Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീറോ മലബാർ സഭാ ഭൂമി ഇടപാട് കേസ്: ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി; വ്യാജരേഖ കേസിൽ അപ്പസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ പ്രതിയായ സാഹചര്യം അന്വേഷിച്ച് റോം; റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും എന്ന് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ

സീറോ മലബാർ സഭാ ഭൂമി ഇടപാട് കേസ്: ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി; വ്യാജരേഖ കേസിൽ അപ്പസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ പ്രതിയായ സാഹചര്യം അന്വേഷിച്ച് റോം; റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും എന്ന് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി അതിരൂപത അപ്പോസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്. അപ്പസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ വ്യാജരേഖ കേസിൽ പ്രതിയായ സാഹചര്യം റോം അന്വേഷിച്ചു. റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയനാർദോ സാൻദ്രി ആണ് റിപ്പോർട്ട് സ്വീകരിച്ചത്. റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും എന്ന് അദ്ദേഹം പ്രതികരിച്ചു.

ഭൂമി ഇടപാടിൽ ആലഞ്ചേരി അടക്കം 26 പേർക്കെതിരെ കേസെടുക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും തൃക്കാക്കര കോടതിയും ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടിൽ രണ്ട് കോടി എൺപത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്റെ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട കടംവീട്ടാൻ സീറോ മലബാർ സഭ നടത്തിയ ഭൂമിവിൽപ്പനയിൽ സഭയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്ന കണ്ടെത്തലാണ് പരാതി ഉയർന്നത്.

60 കോടിയുടെ കടംവീട്ടാൻ 75 കോടിയോളം വിലവരുന്ന ഭൂമി 28 കോടിക്ക് വിറ്റുവെന്നാണ് ആരോപണം. ഒരു വിഭാഗം വൈദികർ വിഷയത്തിൽ ജോർജ്ജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിൽ നിർത്തി രംഗത്തെത്തിയിരുന്നു. എന്നാൽ, പ്രശ്നങ്ങളിൽ വെടിനിറുത്തലിന് തുടക്കമിട്ട് കർദ്ദിനാൾ മാർ ആലഞ്ചേരി സഹായ മെത്രാന്മാർക്ക് കൂടുതൽ അധികാരം നൽകുന്ന തീരുമാനം കൈക്കൊള്ളുകയുണ്ടായി. ഭരണസംബന്ധിയായ ചുമതല ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഇടയന്ത്രത്തിന് കൈമാറുന്നതാണ് ഇതിൽ നിർണായകം. ഇതോടൊപ്പം നിരവധി വൈദികരുടെ സ്ഥലംമാറ്റവും തീരുമാനിച്ചിട്ടുണ്ട്.

ഭൂമി ഇടപാട് വിവാദത്തെ തുടർന്ന് കർദ്ദിനാളും സഹായമെത്രാന്മാരും രണ്ടു തട്ടിലായ സാഹചര്യത്തിലാണ് സിനഡിന്റെ കൂടി നിർദ്ദേശ പ്രകാരം ഇത്തരം മാറ്റങ്ങൾ സീറോ മലബാർ സഭ കൊണ്ടുവരുന്നത്. ഇതോടൊപ്പം കർദ്ദിനാളിന് ഭൂമി ഇടപാടിൽ പിഴവുപറ്റിയെന്ന് കണ്ടെത്തിയ സമിതിയുടെ ചെയർമാനുൾപ്പെടെ ആരോപണ വിധേയരായവരെ എല്ലാം സ്ഥലംമാറ്റുകയോ അധികാരം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതെല്ലാം പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാണ് എന്നാണ് സഭയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

ഭൂമി ഇടപാടിൽ ആരോപണം നേരിട്ട ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടിന് വിശ്രമജീവിതം നയിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടിന്റെ ചുമതല വഹിച്ചിരുന്ന കർദ്ദിനാളിന്റെ അടുത്ത സഹായി ആയിരുന്ന ഫാദർ ജോഷി പുതുവയെ സ്ഥലംമാറ്റിയിട്ടുണ്ട്. കർദ്ദിനാൾ ഹൗസിൽ സാമ്പത്തിക ചുമതല വഹിക്കുകയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒപ്പിട്ടുകൊടുക്കുകയും മറ്റും ചെയ്തത് പുതുവയാണ്. ഇപ്പോൾ കർദിനാൾ ഹൗസിൽ നിന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി പള്ളി വികാരിയുടെ മാത്രം ചുമതല നൽകിയാണ് പുതുവയെ മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP