Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിറാജ് ദിനപത്രത്തിൽ ലേഖനം എഴുതിയത് മുഹമ്മദലി കിനാലൂർ; സിപിഐ മുഖപത്രത്തിൽ ഇതേ ലേഖനം പ്രസിദ്ധീകരിച്ചത് കോർഡിനേറ്റിങ് എഡിറ്റർ യു വിക്രമന്റെ പേരിൽ; ഒരു മയത്തിലൊക്കെ വേണ്ടേ `ദീപയടി` നടത്താൻ എന്ന് ചോദിച്ച് വായനക്കാർ; ദീപാ നിശാന്തിന്റെ കവിത മോഷണത്തിന് ശേഷം ഇതാ ജനയുഗം പത്രത്തിലെ ഈച്ചക്കോപ്പി കഥ

സിറാജ് ദിനപത്രത്തിൽ ലേഖനം എഴുതിയത് മുഹമ്മദലി കിനാലൂർ; സിപിഐ മുഖപത്രത്തിൽ ഇതേ ലേഖനം പ്രസിദ്ധീകരിച്ചത് കോർഡിനേറ്റിങ് എഡിറ്റർ യു വിക്രമന്റെ പേരിൽ; ഒരു മയത്തിലൊക്കെ വേണ്ടേ `ദീപയടി` നടത്താൻ എന്ന് ചോദിച്ച് വായനക്കാർ; ദീപാ നിശാന്തിന്റെ കവിത മോഷണത്തിന് ശേഷം ഇതാ ജനയുഗം പത്രത്തിലെ ഈച്ചക്കോപ്പി കഥ

ജംഷാദ് മലപ്പുറം

മലപ്പുറം: ദീപാ നിശാന്തിന്റ കവിതാമോഷണത്തിന് പിന്നാലെ മറ്റൊരു മോഷണമണിപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. ഇത്തവണ നടന്ന കവിതാ മോഷണമല്ല, പത്രത്തിൽ എഴുതിയ ലേഖനമാണ് അതുപോലെ മറ്റൊരു പത്രത്തിൽ മറ്റൊരാളുടെ പേരിൽ അച്ചടിച്ചുവന്നത്. നേരത്തെ നീപാനിശാന്തിന്റെ കോപ്പിയടി വിവാദം ഏറെ വിവാദമാകുകയും കോപ്പിയടിക്ക് 'ദീപയടി' എന്നുവരെ സോഷ്യൽമീഡിയ പേരുചാർത്തിക്കൊടുക്കുകയും ചെയ്തതിന് പിന്നാലെയാണ് സിറാജ് ദിനപത്രത്തിൽ വന്ന ലേഖനം വാക്കുകൾപോലും മാറ്റാതെ ജനയുഗം ദിനപത്രത്തിൽ മറ്റൊരാളുടെ പേരിൽ പ്രസിദ്ദീകരിച്ചുവന്നത്. സംഭവം വിവാദമായതോടെ ലേഖനം കോപ്പിയടിച്ച ജനയുഗം കോ-ഓർഡിനേറ്റിങ് എഡിറ്ററായ യു വിക്രമനെ സ്ഥാപനത്തിൽനിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ബിൽക്കീസാണ് തെളിവ്, ജനാധിപത്യം ചിരിതൂകും എന്ന ശീർഷകത്തിൽ ഈ മാസം നാലിന് കാന്തപുരം എ.പി വിഭാഗം സുന്നികളുടെ മുഖപത്രമായ സിറാജിൽ മുഹമ്മദലി കിനാലൂർ എഴുതിയ ലേഖനം മാറ്റങ്ങളൊന്നുമില്ലാതെ തന്റെ ഫോട്ടോ സഹിതമാണ് മെയ്‌ 15ന് സിപിഐ മുഖപത്രമായ ജനയുഗം പത്രത്തിൽ കോ-ഓർഡിനേറ്റിങ് എഡിറ്റർ യു.വിക്രമന്റെ പേരിൽ പ്രസിദ്ദീകരിച്ചത്. സംഭവം വാസ്തവമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിക്രമനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ജനയുഗം എഡിറ്റർ രാജാജി മാത്യു അറിയിക്കുകയും ചെയ്തു.

ഗുജറാത്ത് കലാപത്തിലെ ഇരയായ ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ ഗുജറാത്ത് സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്ന സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാതലത്തിൽ മുഹമ്മദാലി കിനാലൂർ എഴുതിയ ലേഖനം വാക്കുകൾ പോലും മാറ്റാതെയാണ് യു വിക്രമന്റെ പേരിൽ പ്രസിദ്ധീകരിച്ചത്. ലേഖനത്തിലെ ആദ്യ ഭാഗത്തുള്ള സച്ചിദാനന്ദന്റെ കവിതാ ശകലം മാത്രം വെട്ടിമാറ്റിയായിരുന്നു പ്രസിദ്ധീകരിച്ചത്.
തന്റെ ലേഖനം അതുപോലെ ജനയുഗം പത്രത്തിൽ പ്രസിദ്ദീകരിച്ചതറിഞ്ഞ മുഹമ്മദലി കിനാലൂർ ജനയുഗം എഡിറ്റർ രാജാജി മാത്യൂതോമസിനെ വിളിച്ചു പരാതി പറയുകയായിരുന്നു. തുടർന്ന് സസ്പെൻഡ് ചെയ്തത വിവരം രാജാജി അറിയിച്ചത്. ബൂദ്ധികമായി ഉയർന്ന നിലവാരം പുലർത്തുന്ന ഒട്ടേറെ നേതാക്കൾ സിപിഐക്കുണ്ടെന്നും അവരുടെ മുഖപത്രത്തിലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നത് അതിശയകരമായ കാര്യമെന്നും മുഹമ്മദലി കിനാലൂർ പറഞ്ഞു.

മുഹമ്മദലി കിനാലൂർ സിറാജ് ദിനപത്രത്തിൽ ഈ മാസം നാലിന് ഏഴുതിയ ലേഖനം താഴെ

(ലേഖനത്തിലെ ആദ്യ ഭാഗത്തുള്ള സച്ചിദാനന്ദന്റെ കവിത മാത്രമാണ് ജനയുഗം ലേഖനത്തിൽനിന്നും ഒഴിവാക്കിയത്)

'പെട്ടെന്നായിരുന്നു എല്ലാം അവസാനിച്ചത്
കൊടിയും പന്തവുമായി അവർ വന്നു
വാളും തൃശൂലവുമായി അവർ വന്നു
അവരെന്റെ കൈകാലുകൾ കെട്ടിയിട്ടു
വാൾകൊണ്ട് അടിവയർ നെറുകെ പിളർന്നു

പിന്നീടാണ് ആഹാരരീതി മാറിയത്
അത്താഴം ശിശുക്കളുടെ മാംസമായി
ദാഹം തീർക്കാൻ മുതിർന്നവരുടെ രക്തവും
അങ്ങനെയാണു ഞങ്ങളുടെ
നഗരങ്ങളെല്ലാം കാടുകളായത്
ഗുഹകളിലിരുട്ടകറ്റാൻ
ഇപ്പോൾ ഞങ്ങൾ മനുഷ്യരെ കത്തിക്കുന്നു
ഹാ , എന്തൊരു കൊതിപ്പിക്കുന്ന സുഗന്ധം
- സച്ചിദാനന്ദൻ'

2002-ലെ ഗുജറാത്തിലേക്കെത്താൻ നമ്മുടെ മുമ്പിൽ വഴികൾ പലതുണ്ട്. കവിതയുടെ, കഥയുടെ, വസ്തുതാന്വേഷണങ്ങളുടെ, മാധ്യമവാർത്തകളുടെ, ദൃശ്യങ്ങളുടെ, വിവരണങ്ങളുടെ, നിലവിളിയുടെ, നിസ്സഹായതയുടെ, ഖുത്ബുദ്ധീന്റെ, അശോക് മോച്ചിയുടെ...അങ്ങനെയങ്ങനെ അനേകമനേകം വഴികൾ. എല്ലാ വഴികളും കണ്ണില്ലാത്ത ക്രൗര്യത്തിലും പെയ്തുതോർന്നിട്ടില്ലാത്ത കണ്ണീരിലും ചെന്നവസാനിക്കുന്നതായിരുന്നു. ഇന്നിപ്പോൾ നമുക്ക് ഗുജറാത്തിലേക്കെത്താൻ പുതിയൊരു വഴി കൂടിയുണ്ട്. അതൊരു പെണ്ണിന്റെ വഴിയാണ്, നിശ്ചയദാർഢ്യത്തിന്റെ വഴിയാണ്, തോറ്റുകൊടുക്കാൻ മനസ്സില്ലാതിരുന്നൊരു ഉരുക്ക് ജീവിതത്തിന്റെ വഴിയാണ്. തീർച്ചയായും അത് ബിൽക്കീസ് ബാനുവിന്റെ വഴിയാണ്. ആ വഴിയിൽ ഇന്ത്യൻ ജനാധിപത്യം ചിരി തൂകി നിൽക്കുന്നത് കാണാം നമുക്ക്.

സൂക്ഷിച്ചുനോക്കിയാൽ ഫാഷിസം കോടതിക്കോലായയിൽ ഉടുമുണ്ടഴിഞ്ഞുപോയവന്റെ നിസ്സഹായതയിൽ നിൽക്കുന്നതും കാണാം. ഫാഷിസത്തിന് എത്ര ഉടലുകൾ, എത്ര ഉടുപ്പുകൾ എന്നത് ഇനിയും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. നഗരമധ്യത്തിൽ ഉടുമുണ്ടുരിഞ്ഞുപോയാലും നുണ കൊണ്ട് നാണം മറക്കാനറിയാം ഫാഷിസത്തിന്. അതുകൊണ്ടാണ് സൂക്ഷിച്ചുനോക്കണം എന്ന് പറഞ്ഞത്.
രാഷ്ട്രപിതാവിനെ കൊന്നപ്പോൾ, ബാബരിപള്ളി തകർത്തപ്പോൾ, ആർഎസ്എസ് നിരോധിക്കപ്പെട്ടപ്പോൾ, എണ്ണമറ്റ വർഗീയകലാപങ്ങളുടെ കുറ്റവാളികളായി അന്വേഷണ കമ്മീഷനുകൾ സംഘ്പരിവാറിലേക്ക് വിരൽ ചൂണ്ടിയപ്പോൾ, ഒളിക്യാമറകൾക്ക് മുമ്പിൽ മടി കൂടാതെ കലാപങ്ങളിലെ പങ്കാളിത്തം സംഘപരിവാർ നേതാക്കൾ വിളിച്ചുപറഞ്ഞത് ലോകം കണ്ടപ്പോൾ/ കേട്ടപ്പോൾ.. അപ്പോഴെല്ലാം ഉടുമുണ്ട് പോയവന്റെ ജാള്യത്തിൽ നിന്ന് അവർക്കൊരു മോചനമുണ്ടാകില്ലെന്ന്, അവർ തലയുയർത്തി നമുക്കിടയിൽ പ്രത്യക്ഷപ്പെടില്ലെന്നു കരുതിയവരല്ലേ നമ്മൾ. എന്നിട്ടെന്തുണ്ടായി?

അവർ നുണകൾക്ക് മേൽ നുണ മനോഹരമായി അടുക്കിവെച്ചു, മാധ്യമങ്ങളത് കണ്ട് പുളകം കൊണ്ടു. അവർക്ക് ചർച്ച ചെയ്യാൻ ഗുജറാത്തിലെ വികസന മിത്ത് മതിയെന്നായി. സംഘപരിവാർ എറിഞ്ഞുകൊടുത്ത ഓരോ എല്ലിൻകഷ്ണത്തിലും അവർ ചാടിക്കടിച്ചു. അജണ്ടകൾ എവിടെയോ നിശ്ചയിക്കപ്പെട്ടു, ചാനൽ റൂമുകളിൽ ആ അജണ്ടകൾ ഘോരഘോരം ചർച്ച ചെയ്യപ്പെട്ടു. ആ ചർച്ചകൾക്കൊടുവിൽ അവരൊരു ബിംബം പ്രതിഷ്ഠിച്ചു; അദ്ദേഹത്തിന് വികസനപുരുഷൻ എന്ന വിളിപ്പേര് നൽകി. കരുത്തൻ എന്ന് പുകഴ്‌ത്തിപ്പാടി. അദ്ദേഹത്തിന്റെ കറകൾ മറച്ചുവെച്ചു, അദ്ദേഹത്തിന്റെ മൗനാനുവാദത്തിൽ നടന്ന കലാപം വിസ്മൃതമായി. അവിടെ കൊല്ലപ്പെട്ട ആയിരങ്ങൾ മറവിയിലേക്ക് തള്ളപ്പെട്ടു. കാര്യം സാധിക്കാൻ വെളിമ്പറമ്പുകളെ ആശ്രയിക്കേണ്ടി വരുന്ന ഗുജറാത്തികൾ ചിത്രത്തിലില്ലാതായി. വികസനം- അത് മാത്രമായി വാഴ്‌ത്തുപാട്ടുകളിലെ ഉള്ളടക്കം. ഇന്ത്യക്ക് രക്ഷപ്പെടാൻ ഒരേയൊരു ഓപ്ഷൻ, ഒരൊറ്റ പേര്; നരേന്ദ്ര മോദി. മാധ്യമങ്ങൾ ആ പേരിനു ചുറ്റും കറങ്ങി. കോർപൊർറേറ്റുകൾക്കും അദ്ദേഹം പ്രിയങ്കരനായിരുന്നു.

അവർക്ക് വേണ്ടതെല്ലാം ഗുജറാത്തിൽ അദ്ദേഹം നൽകിയിട്ടുണ്ട്. ആ സൗമനസ്യം രാജ്യമാകെ അനുവദിച്ചുകിട്ടിയാൽ അധികാരത്തിലിരിക്കാതെ തന്നെ നാടുഭരിക്കാം. അങ്ങനെയാണ് അവർ മോദിക്ക് വേണ്ടി പണമിറക്കുന്നത്. അദാനിയും അംബാനിയും മോദിക്ക് സേവാ ചെയ്യാൻ മത്സരിച്ചു. അദ്ദേഹത്തിന് നന്മ വരാൻ പ്രയത്നിച്ചു. ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിനായി മീഡിയ റൂമുകൾ പ്രവർത്തിച്ചു. വേദികളിൽ വാഗ്ദാനങ്ങളൊഴുകി, നുണകൾ പ്രവഹിച്ചു. ജനം അതിൽ വീണു, ഇതാ രക്ഷകൻ ആഗതനായിരിക്കുന്നു എന്നവർ വിശ്വസിച്ചു. ഒടുവിൽ മോദി പ്രധാനമന്ത്രിയായി. എല്ലാം പാഴ്‌വാക്കായി, വോട്ട് ചെയ്തവർ വിഡ്ഢികളായി, കോർപറേറ്റുകൾ ആഹ്ളാദഭരിതരായി. ഇതൊക്കെ എന്തിനിപ്പോൾ പറയുന്നു എന്നല്ലേ? 2014 ന്റെ തനിയാവർത്തനമാണ് 2019 എന്നോർമിപ്പിക്കാനാണ്. അഞ്ചുകൊല്ലം മുമ്പത്തെ അതേ വൃത്തികെട്ട കളികളാണ് സംഘപരിവാർ പുറത്തെടുക്കുന്നത് എന്ന് ബോധിപ്പിക്കാനാണ്. ഈ വ്യാജനിർമ്മിതിയിൽ വീണുപോകരുത് എന്ന് മുന്നറിയിപ്പ് നൽകാനാണ്.

നമുക്ക് 2002 ലേക്ക് പോകാം, ഗുജറാത്ത് വംശഹത്യ ഓർത്തെടുക്കാം, ബിൽക്കീസ്ബാനുവിനെ കുറിച്ച് സംസാരിക്കാം. ഗുജറാത്ത് കലാപം നടക്കുമ്പോൾ അവർക്ക് 19 വയസ്സ് പ്രായം. അഞ്ചുമാസം ഗർഭിണി. കലാപകാരികളിൽ നിന്ന് രക്ഷതേടി വീടുവിട്ട് ഒളിച്ചോടുകയായിരുന്നു അവരും കുടുംബവും. അക്രമികൾ അവരെ പിടികൂടി. കുടുംബത്തിലെ പതിനാല് പേരാണ് ബിൽക്കീസിന്റെ കൺമുന്നിൽ കൊല്ലപ്പെട്ടത്. . അക്കൂട്ടത്തിൽ ബിൽക്കീസിന്റെ മൂന്നുവയസ്സുള്ള മകളുമുണ്ട്. ഗർഭിണിയാണ് എന്നത് ബിൽക്കീസിനെ ഒഴിവാക്കാനുള്ള കാരണമായി അക്രമികൾ കരുതിയില്ല. അവർ മാറിമാറി ബലാൽസംഗം ചെയ്തു. അക്രമികൾ ആ പത്തൊമ്പതുകാരിക്ക് അപരിചിതരായിരുന്നില്ല. അടുത്ത വീടുകളിൽ താമസിച്ചവർ. പരസ്പരം അറിയുന്നവർ. അതൊന്നും അവരുടെ കരളലിയിച്ചില്ല. കണ്ണിൽ ചോരയില്ലാത്ത ക്രൂരത അവർ ബാനുവിന്റെ ശരീരത്തിലും പ്രയോഗിച്ചു. ഒടുവിൽ മരിച്ചെന്നു കരുതി ഉപേക്ഷിച്ചു. വിധി മറ്റൊന്നായിരുന്നു, ചാരത്തിൽ നിന്ന് അവർ ഉയിർത്തെഴുന്നേറ്റു;

ജീവിതത്തിലേക്കും നിയമപോരാട്ടത്തിലേക്കും. ഭർത്താവ് യാക്കൂബ് റസൂൽ ഖാൻ അവൾക്കൊപ്പം ഉറച്ചുനിന്നു. നിനക്ക് എന്താണ് സംഭവിച്ചത് എന്നൊരിക്കലും അയാൾ അവളോട് ചോദിച്ചില്ല. പത്രക്കാരോടും അഭിഭാഷകരോടും അവൾ താൻ ശരീരത്തിലേറ്റുവാങ്ങിയ വേദനകൾ പറയുമ്പോൾ മാത്രം അയാൾ അതെല്ലാം കേട്ടു. കലാപവും മരണവും നഷ്ടപ്പെട്ട കുടുംബവും; എല്ലാം ഞാൻ ആ സമയത്ത് മാറ്റിനിർത്തി. ഞാനവളോട് സ്‌നേഹത്തോടെ പെരുമാറി, അവളനുഭവിച്ച വേദനകളിൽ നിന്ന് അവളെ പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യം മാത്രമേ അന്ന് എനിക്കുണ്ടായിരുന്നുള്ളൂ.

ആ നിയമപോരാട്ടം വെറുതെ ആയില്ല. അമ്പതുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നു; ജീവസന്ധാരണത്തിന് സർക്കാർ ജോലി ലഭ്യമാക്കാനും വിധിച്ചിരിക്കുന്നു. മകളുടെ സംസ്‌കാരം നടത്താനും അന്ത്യാഞ്ജലി അർപ്പിക്കാനും അവസാനമായി ആ നെറ്റിയിലൊന്നു ചുംബിക്കാനും കഴിഞ്ഞില്ല. എന്നെങ്കിലും മറക്കാനാവുമോ ആ വേദന? എത്ര തന്നെ നഷ്ടപരിഹാരം അനുവദിച്ചാലും ഞാൻ അനുഭവിച്ച വേദനകൾക്കുള്ള പരിഹാരമാകുമോ? ഒരുപക്ഷേ ഒന്നുമറിയാതെ കടന്നുപോയ മകൾക്കു വൈകിക്കിട്ടിയ നീതി കൂടിയായിരിക്കും ഇപ്പോഴത്തെ സുപ്രീം കോടതി വിധി ബിൽക്കീസ് ബാനു പറയുന്നു.

കണ്ണീരിൽ ഒലിച്ചുപോയ ആയിരങ്ങളുടെ ചരിത്രമാണ് ഗുജറാത്ത് 2002. ആ കലാപം ചിലർക്ക് ദേശീയരാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്കുള്ള ഗേറ്റ് പാസ് ആയി മാറിയതും നമുക്കറിയാം. അവരിപ്പോൾ വലിയൊരു രാഷ്ട്രീയ പരീക്ഷണത്തെ നേരിടുകയാണ്. അതിജയിക്കാൻ ആവനാഴിയിലെ അവസാനത്തെ അമ്പും എടുത്തു പ്രായോഗിക്കുകയാണ്. ഇനിയൊരു അധികാരാരോഹണം ഉണ്ടാകില്ലെന്ന് അവരും ഉറപ്പിച്ചിരിക്കുന്നു. അവരുടെ വാക്കിലും പ്രവൃത്തിയിലും ആ ഭീതി പ്രകടമാണ്. ഇന്ത്യ ആഗ്രഹിക്കുന്നതും ആ പതനമാണ്. ബിൽക്കീസ് ബാനു എന്ന ഒറ്റയാൾപട്ടാളം ഗുജറാത്തിലേക്ക് പുതുവഴി വെട്ടുമ്പോൾ ജനാധിപത്യം ചിരിതൂകുന്നുവെന്ന് നടേ പറഞ്ഞത് വെറുതെയല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP