Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാമ്പുകളുമായി ബന്ധപ്പെട്ട ഒട്ടു മിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരം; പാമ്പുകളെ പിടികൂടിയതു മുതൽ വിട്ടയച്ചതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പിൽ; 'എന്റെ കേരളത്തിലും' സർപ്പ സൂപ്പർഹിറ്റ്

പാമ്പുകളുമായി ബന്ധപ്പെട്ട ഒട്ടു മിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരം; പാമ്പുകളെ പിടികൂടിയതു മുതൽ വിട്ടയച്ചതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പിൽ; 'എന്റെ കേരളത്തിലും' സർപ്പ സൂപ്പർഹിറ്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും കേരള വനംവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ 'സർപ്പ' മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയിലും സൂപ്പർ ഹിറ്റാവുന്നു. നിരവധി ആളുകളാണ് പാമ്പുകളെയും സർപ്പ ആപ്ലിക്കേഷനെയും കുറിച്ച് കൂടുതൽ വിവരങ്ങളറിയാനായി വനംവകുപ്പിന്റെ സ്റ്റാളിൽ എത്തുന്നത്.

ആപ്ലിക്കേഷന്റെ ഉപയോഗത്തെയും പാമ്പുകളെയും പാമ്പുപിടിത്തത്തെയും കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് സ്റ്റാളിൽ പരിശീലനം സിദ്ധിച്ച ആളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പാമ്പുകളുമായി ബന്ധപ്പെട്ട ഒട്ടു മിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് സർപ്പ ആപ്പ് . പാമ്പുകളെ കുറ്റകൃത്യങ്ങൾക്കും മറ്റു നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതും അശാസ്ത്രീയ പാമ്പുപിടുത്തം പാമ്പുകളുടെയും പാമ്പുപിടിക്കുന്നവരുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് 2020 ആഗസ്റ്റിലാണ് സർക്കാർ പാമ്പുപിടുത്തത്തിന് മാർഗനിർദേശങ്ങൾ നടപ്പിലാക്കിയത്.

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിട്ടയക്കുന്നത് ലക്ഷ്യമാക്കി ഒരു സംസ്ഥാനം മാർഗരേഖ തയ്യാറാക്കുന്നതും സദ്ധപ്രവർത്തകർക്ക് പരിശീലനം നൽകുന്നതും രാജ്യത്താദ്യമായാണ്. വനപാലകർക്കും പൊതുജനങ്ങൾക്കും ശാസ്ത്രീയമായ പാമ്പുപിടുത്തത്തിൽ വനംവകുപ്പ് പരിശീലനം നൽകിവരുന്നുണ്ട്. ഇതിനോടകം പരിശീലനം ലഭിച്ച 1060 പേർക്ക് ശാസ്ത്രീയ പാമ്പുപിടുത്തത്തിൽ വനംവകുപ്പ് സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞു. ഇതിൽ നൂറോളം പേർ വനിതകളാണ്. ഇത്തരത്തിൽ വനംവകുപ്പിന്റെ അംഗീകൃത സർട്ടിഫിക്കറ്റില്ലാതെ പാമ്പുപിടുത്തത്തിൽ ഏർപ്പെടുന്നത് അപകടകരവും കുറ്റകരവും ശിക്ഷാർഹവുമാണ്.

മാർഗരേഖയുടെ ഭാഗമായാണ് സർപ്പ മൊബൈൽ ആപ്ലിക്കേഷൻ വനം വന്യജീവി വകുപ്പ് വികസിപ്പിച്ചെടുത്തത്. വളരെ ലളിതമായ പ്രവർത്തനരീതിയാണ് ഈ ആപ്പിന്റേത്. ഒരു പാമ്പിനെ അപകടകരമായ നിലയിൽ കണ്ടാൽ ആ പാമ്പിന്റേയോ കണ്ട സ്ഥലത്തിന്റേയോ ഫോട്ടോ എടുത്ത് സർപ്പയിൽ അപ് ലോഡ് ചെയ്യുക. സന്ദേശം അയച്ച സ്ഥലത്തിന്റെ ലൊക്കേഷൻ ജി പി എസ് മുഖേന കണ്ടെത്തി സമീപത്തുള്ള റെസ്‌ക്യൂവർ സംഭവസ്ഥലത്തെത്തും. വനംവകുപ്പ് പരിശീലനം നൽകിയിട്ടുള്ള എല്ലാ അംഗീകൃത റെസ്‌ക്യൂവർമാരുടെയും മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ ആപ്പിലുണ്ട്.

പാമ്പുകളെ പിടികൂടിയതു മുതൽ വിട്ടയച്ചതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഓരോ ജില്ലകളിൽ നിന്നും പിടികൂടുകയും സുരക്ഷിതമായി വിട്ടയ്ക്കുകയും ചെയ്തിട്ടുള്ള പാമ്പുകളുടെ ഇനം തിരിച്ചുള്ള കണക്കുകളും സർപ്പയിൽ ലഭ്യമാണ്. ഇത് സംസ്ഥാനത്ത് കണ്ടുവരുന്ന പാമ്പുകളുടെ ഇനം, തരം തിരിച്ചുള്ള കണക്കുശേഖരണത്തിനും പഠനത്തിനും പാമ്പുകൾ മുഖേനയുണ്ടാകുന്ന അപായങ്ങൾക്കെതിരെ ഫലപ്രദമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ഉപകാരപ്രദമാണ്.

പാമ്പിൻ വിഷത്തിന് പ്രതിവിഷ ചികിത്സാരംഗത്ത് സജീവമായ ഗവേഷകർക്ക് അനിവാര്യമായ പല നിർണ്ണായക വിവരങ്ങളും സർപ്പയിലെ ഡാറ്റാ അനാലിസിസിൽ നിന്നും ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. ജനവാസ മേഖലകളിൽ കാണപ്പെടുന്ന പാമ്പുകളിൽ വിഷമില്ലാത്തത്, വിഷമുള്ളത്, സവിശേഷതകൾ തുടങ്ങി പാമ്പുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞൊടിയിടയിൽ സർപ്പയിൽ ലഭിക്കും. ഇത് പാമ്പുകളെ കുറിച്ചുള്ള അനാവശ്യ ഭീതി ഒഴിവാക്കാൻ സഹായകരമാണ്. സർപ്പ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP