻ ചെലവായ തുക പോലും ലഭിക്കാതെ കടക്കെണിയിലായ സംഭവങ്ങളും നിരവധിയുണ്ട്.

16 യുവതീയുവാക്കന്മാരാണ് ക്ലബ് ഒരുക്കിയ വേദിയിൽ വിവാഹിതരായത്. കാന്തപുരം എപി അബൂബക്കർ മുസ്ല്യാരാണ് വിവാഹത്തിന് കാർമികത്വം വഹിച്ചത്. വധുവിന് അഞ്ചുപവൻ സ്വർണവും കുടുംബത്തിന് ഒരു ഓട്ടോറിക്ഷവീതവും കല്യാണവസ്ത്രവും ക്ലബ് നൽകി. ബേക്കൽ ഹദ്ദാദ്‌നഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോൾഡ് ഹിൽ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് സമൂഹവിവാഹം നടത്തിയത്. ക്ലബ്ബിന്റെ മൂന്നാമത് സമൂഹവിവാഹമാണ് 'മഹർ 2015'. 2012ൽ ഏഴും 2013ൽ 13ഉം വിവാഹങ്ങളും ഗോൾഡ് ഹില്ലിന്റെ മഹർ സമൂഹവിവാഹത്തിൽ നടന്നിരുന്നു. മതജാതിരാഷ്ട്രീയ ഭേദമന്യെ സംഘടിപ്പിച്ച ചടങ്ങിലേക്ക് പ്രവാസികളിൽ നിന്നടക്കം ഒരു കോടിയോളം രൂപയാണ് സംഭാവനയായി ലഭിച്ചത്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP