Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂണിവേഴ്‌സിറ്റി കേളജിലെ കത്തിക്കുത്ത് കേസിൽ ജാമ്യം ലഭിച്ചെങ്കിലും പിഎസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ശിവരഞ്ജിത്തിനും നസീമിനും പുറത്തിറങ്ങാനാകില്ല; 2016ലെ ആക്രമണക്കേസിൽ ശിവരഞ്ജിത്തിന്റെ കൂട്ടുപ്രതി രാജേഷിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും

യൂണിവേഴ്‌സിറ്റി കേളജിലെ കത്തിക്കുത്ത് കേസിൽ ജാമ്യം ലഭിച്ചെങ്കിലും പിഎസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ശിവരഞ്ജിത്തിനും നസീമിനും പുറത്തിറങ്ങാനാകില്ല; 2016ലെ ആക്രമണക്കേസിൽ ശിവരഞ്ജിത്തിന്റെ കൂട്ടുപ്രതി രാജേഷിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ എസ്എഫ്‌ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ ജാമ്യം. ഉപാധികളോടെയാണ് ഇരുവർക്കും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവർക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ കോടതി പറയുന്നു. അതേസമയം, പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഇരുവർക്കും പുറത്തിറങ്ങാനാകില്ല.

അതിനിടെ 2016ൽ മാരകായുധങ്ങളുമായി ആക്രമിച്ചെന്ന കേസിൽ ശിവരഞ്ജിത്തിന്റെ കൂട്ടുപ്രതി ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് സെക്രട്ടറി വലിയ ഉണ്ണിയെന്ന ചായക്കട ഉണ്ണിയുടെ സഹോദരനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമായ കൊച്ചുണ്ണി എന്ന രാജേഷിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും കോടതി പുറപ്പെടുവിച്ചു. ജാമ്യമെടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിയതിനാലാണ് കോടതി നടപടി. ആക്രമണക്കേസിൽ കൊച്ചുണ്ണി ഒന്നാം പ്രതിയും ശിവരഞ്ജിത്ത് രണ്ടാം പ്രതിയുമാണ്. കൊച്ചുണ്ണിയെ അറസ്റ്റ് ചെയ്യാനും ജാമ്യക്കാരെ ഹാജരാക്കാനും ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. ശിവരഞ്ജിത്തിനെ ഒക്ടോബർ 1ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.

ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്‌ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകിയത്. കാന്റീനിൽ മുന്നിലിരുന്ന് പാട്ട് പാടിയതിനാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.

ശിവരഞ്ജിത്തിനും നസീമിനും പുറമെ എസ്എഫ്‌ഐ നേതാക്കളായ അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിന്റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനാൽ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു. ദിവസങ്ങളോളം അഖിലിന് ആശുപത്രിയിൽ കഴിയേണ്ടിയും വന്നു.

കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ശിവരഞ്ജിത്തിന് സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്കാണെന്ന വിവരം പുറത്തുവന്നു. സിവിൽ പൊലീസ് ഓഫീസർ കെഎപി നാലാം ബറ്റാലിയൻ (കാസർഗോഡ്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോർട്സ് വെയിറ്റേജായി 13.58 മാർക്കാണ് കിട്ടിയത്. ഇത് കൂടി ചേർത്തപ്പോൾ 91.9 മാർക്ക് കിട്ടി. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28-ാം റാങ്കുകാരനായിരുന്നു. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.

വിശദമായി അന്വേഷിച്ച സ്‌പെഷ്യൽ ബ്രാഞ്ച് പിന്നീട് ചെയ്തത് കന്റോൺമെന്റ് എസ്‌ഐയുടെ നേതൃത്വത്തിൽ ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. സർവകലാശാലയുടെ ഉത്തരക്കടലാസും സീലുമടക്കം ഞെട്ടിക്കുന്ന വസ്തുക്കളാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഒരു കെട്ടിൽ പന്ത്രണ്ട് ആൻസർ ഷീറ്റുകളുണ്ടായിരുന്നു. ഇതോടൊപ്പം ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജസീലും കണ്ടെത്തി. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് വച്ചാണ് ശിവരഞ്ജിത്ത് പരീക്ഷയിൽ ഒന്നാംറാങ്കുകാരനായത്.

തുടർന്ന് ജൂലൈ 15-ാം തീയതിയോടെ തിരുവനന്തപുരം കേശവദാസപുരത്ത് വച്ച് ഇരുവരും പൊലീസിന്റെ പിടിയിലായി. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇതിന് തലേന്ന് അർദ്ധരാത്രി പൊലീസ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഇരുമ്പുദണ്ഡുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയത്.

ഇതിനിടെ ഇരുവർക്കും പരീക്ഷയ്ക്കിടെ മെസേജുകൾ വന്നിരുന്നെന്നും, ഉത്തരങ്ങൾ മെസ്സേജ് ആയി അയച്ചത് സഫീർ എന്ന ഒരു സുഹൃത്തും ഒരു കോൺസ്റ്റബിളും ചേർന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. എസ്എപി ക്യാമ്പിലെ പൊലീസുകാരനായ പ്രണവാണ് ഇരുവർക്കും ഉത്തരങ്ങൾ അയച്ചു കൊടുത്തത്. പിഎസ്‌സി വിജിലൻസ് വിംഗാണ് ഇത് കണ്ടെത്തിയത്. തട്ടിപ്പിനായി പുതിയ നമ്പർ എടുക്കാൻ ഔദ്യോഗിക നമ്പർ കടയിൽ നൽകിയതാണ് വഴിത്തിരിവായത്. പ്രതികൾക്ക് ഉത്തരങ്ങളയച്ച മൊബൈൽഫോണും സ്മാർട്ട് വാച്ചും മൂന്നാറിലെ നല്ല തണ്ണിയിൽ വച്ച് ഉപേക്ഷിച്ചെന്ന് പ്രണവും സഫീറും മൊഴി നൽകിയെങ്കിലും ക്രൈംബ്രാഞ്ച് അതെല്ലാം വീണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP