Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോർമാലിന് പിടി വീണപ്പോൾ സിൽവർ ഹൈഡ്രജൻ ലായനി തളിച്ച് മീൻ ഇറക്കി കൊള്ളക്കാർ; കേടുകൂടാതെ ദിവസങ്ങളോളം മീനിനെ കാക്കുന്ന രാസവസ്തു ശരീരത്തെ എങ്ങനെ ബാധിക്കുമെന്നറിയാൻ പരിശോധനയ്ക്കയച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം; മലയാളികളെ വിഷം തീറ്റിച്ചേ മതിയാകൂ എന്ന വാശിയിൽ ഭക്ഷ്യ മാഫിയ വളരുമ്പോൾ തടയിടാൻ സർവ്വ അടവുകളും പയറ്റി രാജ മാണിക്യം

ഫോർമാലിന് പിടി വീണപ്പോൾ സിൽവർ ഹൈഡ്രജൻ ലായനി തളിച്ച് മീൻ ഇറക്കി കൊള്ളക്കാർ; കേടുകൂടാതെ ദിവസങ്ങളോളം മീനിനെ കാക്കുന്ന രാസവസ്തു ശരീരത്തെ എങ്ങനെ ബാധിക്കുമെന്നറിയാൻ പരിശോധനയ്ക്കയച്ച്  ഭക്ഷ്യ സുരക്ഷ വിഭാഗം; മലയാളികളെ വിഷം തീറ്റിച്ചേ മതിയാകൂ എന്ന വാശിയിൽ ഭക്ഷ്യ മാഫിയ വളരുമ്പോൾ തടയിടാൻ സർവ്വ അടവുകളും പയറ്റി രാജ മാണിക്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് എത്തുന്ന മീനിൽ ഫോർമാലിൻ കലർത്തിയിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ നടത്തിയ പരിശോധനയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഫോർമാലിൻ പരിശോധന ശക്തമായതിനാൽ മീനിൽ പെട്ടന്ന് കണ്ടെത്താൻ സാധിക്കാത്ത വിധത്തിലുള്ള രാസവസ്തു ചേർക്കുന്നതായി സംശയമുയരുകയാണ്. മത്സ്യം കേടാകാതിരിക്കുന്നതിനായി സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി തളിക്കുന്നതായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് വിവരം ലഭിച്ചു.

ഇത് സംബന്ധിച്ച പരിശോധനകൾ സർക്കാർ അനലറ്റിക്കൽ ലാബിൽ പുരോഗമിക്കുകയാണ്. ഹൈഡ്രജൻ പെറോക്‌സൈഡ് കണ്ടെത്താൻ ഇപ്പോൾ മാർഗങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പഠനം നടത്തുന്നത്. മത്സ്യ ബോട്ടുകളിൽ പോകുന്നവർ രാസവസ്തുക്കൾ വിൽക്കുന്ന കടകളിൽ നിന്നും ഉയർന്ന അളവിൽ ഹൈഡ്രജൻ പെറോക്‌സൈഡ് വാങ്ങുന്നതായി സൂചനയുണ്ട്.

ഹൈഡ്രജൻ പെറോക്‌സൈഡ് യഥാർത്ഥത്തിൽ അണുനാശിനിയാണ്. ഇത് ഉപയോഗിച്ചാൽ മത്സ്യം നാളുകളോളം കേടാകാതിരിക്കുമോ എന്നതിൽ ഉറപ്പില്ല. ഭക്ഷ്യ മാഫിയ നടത്തുന്ന ഈ അഴിമതിയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

'സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് മത്സ്യത്തിൽ ഉപയോഗിക്കുന്നുവെന്ന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതുപയോഗിച്ചാൽ മത്സ്യം കേടാകാതിരിക്കുമോ എന്നും എന്ത് പ്രശ്‌നങ്ങളാണ് ഉണ്ടാകുക എന്ന് പരിശോധിക്കു'മെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം.ജി രാജമാണിക്യം അറിയിച്ചു.

അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്ന മീനിൽ വ്യാപകമായി രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ മാരകമായ ഫോർമാലിൻ കലർന്ന 6,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തിരുന്നു. ഓപ്പറേഷൻ സാഗർ റാണിയുടെ മൂന്നാം ഘട്ടമായി നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തത്.

ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ലോഡുകളിലായിരുന്നു രാസവസ്തു സാന്നിധ്യം കുടുതലായും കണ്ടെത്തിയത്. കേരളത്തിൽ പിടിച്ചെടുത്ത ഫോർമാലിൻ ചേർന്ന മത്സ്യത്തിന്റെ ഏറ്റവും കൂടിയ അളവായിരുന്നു ഇത്. ഇവയ്ക്ക് പുറമേ ചെറു ലോഡുകളായും ഫോർമാലിൻ കൽത്തിയ മത്സ്യം സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

ഇത്തരത്തിൽ മത്സ്യം എത്തുന്നുവെന്ന വിവരത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ചെക് പോസ്റ്റുകളിലും പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി കെ കെ ശൈലജ കർശന നിർദ്ദേശം നൽകിയിരുന്നു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം 6 മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റം.

ഫോർമാലിൻ കലർന്ന കിലോ കണക്കിന് മത്സ്യം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നശിപ്പിച്ചു കളയുകയാണ് രീതി. ജൂൺ 9 മുതൽ മാത്രം നടന്ന പരിശോധനയിൽ മായം കലർത്തിയ 28000 കിലോ മത്സ്യമാണ് പിടികൂടിയത്. ഇതിൽ അധികവും അമരവിള, ആര്യങ്കാവ്, വാളയാർ എന്നീ ചെക്ക് പോസ്റ്റുകളിൽ നിന്നായിരുന്നു.

 

എന്താണ് സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ്

 

രോഗാണു നാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവാണ് സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ്. ഇതിന് പ്രത്യേക നിറമോ മണമോ ഇല്ല. ഇത് വെള്ളവുമായി ചേർത്ത് മത്സ്യത്തിൽ തളിക്കുന്നതായാണ്  സൂചന. ഇത് നേർപ്പിക്കാതെ ഉപയോഗിച്ചാൽ പോള്ളലേൽക്കും. 400 ചതുരശ്ര മീറ്റർ മണ്ണ് അണുവിമുക്തമാക്കാൻ മൂന്ന് ലിറ്റർ ഹൈഡ്രജൻ പെറോക്‌സൈഡ് മതിയെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

ഫോർമാലിൻ, അമോണിയ എന്നിവ മത്സ്യത്തിൽ ചേർക്കുന്നത് പെട്ടന്ന് പരിശോധനയിൽ തെളിയും. ഇതിനെ മറികടക്കാനാണ് മത്സ്യത്തിൽ ഹൈഡ്രജൻ പെറോക്‌സൈഡ് ചേർക്കുന്നതെന്നാണ് സംശയം. പുറമേ ഉപയോഗിക്കുമ്പോൾ പോലും പൊള്ളലുണ്ടാക്കുമെന്നതിനാൽ ശരീരത്തിനുള്ളിൽ ചെന്നാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൽ ഉണ്ടാക്കാനാണ് സാധ്യത.

 

ഫോർമാലിൻ എന്ന വില്ലൻ

 

അടുത്തിടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഫോർമാലിൻ ചേർത്ത ലോഡ് കണക്കിന് മത്സ്യമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാനാണ് ഫോർമാലിൻ ഉപയോഗിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഫോർമലിൻ ലായനിയിൽ സൂക്ഷിക്കും. ശരീരത്തിനകത്തെത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.

ക്യാൻസർ, ശ്വാസകോശ, കരൾ രോഗങ്ങൾ വരെയുണ്ടാക്കും. കൂടാതെ തലച്ചോറിനെയും നാഡികളെയും ബാധിക്കും. കൂടിയ അളവിലെത്തിയാൽ അത് മരണത്തിനുപോലും കാരണമാകാം. സംസ്ഥാനത്ത് പരിശോധനയ്ക്കിടെ പിടിച്ചെടുത്ത മത്സ്യത്തിൽ ഉയർന്ന അളവിലാണ് ഫോർമാലിൻ സാന്നിധ്യം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP