Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ഈ മാസം 10ന് മുമ്പ് പൂർത്തിയാക്കാൻ നിർദ്ദേശം; സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കും

ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ഈ മാസം 10ന് മുമ്പ് പൂർത്തിയാക്കാൻ നിർദ്ദേശം; സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കും

പമ്പ: മകരവിളക്കുമായി ബന്ധപ്പെട്ട് തീർത്ഥാടകരുടെ സൗകര്യാർഥം സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഏർപ്പെടുത്തേണ്ട എല്ലാ മുന്നൊരുക്കങ്ങളും ഈ മാസം 10ന് മുമ്പ് പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ആർ.ഗിരിജ എല്ലാ വകുപ്പുകൾക്കും തദ്ദേശഭരണ സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി. 14ന് നടക്കുന്ന ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശഭരണ ഭാരവാഹികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. മകരവിളക്ക് ദർശനത്തിനായി ജില്ലയിൽ എട്ട് വ്യൂപോയിന്റുകളാണുള്ളത്. ഇവിടങ്ങളിൽ കൂടുതലായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.

പൊലീസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കേണ്ട ബാരിക്കേഡുകൾ 10ന് മുമ്പ് പൂർത്തിയാക്കത്തക്കവിധം പണികൾ പുരോഗമിക്കുന്നതായി ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ അറിയിച്ചു. സന്നിധാനം, പമ്പ, എരുമേലി എന്നിവിടങ്ങളിൽ എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും പൊലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതിന് പുറമേ വിവിധ സ്ഥലങ്ങളിലെ ഏകോപനത്തിനായി ആറ് ജൂനിയർ ഐപിഎസ് ഓഫീസർമാർ അടങ്ങുന്ന ടീമുകളെയും നിയോഗിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കും. തീർത്ഥാടന കാലത്ത് സ്ഥിരമായി ക്യാമറകളിൽ പതിഞ്ഞിട്ടുള്ള സംശയാസ്പദമായ ചുറ്റുപാടുകളുള്ളവരെ നിരീക്ഷിച്ച് അപ്പോൾ തന്നെ ഇവരുടെ വിവരങ്ങൾ കൺട്രോൾ റൂമുകളിൽ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ക്യാമറ നിരീക്ഷണവും സന്നിധാനത്തും പമ്പയിലും ഏർപ്പെടുത്തും. സന്നിധാനത്ത് ഐജി റാങ്കിലുള്ള രണ്ട് ഉദ്യോസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഉണ്ടാകുമെന്നും എസ്‌പി പറഞ്ഞു.

മകരജ്യോതി ദർശനത്തിനായി തീർത്ഥാടകർ തടിച്ചുകൂടുന്ന ജില്ലയിലെ എട്ട് വ്യൂ പോയിന്റുകളിൽ ഏർപ്പെടുത്തേണ്ട അധിക ക്രമീകരണങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ വിഭാഗം അവതരണം നടത്തി. സ്വാമി അയ്യപ്പൻ റോഡിൽ തീർത്ഥാടകർ സുരക്ഷിതമല്ലാത്ത ഇടവഴികൾ ഉപയോഗിച്ച് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകൾക്ക് പുറമേ മെഷ് കൂടി ഉപയോഗിക്കും. തീർത്ഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനായി നിലവിലുള്ള ട്യൂബ് ലൈറ്റുകൾക്ക് പുറമേ ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും കൈവശമുള്ള അസ്‌ക ലൈറ്റുകളും ഉപയോഗിക്കും. അട്ടത്തോട് റോഡിൽ അധികമായി 10 ട്യൂബ് ലൈറ്റുകളും ഇലവുങ്കലിൽ 30 ഫ്‌ളൂറസന്റ് ലൈറ്റുകളും അധികമായി സ്ഥാപിക്കും. വനം വകുപ്പിന്റെ അധീനതയിലുള്ള തിരുവാഭരണ പാതയിൽ കാട് തെളിക്കുന്ന പ്രവർത്തികൾ നാല് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.

തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന ദിവസമായ 12ന് പന്തളത്ത് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് അടൂർ ആർഡിഒയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ നാളെ (അഞ്ചിന്) പന്തളത്ത് അവലോകന യോഗം ചേരും. പന്തളം നഗരസഭയുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ വൻതോതിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്. ഇക്കാര്യത്തിൽ നഗരസഭയുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായിട്ടുള്ളതായി കളക്ടർ പറഞ്ഞു. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും കളക്ടർ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പന്തളം നഗരസഭയുടെ പരിധിയിലുള്ള എല്ലാ മാലിന്യങ്ങളും പൂർണമായി നീക്കം ചെയ്യാൻ നഗരസഭ അധികൃതർക്ക് കളക്ടർ കർശന നിർദ്ദേശം നൽകി. മാലിന്യ നീക്കത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരുമെന്നും കളക്ടർ പറഞ്ഞു.

വാട്ടർ അഥോറിറ്റി മകരവിളക്ക് ദിവസങ്ങളിലെ ഉപയോഗത്തിനായി നിലയ്ക്കലിൽ 3000 കിലോ ലിറ്റർ കുടിവെള്ളം അധികമായി കരുതും. മകരവിളക്ക് ദിനത്തിൽ വൈകിട്ട് വാട്ടർ അഥോറിറ്റിയുടെ ടാങ്കറുകൾ കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിലേക്ക് ആവശ്യത്തിന് ജലം എത്തിക്കും. മുൻവർഷം കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിച്ചശേഷം പമ്പയിലേക്ക് വാട്ടർ അഥോറിറ്റിയുടെ ടാങ്കറുകളിൽ ജലം എത്തിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ തന്നെ ജലം എത്തിക്കുന്നതിന് തീരുമാനിച്ചത്.

കെഎസ്ആർടിസി 1000 ബസുകൾ മകരവിളക്ക് ദിനത്തിൽ സർവീസ് നടത്തും. മകരവിളക്ക് ദർശനത്തിന് ശേഷം കെഎസ്ആർടിസി രണ്ട് ട്രിപ്പ് ചെയിൻ സർവീസുകൾ നിലയ്ക്കലേക്ക് പൂർത്തിയാക്കിയ ശേഷം മാത്രമേ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ.മുൻ വർഷം മകരവിളക്ക് ദിവസം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നതിന് ഉണ്ടായ ബുദ്ധിമുട്ട് ഇത്തവണ ഒഴിവാക്കുന്നതിനായി കെഎസ്ആർടിസിയും പൊലീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോന്നി തഹസീൽദാരെ ലെയ്‌സൺ ഓഫീസറായി നിയമിക്കും.

അഖില ഭാരത അയ്യപ്പസേവാസംഘം 12,13,14 തീയതികളിൽ ശരംകുത്തി, ശബരിപീഠം, അപ്പാച്ചിമേട്, വലിയനടപ്പന്തൽ, പാണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ള വിതരണത്തിന് മാത്രമായി 100 സന്നദ്ധ സേവകരെ അധികമായി നിയോഗിക്കും. മണ്ഡലപൂജ ദിവസം തീർത്ഥാടക ബാഹുല്യത്തിൽ കുടിവെള്ളം എത്തിക്കാൻ വൈകിയ സാഹചര്യത്തിലാണ് കൂടുതൽ സന്നദ്ധ പ്രവർത്തകരെ മകരവിളക്ക് ദിവസം നിയോഗിക്കാൻ തീരുമാനിച്ചത്. ഈ മാസം 13,14,15 തീയതികളിൽ ജില്ലയിൽ ടിപ്പർ ലോറികൾ നിരോധിക്കും. 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഗവിയിലേക്കുള്ള യാത്രയും നിരോധിക്കും. ടിപ്പർലോറി, ഗവി യാത്ര നിയന്ത്രണങ്ങൾക്കുള്ള ശുപാർശകൾ എത്രയും പെട്ടെന്ന് തയാറാക്കി സമർപ്പിക്കാൻ ജില്ലാ കളക്ടർ മോട്ടോർവാഹന വകുപ്പിനും വനം വകുപ്പിനും നിർദ്ദേശം നൽകി.

മകരവിളക്കിന് മുമ്പുള്ള ദിവങ്ങളിൽ സന്നിധാനത്ത് തീർത്ഥാടക ബാഹുല്യം അമിതമായാൽ തീർത്ഥാടകരെ വിവിധ ഇടത്താവളങ്ങളിൽ നിയന്ത്രിക്കും. ഇതിനായി ഇടത്താവളങ്ങളിൽ ഭക്ഷണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ വേണ്ടിവന്നാൽ ഏർപ്പെടുത്താനുള്ള മുൻകരുതലുകളും സ്വീകരിക്കും. വടശേരിക്കര, റാന്നി-പെരുനാട്, പത്തനംതിട്ട എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ 13,14 തീയതികളിൽ എർേപ്പെടുത്തും. എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ 13,14, 15 തീയതികളിൽ സന്നിധാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളതായി കളക്ടർ അറിയിച്ചു.

തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 12ന് പന്തളത്ത് സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തും. തിരുവാഭരണ ഘോഷയാത്രയെ അനുമഗിക്കുന്നതിന് പൊലീസിന്റെയും റവന്യു വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. തിരുവാഭരണം കടന്നുപോകുന്ന പേരൂർചാൽ പാലത്തിന്റെ സമീപം താത്ക്കാലിക അപ്രോച്ച് റോഡ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതകളിലെ അന്തിമ ക്രമീകരണങ്ങൾ ഈ മാസം 10ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ വിലയിരുത്തി കളക്ടർക്ക് റിപ്പോർട്ട് നൽകും.

അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് ആരോഗ്യ വകുപ്പ് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തും. 13ന് വിവിധ ഇടത്താവളങ്ങൾ കേന്ദ്രീകരിച്ച് ആംബുലൻസുകൾ സജ്ജമാക്കും. സന്നിധാനത്ത് തീർത്ഥാടകർക്ക് പന്നിയുടെ കടിയേറ്റ വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഫോറസ്റ്റിന്റെ വെറ്ററിനറി വിഭാഗത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP