Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുത്തുമലയിലും കവളപ്പാറയിലും ഇന്ന് തിരച്ചിൽ അവസാനിപ്പിക്കും; പുത്തുമലയിൽ ഇനി കണ്ടെത്താനുള്ളത് അഞ്ചു പേരെ; കവളപ്പാറയിൽ കാണാതയവരുടെ ബന്ധുക്കളുടെ യോഗം വിളിച്ചു; അവസാനം കണ്ടെത്തിയ രണ്ട് പേരുടെ മൃതദേഹങ്ങൾ  തിരിച്ചറിഞ്ഞിട്ടില്ല; അപകടം നടന്ന പുത്തുമലയിൽ നിന്ന് 25 കിലോമീറ്റർ ചുറ്റളവിൽ തിരിച്ചിൽ നടത്തി; 8 കിലോമീറ്റർ അകലത്തിൽ നിന്ന് വരെ മൃതദേഹങ്ങൾ കണ്ടെത്തി

പുത്തുമലയിലും കവളപ്പാറയിലും ഇന്ന് തിരച്ചിൽ അവസാനിപ്പിക്കും; പുത്തുമലയിൽ ഇനി കണ്ടെത്താനുള്ളത് അഞ്ചു പേരെ; കവളപ്പാറയിൽ കാണാതയവരുടെ ബന്ധുക്കളുടെ യോഗം വിളിച്ചു; അവസാനം കണ്ടെത്തിയ രണ്ട് പേരുടെ മൃതദേഹങ്ങൾ  തിരിച്ചറിഞ്ഞിട്ടില്ല; അപകടം നടന്ന പുത്തുമലയിൽ നിന്ന് 25 കിലോമീറ്റർ ചുറ്റളവിൽ തിരിച്ചിൽ നടത്തി; 8 കിലോമീറ്റർ അകലത്തിൽ നിന്ന് വരെ മൃതദേഹങ്ങൾ കണ്ടെത്തി

ജാസിം മൊയ്തീൻ

കൽപറ്റ: വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കാൻ തീരുമാനം. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇവിടെ കാണാതായിരുന്നത് 17 പേരെയാണ് അതിൽ 12 പേരെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ അവസാനം കണ്ടെത്തിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ ഡിഎൻഎ ടെസ്റ്റ് ഇന്ന് പൂർത്തിയാക്കിയിട്ടായിരിക്കും വിട്ടുനൽകുക.

കണ്ടെത്താനുള്ള അഞ്ച് പേരുടെയും കുടുംബങ്ങളുമായി സംസാരിച്ച് തിരിച്ചിൽ അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയിട്ടുണ്ട്. അവസാനമായി ഇന്ന് തെരച്ചിൽ നടക്കുന്നത് കാണാതായ ഹംസ എന്നയാൾക്ക് വേണ്ടിയാണ്. ഹംസയുടെ മകൻ സഫീർ ഇന്നലെ തന്റെ വീടിന് സമീപത്ത് ഒരിക്കൽ കൂടി തിരച്ചിൽ നടത്തണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തിരിച്ചിൽ നടത്തുന്നത്. ഇതിനായി രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും ഫയർഫോഴ്സിന്റെയും വനം വകുപ്പിന്റെയും കാരുണ്യ എന്ന സന്നദ്ധ സംഘടനയുടെയും അംഗങ്ങൾ സഫീർ പറഞ്ഞ ഇടത്ത് ഇന്ന് തിരിച്ചിൽ നടത്തും.

ബാക്കി നാലു പേരുടെ കുടുംബങ്ങളും തിരിച്ചിൽ അവസാനിപ്പാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇനി കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലെന്നും. ഇതുവരെ നടത്തിയ തിരച്ചിലിൽ സംതൃപ്തരാണെന്നും അവർ പറഞ്ഞിട്ടുണ്ട്. അപകടം നടന്ന പുത്തുമലയിൽ നിന്ന് 25 കിലോമീറ്റർ ചുറ്റളവിൽ ഇതുവരെ തിരിച്ചിൽ നടത്തി. 8 കിലോമീറ്റർ അകലത്തിൽ നിന്ന് വരെ മൃതദേഹങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂർ ചാലിയാറിന്റെ ഭാഗങ്ങളിലേക്ക് വരെ തിരച്ചിൽ വ്യപിപിച്ചത്. പുത്തുമലയിൽ നിന്ന് കാൽനടയായി 25 കിലോമീറ്റർ അകലത്തിലുള്ള നിലമ്പൂർ മേഖലയിൽ വരെ തിരച്ചിൽ നടന്നിട്ടുണ്ട്. ഇതോടെയാണ് തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എൻഡിആർഎഫിന്റെ സംഘം ശനിയാഴ്ച തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയിരുന്നു. എൻഡിആർഎഫിന്റെ സംഘത്തിന് ഹൃദ്യമായ യാത്രഅയപ്പാണ് നാട്ടുകാരും വയനാട് ജില്ലാഭരണകൂടവും നൽകിയത്.

54 വീടുകളാണ് പുത്തുമലയിൽ പൂർണ്ണമായും തകർന്ന് വാസയോഗ്യമല്ലാതെയായത്. ഇവരെയല്ലാം ഇപ്പോൾ താത്കാലിക വാടക വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിമാസം ശരാശരി 3000 രൂപ വാടക വരുന്ന വീടുകളാണ് ഇവ. ഈ തുക മേപ്പാടി പഞ്ചായത്ത് വഹിക്കും. ഇവരെ പുനരധിവസിപ്പിക്കാനായി മേപ്പാടി പഞ്ചായത്തിൽ 10 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. റീബിൽഡ് മേപ്പാടി എന്ന പ്രൊജക്ടിൽ ഉൾപെടുത്തി ഇവിടെ 60 വീടുകൾ നിർമ്മിക്കുന്നതിനായി പദ്ധതി തയ്യാറായിട്ടുണ്ട്.

അടിയന്തിരമായി നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുള്ള അദാലത്തുകൾ സംഘടിപ്പിക്കും. ദുരന്തം ബാധിച്ചവരുടെ മാനസികാരോഗ്യത്തിന്റെ വീണ്ടെടുപ്പിനായി മേപ്പാടി പഞ്ചായത്തിലെ ഓരോ വാർഡിലും ഓരോ കൗൺസിലർമാരെ നിയമിക്കും. ഇവർ സെപ്റ്റംബർ 10വരെ കൗൺസിലിങ് നടത്തും.

നിലമ്പൂർ കവളപ്പാറയിലും ഇന്ന് തിരച്ചിൽ അവസാനിപ്പാക്കൻ ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ ഇന്ന് കാലത്ത് 10 മണിക്ക് പോത്തുകല്ല് പഞ്ചായത്തിൽ യോഗം വിളിച്ചിട്ടുണ്ട്. ഇനിയും കണ്ടെത്താനുള്ളവരുടെ ബന്ധുക്കളെയും ഈ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ഇവരുടെ കൂടി അനുവാതം കിട്ടിയതിന് ശേഷമായിരിക്കും തിരച്ചിൽ അവസാനിപ്പിക്കുന്നതിനുള്ള അന്തിമ തീരുമാനമെടുക്കുക. ഇനി കണ്ടെത്താനുള്ളത് ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ്. അവർക്ക് ആചാര പ്രകാരമുള്ള ചടങ്ങുകൾ നടത്തണമെങ്കിൽ മൃതദേഹം ലഭിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് കഴിഞ്ഞ അഞ്ച് ദിവസമായും ഒരു മൃതദേഹവും കിട്ടാതിരുന്നിട്ടും തിരച്ചിൽ തുടർന്നത്. ഇന്ന് നടക്കുന്ന യോഗത്തിൽ ഇക്കാര്യം ബന്ധുക്കളുമായി സംസാരിച്ച് ബോധ്യപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP