Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാരക്കേസിൽ ബലിയാടാക്കിയെന്ന ആരോപണവുമായി സിബി മാത്യൂസ് കോടതിയിലേക്ക്; എങ്ങനെ ബലിയാടായെന്ന് വെളിപ്പെടുത്തണമെന്ന് പത്മജ വേണുഗോപാൽ; അപ്പീൽ നൽകിയാൽ തിരിച്ചടി ഉറപ്പെന്ന് നമ്പി നാരായണൻ

ചാരക്കേസിൽ ബലിയാടാക്കിയെന്ന ആരോപണവുമായി സിബി മാത്യൂസ് കോടതിയിലേക്ക്; എങ്ങനെ ബലിയാടായെന്ന് വെളിപ്പെടുത്തണമെന്ന് പത്മജ വേണുഗോപാൽ; അപ്പീൽ നൽകിയാൽ തിരിച്ചടി ഉറപ്പെന്ന് നമ്പി നാരായണൻ

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി മുഖ്യ വിവരാവകാശ കമ്മീഷണറും മുൻ ഇന്റലിജൻസ് എഡിജിപിയുമായ സിബി മാത്യൂസ് രംഗത്ത്. ഐഎസ്ആർഒ ചാരക്കേസിൽ തന്നെ ബലിയാടാക്കിയെന്നാണ് സിബി മാത്യൂസിന്റെ കുറ്റപ്പെടുത്തൽ. ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു സിബി മാത്യൂസ്. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സിബി മാത്യൂസാ നിലപാട് വിശദീകരിച്ചത്.

പല കേസുകളിലും ഇത്തരത്തിൽ ഉദ്യോഗസ്ഥർ ബലിയാടായ സംഭവങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന സർക്കാർ ഉത്തരവ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ മൂന്നു മാസത്തിനുള്ളിൽ നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ചാരക്കേസിലെ ഹൈക്കോടതി വിധിക്കെതിര സർക്കാരാണ് അപ്പീൽ പോകേണ്ടത്. അത് വൈകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാവാം അപ്പീൽ നൽകാൻ വൈകുന്നതെന്നും സിബി മാത്യൂസ് പറഞ്ഞു.

സർക്കാർ അപ്പീൽ പോയില്ലെങ്കിൽ താൻ സ്വന്തം നിലയിൽ അപ്പീൽ നൽകും. ഈ മാസം 30നകം അപ്പീൽ നൽകാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കൈക്കൊണ്ട ഒരു തീരുമാനമാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പട്ടത് അതിനാൽ തന്നെ അതിനെതിരെ അപ്പീൽ പോകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. താൻ അപ്പീൽ നൽകുമ്പോൾ സർക്കാരിനെ എതിർകക്ഷിയാക്കുമെന്നും സിബി മാത്യൂസ് പറഞ്ഞു.

രാഷ്ട്രീയകാരണങ്ങളാലാകാം അപ്പീൽ നൽകാൻ സർക്കാരിന് കഴിയാത്തത്. എന്നാൽ തനിക്കെതിരെ മോശം പരാമർശങ്ങൾ കോടതി വിധിയിലുണ്ട്. അത് മാറ്റികിട്ടാനാണ് അപ്പീൽ നൽകുന്നത്. സർക്കാരിന്റെ ഉത്തരവിനെയാണ് നമ്പി നാരായണൻ കോടതിയിൽ ചോദ്യം ചെയ്തത്. അതിനെ സർക്കാർ സമർത്ഥമായി പ്രതിരോധിക്കുമെന്നായിരുന്നു പ്രതീക്ഷ. ഏതായാലും അപ്പീലിലൂടെ നീതി നേടിയെടുക്കാനാകുമെന്ന് ഉറപ്പുള്ളതായും മുഖ്യമ വിവരാവകാശ കമ്മീഷണർ വിശദീകരിച്ചു.

അതിനിടെ, സിബി മാത്യുസിനെ അനുകൂലിച്ച് മുൻ എസ്‌പി എസ്.വിജയനും രംഗത്തെത്തി. സിബി മാത്യൂസിനെ തകർക്കാനുള്ള ചിലരുടെ ഗൂഢനീക്കമാണ് ഇതിനു പിന്നിൽ. അദ്ദേഹത്തെ വിവരാവകാശ കമ്മിഷണറുടെ സ്ഥാനത്തുനിന്ന് നീക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. കേസിൽ തങ്ങൾക്കെതിരെ ജഡ്ജിയുൾപ്പെടെയുള്ളവർ ചരടുവലിച്ചു. കേസ് ആദ്യം പരിഗണിച്ച എറണാകുളം സി.ജെ.എം കോടതി ജഡ്ജി പ്രതികളിലൊരാളുടെ ബന്ധുവായിരുന്നു. സുപ്രീം കോടതിയും കേസ് തള്ളിയശേഷമാണ് തനിക്ക് അക്കാര്യം ബോധ്യപ്പെട്ടതെന്നും വിജയൻ പറഞ്ഞൂ.

അതേസമയം, കേസിൽ എങ്ങനെ ബലിയാടായി എന്ന് സിബി മാത്യുസ് വ്യക്തമാക്കണമെന്ന് കെപിസിസി അംഗം പത്മജ വേണുഗോപാൽ ആവശ്യപ്പെട്ടൂ. സർക്കാർ ഒരു കാരണവശാലും അപ്പീൽ പോകരുതെന്ന് കെ.മുരളീധരൻ എംഎ‍ൽഎയും ആവശ്യപ്പെട്ടൂ. എന്നാൽ അപ്പീൽ പോയാൽ വീണ്ടും തിരിച്ചടിയുണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനലാണ് സർക്കാർ മടിക്കുന്നതെന്നും ഇതിൽ രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്നും ചാരക്കേസിൽ പൊലീസ് അറസ്റ്റു ചെയ്ത ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനും പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസിൽ സിബി മാത്യൂസുൾപ്പെടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നു വച്ച സർക്കാർ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. പൊലീസുദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ തീരുമാനം സർക്കാർ പുനപ്പരിശോധിച്ച് മൂന്നുമാസത്തിനകം പുതിയ ഉത്തരവിറക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ അപ്പീൽ പോകാത്തതാണ് വിവാദമാകുന്നത്. എന്നാൽ കോൺഗ്രസിലെ ഐ വിഭാഗം അപ്പീൽ പോകേണ്ടെന്ന നിലപാടിലാണ്.

മന്ത്രിസഭാ യോഗത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള അപ്പീൽ വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കെ കരുണാകരന്റെ രാഷ്ട്രീയ ഭാവി തകർത്ത ചാരക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് അപ്പീലിൽ സർക്കാർ തീരുമാനം വൈകുന്നത്. അതുകൊണ്ട് കൂടിയാണ് സിബി മാത്യൂസ് നേരിട്ട് അപ്പീലുമായി കോടതിയെ സമീപിക്കുന്നത്.

ചാരക്കേസ് ആദ്യ ഘട്ടത്തിൽ അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യമില്ലെന്ന സർക്കാറിന്റെ തീരുമാനത്തിനെതിരെ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ സമർപ്പിച്ച ഹർജി അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ ഉത്തരവിട്ടത്. അന്നത്തെ ഡിഐജി. (ക്രൈം) സിബി മാത്യൂസ്, സ്‌പെഷൽ ബ്രാഞ്ച് സിഐ എസ് വിജയൻ, ക്രൈം ബ്രാഞ്ച് എസ്‌പി കെ കെ ജോഷ്വ എന്നിവരുടെ ഭാഗത്ത് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് വിലയിരുത്തി 2011 ജൂൺ 29നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. പ്രസ്തുത ഉത്തരവ് റദ്ദാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് നമ്പി നാരായണൻ ഹൈക്കോടതിയെ സമീപിച്ചത്.

വേണ്ടത്ര തെളിവില്ലാതെ നിരപരാധികൾക്കെതിരെ ആരോപണമുന്നയിച്ച് തടവിൽ വെയ്ക്കുന്നത് പീഡനം തന്നെയാണെന്ന് കോടതി വിലയിരുത്തി. ഐഎസ്ആർഒയിലെ സീനിയർ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് ഓഫീസോ വീടോ പരിശോധിച്ച് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് കോടതി കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP