Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെ വച്ചിട്ടില്ല; എസ്ഡിപിഐയും ആർഎസ്എസും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ; എസ്ഡിപിഐയെ തുറന്നെതിർക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് അധ:പതിച്ചുവെന്നും കോടിയേരി; എസ്ഡിപിഐ ആക്രമണങ്ങൾ ആവർത്തിക്കുന്നത് പൊലീസിന്റെ വീഴ്ച മൂലമെന്ന് കോൺഗ്രസ്

അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെ വച്ചിട്ടില്ല; എസ്ഡിപിഐയും ആർഎസ്എസും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ; എസ്ഡിപിഐയെ തുറന്നെതിർക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് അധ:പതിച്ചുവെന്നും കോടിയേരി; എസ്ഡിപിഐ ആക്രമണങ്ങൾ ആവർത്തിക്കുന്നത് പൊലീസിന്റെ വീഴ്ച മൂലമെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: മഹാരാജാസിൽ അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെ വച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധാർഹമാണെന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൗഷാദിന്റെ കൊലപാതകം അപലപനീയമാണ്. കൊലനടത്തിയത് എസ്ഡിപിഐക്കാരാണ് എന്ന റിപ്പോർട്ടാണുള്ളത്. എസ്ഡിപിഐ കേരളത്തിൽ തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടത്തുകയാണ്. എസ്ഡിപിഐയും ആർഎസ്എസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഈ രണ്ടു വർഗീയ ശക്തികളും കൂടി കേരളത്തെ ഒരു കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. കൊലപാതക സംഘത്തെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി കോടിയേരി പറഞ്ഞു.

എസ്ഡിപിഐയെ തുറന്ന് എതിർക്കാൻപോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറി. അവരുടെ രാഷ്ട്രീയ അധപതനത്തിന്റെ ഏറ്റവും വലിയ തെളിവാണിത്. കോൺഗ്രസിൽ എസ്ഡിപിഐ അനുകൂലിക്കുന്നവരും ആർഎസ്എസിനെ അനുകൂലിക്കുന്നവരും ഉണ്ട്. അതുകൊണ്ടാണ് ചാവക്കാട് സ്വന്തം പ്രവർത്തകനായ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഡിപിഐയുടെ പങ്ക് ചൂണ്ടിക്കാട്ടാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയാത്തത്. സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിച്ച അനിൽ അക്കരെ എംഎൽഎയും ആ കൂട്ടത്തിൽപ്പെട്ട ഒരാളാണെന്ന് കോടിയേരി പറഞ്ഞു.

അതേസമയം, ചാവക്കാട് കൊലപാതകം എസ്.ഡി.പി.ഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ പറഞ്ഞു. സംസ്ഥാന സർക്കാരിന് എസ്.ഡി.പിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ വീഴ്ചയാണ് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ കൊലപാതകം ആവർത്തിക്കാൻ കാരണം. എസ്.ഡി.പി.ഐയെ നിയമപരമായി നേരിടണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു.എസ്.ഡി.പി.ഐ. കേരളത്തിലെ സമാധനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. എസ്.ഡി.പി.ഐ.യുടെ ഇത്തരം നീക്കങ്ങൾ കേരളത്തിലെ ജനങ്ങൾ ഒന്നിച്ച് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അക്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.കേരള രാഷ്ട്രീയത്തിൽ പുതിയ അക്രമികൾ ഉയർന്ന് വരികയാണെന്നാണ് കെ സുധാകരൻ എംപി പറഞ്ഞു. എസ്.ഡി.പി.ഐ യുടെ ഭീകരതയെ ചെറുക്കാൻ ഭരണകൂടം നടപടി സ്വീകരിക്കണം. കൊലപാതകികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. നൗഷാദിന്റെ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന് കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. പൊലീസിന് ജാഗ്രതക്കുറവുണ്ടായോ എന്നകാര്യം പരിശോധിക്കണം. കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്നലെയാണ് തൃശ്ശൂർ ചാവക്കാട് പുന്നയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. ഇവരിലൊരാൾ ഇന്ന് മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. ബിജേഷ്, നിഷാദ് സുരേഷ് എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP