Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷീലാ ദീക്ഷിത് നാടു വിട്ടത് 167 ദിവസത്തെ സേവനത്തിന് ശേഷം; സെക്രട്ടറി പോലും അറിയാതെ മടങ്ങിയത് കേരളം കണ്ട ഏറ്റവും മികച്ച ഗവർണറായി പേരെടുത്ത ശേഷം

ഷീലാ ദീക്ഷിത് നാടു വിട്ടത് 167 ദിവസത്തെ സേവനത്തിന് ശേഷം; സെക്രട്ടറി പോലും അറിയാതെ മടങ്ങിയത് കേരളം കണ്ട ഏറ്റവും മികച്ച ഗവർണറായി പേരെടുത്ത ശേഷം

തിരുവനന്തപുരം: കഴിഞ്ഞ മാർച്ച് 11ന് ചുമതലയേറ്റ ഷീലാ ദീക്ഷിത് ഗവർണർ പദവിയിൽ കേവലം 167 ദിവസം പിന്നിട്ടപ്പോഴാണ് രാജി വച്ചൊഴിയുന്നത്. ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി യു.പി.എ നിയമിച്ച എട്ട് ഗവർണർമാർക്ക് ഒഴിയാൻ അനൗദ്യോഗിക നിർദ്ദേശം നൽകിയിരുന്നു. പലരും ഒഴിയുകയും സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് രാജി വച്ചൊഴിയുകയും ചെയ്തപ്പോഴും നൂറുദിവസം ഷീലാ ദീക്ഷിത് പിടിച്ചുനിന്നു. ഒടുവിൽ അധികാരമേറ്റ് 167ാം നാൾ പ്രൈവറ്റ് സെക്രട്ടറിയെപ്പോലും അറിയിക്കാതെ നാടകീയമായി രാജിയും. മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്ന സൂചനകൾക്ക് പിന്നാലെയായിരുന്നു രാജി.

പ്രമേഹബാധിതയായതിനാൽ പതിവുള്ള വൈദ്യപരിശോധനയ്‌ക്കെന്നു പറഞ്ഞാണ് ഈ മാസം 24ന് ഷീലാ ദീക്ഷിത് ഡൽഹിയിലേക്ക് പോയത്. എന്നാൽ അവിടെ പോയി സ്ഥലംമാറ്റ കാര്യത്തിൽ ആഭ്യന്തര മന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടികാഴ്ച നടത്തുകയായിരുന്നു അവർ. തുടർന്നാണ് രാജി വയ്ക്കാൻ തീരുമാനിക്കുന്നത്. രാജ്ഭവനിലുള്ള പ്രൈവറ്റ് സെക്രട്ടറി ശർമ്മയെപ്പോലും അറിയിക്കാതെയായിരുന്നു ഷീലാ ദീക്ഷിത് രാജി സമർപ്പിച്ചത്.

ഡൽഹിയിൽ ഒട്ടേറെ കോമൺവെൽത്ത് അഴിമതി അടക്കമുള്ള കേസുകളുണ്ടെങ്കിലും കേരളത്തിൽ മികച്ച ഗവർണറായി പേരെടുത്തു വരികയായിരുന്നു ഷീലാ ദീക്ഷിത്. ചെറിയ പരിപാടികളിൽ വരെ പങ്കെടുത്ത് ഷീലാ ദീക്ഷിത് കേരളത്തിൽ സജീവ സാന്നിദ്ധ്യമായി. തലസ്ഥാനത്തെ സാംസ്‌കാരിക സദസ്സുകളിൽ അവർ പ്രോേട്ടാക്കോൾ ലംഘിച്ച് സായാഹ്നങ്ങൾ ചെലവഴിച്ചു. പുസ്തകങ്ങളും കരകൗശലവസ്തുക്കളും വാങ്ങിക്കൂട്ടി. കഥകളിയും കൂടിയാട്ടവും നൃത്തവും ആസ്വദിക്കാൻ വൈലോപ്പിള്ളി സംസ്‌കൃതി ഭവനും മാർഗിയും കാർത്തിക തിരുനാൾ തിയേറ്ററും അവർ പതിവായി കയറിയിറങ്ങി. രാജ്ഭവനിൽ എത്തുന്നതിനുള്ള നിയന്ത്രണങ്ങളും അവർ കുറച്ചു.

എം.ജി സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എ.വി. ജോർജ്ജിനെ പുറത്താക്കി സംസ്ഥാനത്തിന്റെ ചരിത്രത്തിലും അവർ ഇടംനേടി. രാജ്ഭവനിലും ഷീലാ ദീക്ഷിത് ഒരു മാതൃകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രാത്രി വൈകുവോളം ഉറക്കമൊഴിഞ്ഞിരുന്നുള്ള ഫയൽ പരിശോധന പതിവായിരുന്നു. ഒരു ഫയൽ പോലും തീരുമാനമെടുക്കാതെ മാറ്റിവച്ചിട്ടില്ല. രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ സർക്കാർ ഫയലുകളുമായി സെക്രട്ടേറിയറ്റിൽ നിന്ന് സർക്കാർ വണ്ടികൾ രാജ്ഭവനിൽ കയറിയിറങ്ങി. സർക്കാരിന്റെ അഭിപ്രായം പരമാവധി മാനിച്ച് തീരുമാനമെടുക്കുകയെന്ന രീതി അവർ തുടർന്നു.

അഞ്ചുമാസം മാത്രം ഗവർണർ സ്ഥാനത്തിരുന്ന ഷീലാ ദീക്ഷിതിന് പക്ഷേ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാൻ അവസരം കിട്ടിയില്ല. മാർച്ച് 11 നാണ് അവർ ചുമതലയേറ്റത്. വർഷാദ്യമോ, സർക്കാർ രൂപവത്കരണത്തിന് ശേഷമുള്ള ആദ്യ സമ്മേളനത്തിലോ ആണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. പതിനഞ്ചു വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കേരള ഗവർണറായി നിയമിച്ചത്. കോമൺവെൽത്ത് ഗെയിംസ്, ഡൽഹി ജലബോർഡ്, പൊതുമുതൽ ദുരുപയോഗം തുടങ്ങി നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഷീലാ ദീക്ഷിതിന് പ്രോസിക്യൂഷൻ നടപടികളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാനാണ് ഗവർണർ പദവി നൽകിയതെന്നും ആരോപണമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP