Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ഷാഫി പറമ്പിൽ പാലക്കാട് തന്നെ മത്സരിക്കും; എ വി ഗോപിനാഥിനെ പരിഗണിക്കുന്നുവെന്ന വാർത്ത തള്ളി രമേശ് ചെന്നിത്തല; മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായെന്ന് ഷാഫി പറമ്പിൽ

ഷാഫി പറമ്പിൽ പാലക്കാട് തന്നെ മത്സരിക്കും; എ വി ഗോപിനാഥിനെ പരിഗണിക്കുന്നുവെന്ന വാർത്ത തള്ളി രമേശ് ചെന്നിത്തല; മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായെന്ന് ഷാഫി പറമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ പാലക്കാട് മണ്ഡലത്തിൽ നിന്നും മാറ്റുമെന്ന അഭ്യൂഹങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമത ഭീഷണി ഉയർന്നതോടെ ഷാഫി പറമ്പിലിന് പകരം എ വി ഗോപിനാഥിനെ പാലക്കാട് മത്സരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറന്നുവന്നിരുന്നു.

പാലക്കാട് മണ്ഡലത്തിലെ നിലവിലെ സാഹചര്യത്തിൽ ആശങ്ക ഉയർന്നതോടെയാണ് ഷാഫി പറമ്പിലിന് പട്ടാമ്പി നൽകി പാലക്കാട് മണ്ഡലത്തിൽ എ വി ഗോപിനാഥിനെ കൊണ്ടുവരാൻ ഒരു വിഭാഗം നീക്കം നടത്തിയത്.

എ വി ഗോപിനാഥ് വിമത ഭീഷണിയുയർത്തി രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു അനുനയത്തിനായുള്ള പുതിയ നീക്കം. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഷാഫിക്ക് വലിയ തോതിൽ ഇല്ലെന്ന് സംസ്ഥാന  നേതൃത്വം നേരത്തെ വിലയിരുത്തിയിരുന്നു. വിമത നീക്കം പാലക്കാട് മണ്ഡലം നഷ്ടപ്പെടുന്നതിന് ഇടയാക്കുമോ എന്ന ആശങ്ക നേതൃത്വവും പങ്കുവച്ചിരുന്നു.

എന്നാൽ പാലക്കാട് നിന്നും മാറ്റുമെന്ന വാർത്തകൾ നിഷേധിച്ച് ഷാഫി പറമ്പിൽ രംഗത്തെത്തി. സിറ്റിങ് സീറ്റായ പാലക്കാട് തന്നെ മത്സരിക്കുമെന്നും മറ്റ് തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്തെന്ന് അറിയില്ലെന്നും ഷാഫി പറഞ്ഞു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കമായെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പാലക്കാട് തന്നെ മത്സരിക്കാമെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റിൽ നിന്ന് മാറുമെന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കുന്നതല്ല. മണ്ഡലം മാറണമെന്ന ചർച്ച ഉണ്ടായിരുന്നെങ്കിൽ അത് എന്നേ ആരംഭിക്കാമായിരുന്നു. തനിക്കെതിരെ മത്സരിക്കില്ലെന്ന് മുൻ ഡി.സി.സി അധ്യക്ഷൻ എ.വി ഗോപിനാഥ് പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പാലക്കാട് മണ്ഡലത്തിലെ ജനങ്ങൾ താൻ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ ജനത തന്നെ കൈവിടില്ലെന്ന് അറിയാം. മണ്ഡലത്തെ കുറിച്ച് ഭയാശങ്കകളുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലൂടെയുള്ള പദയാത്രയോടെ ആണ് ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പദയാത്രക്ക് 'തുടർയാത്ര' എന്നാണ് പേര് നൽകിയിട്ടുള്ളത്.

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട സ്‌ക്രീനിങ് സമിതി ഇന്നലെ വൈകുന്നേരം യോഗം ചേർന്നപ്പോൾ കെ ബാബുവിനും കെസി ജോസഫിനും വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശക്തമായി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കെ സി ജോസഫിനെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്.

തൃപ്പൂണിത്തുറയിൽ കെ ബാബുവിന് ജയസാധ്യതയുണ്ടെന്നും അദ്ദേഹത്തെ മത്സരിപ്പിച്ചാൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോന്നിയിൽ റോബിൻ പീറ്ററിനെ മത്സരിപ്പിക്കണമെന്ന് അടൂർ പ്രകാശും ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP